ടി. എന്‍. ജോയ് നജ്മല്‍ ആവുമ്പോള്‍

ടി. എന്‍. ജോയ്, നജ്മല്‍ എന്‍ ബാബു എന്ന് പേര് മാറ്റി ഇസ്ലാം മതം സ്വീകരിച്ചു എന്ന വിവരം സുഹൃത്തുക്കള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു കണ്ടപ്പോള്‍ ആദ്യം ചെയ്തത് മറ്റാരെയും പോലെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ വാളില്‍ പോയി നോക്കുകയായിരുന്നു. ജോയിയുടെ തന്നെയും, വാര്‍ത്ത അറിയിച്ചു ജോയിയെ ടാഗ് ചെയ്തുള്ള മറ്റുള്ളവരുടേയും പോസ്റ്റുകളിലൂടെ കടന്നുപോയപ്പോള്‍ “രാജ്യദ്രോഹം” ചെയ്തയാളുടെ പ്രൊഫൈലിലൂടെ കടന്നുപോവുന്ന പ്രതീതിയായിരുന്നു. ചുരുക്കം ചിലര്‍ ‘പൊളിറ്റിക്കല്‍ ആണോ’, ‘എന്താ കാര്യം’ എന്നൊക്കെ ചോദിക്കുന്നതൊതൊഴിച്ചാല്‍ മിക്കവാറും കമന്റുകള്‍ അധിക്ഷേപങ്ങളും അവഹേളനങ്ങളും നിറഞ്ഞതായിരുന്നു. പ്രമുഖരായ ഇടതു മാധ്യമപ്രവര്‍ത്തകര്‍ പോലും ‘സുന്നത്ത് കല്യാണം എപ്പോഴാണ്’, ‘ജമാഅത്തിലേക്കാണോ, മുജാഹിദിലേക്കാണോ…’ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്! ജോയിയുടെ വാര്‍ത്താസമ്മേളനവും കൂടെ കേട്ട ശേഷമാണ്  പ്രതികരണം എന്ന നിലയില്‍ ഒരു ഫേസ്‌‌ബുക്ക്‌ സ്റ്റാറ്റസ് പോസ്റ്റ്‌ ചെയ്തത്. (link to post)

വാസ്തവത്തില്‍ ജോയിയെ എതിര്‍ത്ത മിക്കവരുടെയും പ്രതികരണങ്ങളെ വിമര്‍ശനങ്ങള്‍ എന്ന് വിളിക്കാന്‍ പോലും സാധിക്കില്ല. ജോയി ചേരുന്ന ഇസ്ലാം എന്ന മതത്തെ പരമാവധി വഷളായ ഭാഷയില്‍ വിശേഷിപ്പിച്ചുകൊണ്ടാണ് ഒട്ടുമിക്ക അധിക്ഷേപങ്ങളും. ഇത്രയും വൃത്തികെട്ട, പ്രാകൃതമായ മതത്തിലേക്കാണല്ലോ പോവുന്നത് എന്നും, ഇനി കണ്ടുപോവരുത് ഈ മുഖമെന്നും, ആട്ടും തുപ്പും ഒക്കെ എഴുതിത്തന്നെ പ്രകടിപ്പിക്കുമ്പോഴും, സുന്നത്ത് കല്യാണം (ചേലാകര്‍മ്മം) പോലുള്ള ഇസ്ലാമിക കര്‍മ്മങ്ങളെ ജോയിയെ അവഹേളിക്കാന്‍ ഉപയോഗിക്കുമ്പോഴും, എത്രമാത്രം വംശീയവിരോധം മുസ്ലീങ്ങള്‍ നേരിടുന്നുണ്ട് എന്നത് കൂടുതല്‍ പ്രകടമാവുകയായിരുന്നു. ഒരു ഇടതുപക്ഷ സഹയാത്രികന്‍ എന്ന നിലയില്‍ നിന്ന് ജോയ് പലര്‍ക്കും പെട്ടെന്ന് അനഭിമതനാവുന്നത്, ഭ്രഷ്ടനാവുന്നത് അത്ഭുതമൊന്നും ഉണ്ടാക്കിയില്ല. മറിച്ചു പ്രതികരണങ്ങള്‍ തന്നെ എന്ത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്തതെന്ന് ബോധ്യപ്പെടുത്തുന്ന കുറിക്കുകൊള്ളുന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ശക്തിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്.

thalayiതലശ്ശേരിക്കും മാഹിക്കുമിടയില്‍ യാത്രചെയ്തവരാരും തലായിക്കടപ്പുറം ശ്രദ്ധിക്കാതിരിക്കില്ല. അറിയാതെ തന്നെ കടലിന്റെ വിശാലതയിലേക്ക്‌ ഒന്ന് നോക്കിപ്പോവും. അപ്പോള്‍ റോഡിനും കടപ്പുറത്തിനും ഇടയിലെ കരിങ്കല്‍ കൊണ്ടുള്ള ഭിത്തിയില്‍ വെള്ളപെയിന്റടിച്ചു കറുത്ത വലിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നത് വ്യക്തമായി വായിക്കാന്‍ പറ്റും – “ഹിന്ദുക്കള്‍ നാം ഒന്നാണ്”. ഇരുവശത്തും ചില ത്രിശൂല ചിഹ്നങ്ങളും. എതിര്‍വശം ഒരമ്പലവും വിളക്കുകളും ഭക്തിഗാനങ്ങളും കൊണ്ട് ഭക്തിമുഖരിതമാക്കിയ ഒരന്തരീക്ഷവും. വര്‍ഷാവര്‍ഷം പെയിന്റടിച്ചു പുതുക്കുന്ന കരിങ്കല്ലിലെ ഈ എഴുത്തു ഞാന്‍ എന്റെ ഓര്‍മ്മവെച്ച നാള്‍ മുതല്‍ കാണുന്നതാണ്. സ്കൂളില്‍ കൂട്ടുകാര്‍ ചിലര്‍ ‘ശാഖ’യില്‍ പോയിത്തുടങ്ങി എന്ന് പറഞ്ഞു കേള്‍ക്കുമ്പോഴും, ഹൈസ്കൂള്‍ എത്തുമ്പോഴേക്കും അമ്പലപരിസരങ്ങളിലെ അരമതിലുകളില്‍ കാവിമുണ്ടും നെറ്റിയില്‍ കുറിയും കയ്യില്‍ സ്റ്റീല്‍വളയും അണിഞ്ഞവര്‍ ഇരിക്കുന്നത് കണ്ടുതുടങ്ങിയപ്പോഴും എന്റെ മതേതര മനസ്സില്‍ ഒരസ്വസ്ഥതയ്ക്കപ്പുറം ഒരപകടം തോന്നിയിരുന്നില്ല. പിന്നെ പീഠികച്ചുമരുകളിലും മതിലുകളിലും വിവേകാന്ദന്റെയും ദേവിമാരുടെയും ഒക്കെ വലിയ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ‘ബാബരി മസ്ജിദ് പൊളിക്കും’ എന്ന ചുവരെഴുത്തുകള്‍ കണ്ടുതുടങ്ങുന്ന കാലത്താണ് ജീവിക്കാനായി ഗള്‍ഫിലേക്ക് പോരുന്നത്. പിന്നെ തിരികെ വരുന്നത് രണ്ടും മൂന്നും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ആയതുകൊണ്ടാവാം നാട്ടിലെ മാറ്റങ്ങള്‍ ആഘാതങ്ങള്‍ പോലെയാണ് മനസ്സില്‍ പതിക്കാന്‍ തുടങ്ങിയത്. തിറ നടക്കുന്ന അമ്പലത്തിലേക്കുള്ള എഴുന്നള്ളത്ത്‌, വഴിയിലെ നാട്ടിലെ പ്രധാന പള്ളിയുടെ മുന്നിലെത്തുമ്പോള്‍ ചെണ്ടമേളം നിര്‍ത്തി നിശബ്ദമായി പോയിരുന്ന പതിവ് നിര്‍ത്തിയെന്ന് പഴയ ഓര്‍മ്മയില്‍ ഒരവധിക്കാലത്ത് എഴുന്നള്ളത്തിന്റെ കൂടെ നടന്നപ്പോള്‍ തിരിച്ചറിഞ്ഞതായിരുന്നു ആദ്യത്തെ ആഘാതം. ഓണത്തിനും വിഷുവിനുമൊക്കെ ബീഫും മട്ടനും അറത്ത് വില്‍ക്കുന്ന എല്ലാ വര്‍ഷവും താല്‍ക്കാലികമായി ഉണ്ടാക്കുന്ന ചന്ത ചിലരുടെ എതിര്‍പ്പ് കാരണം ഇല്ലാതായി എന്നതായിരുന്നു പിന്നീടൊരിക്കല്‍ ലീവില്‍ വന്നപ്പോള്‍ കേട്ട വിശേഷം. പിന്നെ അമ്പലങ്ങളുടെ മഹാത്മ്യങ്ങളും അവിടങ്ങളിലേക്കുള്ള തീര്‍ത്ഥാടന പാക്കേജുകളുമായി കൂറ്റന്‍ ഫ്ലെക്സുകള്‍ കൂടിക്കൂടി വരുന്നത് കണ്ടു.

സഹോദന്‍ അയ്യപ്പന്‍റെ പ്രസ്ഥാനത്തില്‍ അംഗമായിരുന്ന തന്റെ അച്ഛന്‍ തനിക്കു ജോയ് എന്നും അമ്മാവന്റെ മകള്‍ക്ക് ആയിശ എന്നും പേരിടുമ്പോള്‍ ഒരു കോലാഹലവും ഉണ്ടായിരുന്നില്ലെന്നും അതിന്റെ കാരണമെന്നു കരുതുന്ന കാര്യങ്ങളും ജോയ് വാര്‍ത്താസമ്മേളനത്തില്‍ പറയുമ്പോള്‍ ഹൈന്ദവഭീകരത രാജ്യത്ത് പിടിമുറുക്കുമ്പോഴും ബിജെപിക്ക് ഇനിയും സീറ്റൊന്നും കിട്ടിയിട്ടില്ലല്ലോ എന്നാശ്വസിച്ചിരുന്നവരുടെ കേരളത്തിലെ എന്റെ ചെറിയ ഗ്രാമത്തിലെ മാറ്റങ്ങളിലൂടെയാണ് എന്റെ മനസ്സ് കടന്നുപോയത്.

മോഡിയുടെ ഉജ്ജ്വലമായ വിജയം സംഘപരിവാറിനും മറ്റു ഹിന്ദുത്വ സംഘടനകള്‍ക്കും നല്‍കിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല. ഏറെക്കാലമായി മുളപ്പിച്ചുകൊണ്ടിരുന്ന വര്‍ഗീയ, വംശീയ രാഷ്ട്രീയ പദ്ധതികള്‍ ഓരോന്നായി പുറത്തെടുക്കുന്നത് കഴിഞ്ഞ ആഴ്ചകളിലും മാസങ്ങളിലും കണ്ടുവരുന്നതാണ്. ആ വിജയം തന്നെയും, ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ എന്തുചെയ്താലും ആരും ചോദിക്കാന്‍ വരില്ലെന്ന ധാര്‍ഷ്ട്യത്തിന്റെ വിജയമായിരുന്നല്ലോ. മുസ്ലീങ്ങള്‍ക്ക് വന്ധ്യംകരണം നടത്തണമെന്നും വോട്ടവകാശം നിഷേധിക്കണമെന്നും ഒക്കെ സംഘപരിവാര്‍ നേതാക്കള്‍ ഒരു പ്രയാസവുമില്ലാതെ വിളിച്ചു പറയുന്നത് ആക്രാന്തത്തിന്റെയല്ല, ആത്മവിശ്വാസത്തിന്റെ ശബ്ദത്തിലാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. കേരളത്തില്‍ സംഘപരിവാറിനെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തി എന്നവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ കയ്യൂക്കുകൊണ്ടുള്ള പ്രതിരോധം അതിന്റെ വളര്‍ച്ചയ്ക്കാണ് ഉപകരിച്ചതെന്നു കണ്ണൂര്‍ രാഷ്ട്രീയം സാക്ഷ്യം നില്‍ക്കും. കൂടെ ഭൂരിപക്ഷ മതമൌലീകതയോട് എടുക്കുന്ന സമീപനങ്ങളും. അതിനുവേണ്ടി, മലപ്പുറത്തെ കുട്ടികള്‍ അനര്‍ഹവിജയമാണ് നേടുന്നത് എന്നും  20 വര്‍ഷം കൊണ്ട് ‘ഇസ്ലാമിക രാജ്യം’ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നതുംപോലുള്ള, സംഘപരിവാറിനെ വെല്ലുന്ന കഥകള്‍ പറയുവാനും മടി കാണിച്ചിട്ടില്ലല്ലോ. മദനിയുടെ കഥ വീണ്ടും പറയേണ്ടല്ലോ.

joy1ബാബരി മസ്ജിദ് പൊളിച്ചതിനെതിരെയുള്ള തന്റെ പ്രതിഷേധങ്ങള്‍ ഹിന്ദുസമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് വിശേഷിപ്പിക്കപ്പെട്ടത് എന്നും, അതിനോടുള്ള പ്രതിഷേധം കൂടെയാണ് തന്റെ മതംമാറ്റം എന്നും ജോയ് പറഞ്ഞത് ഇനിയും തുറക്കാത്ത കണ്ണുകളെ തുറപ്പിക്കുമോ എന്നറിയില്ല. മതേതരം എന്നാല്‍ ഹൈന്ദവമാണ്, പൈതൃകമാണ് എന്നംഗീകരിക്കപ്പെട്ട, അതിന്റെ ചിഹ്നങ്ങളെ, ആചാരങ്ങളെ സംരക്ഷിക്കുന്ന പൊതുബോധവും, ഭൂരിപക്ഷം ഹിന്ദുക്കളും വര്‍ഗീയതയില്ലാത്തവരും മതസൗഹാര്‍ദ്ദം കാംക്ഷിക്കുന്നവരും ആയതുകൊണ്ട് സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാവില്ലെന്നുള്ള മൌഢ്യവും കൂടെ ഘടകങ്ങള്‍ ആവുമ്പോള്‍ വളരെ സൂക്ഷമായ രീതിയില്‍, എന്നാല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ, അംഗീകാരത്തോടെ, വളരാന്‍ സംഘപരിവാറിനു എല്ലാ സാധ്യതയും ഉള്ള മണ്ണാണ് കേരളം. വളരുന്നുമുണ്ട്. പ്രതിരോധത്തിനും മതമൌലീകതയ്ക്കും ഇടയില്‍ ചുറ്റിത്തിരിയുന്ന ദുര്‍ബ്ബലമായ മുസ്ലീം സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രതിരോധത്തില്‍ ഒരു പ്രതീക്ഷയേ അല്ലാതാവുന്നു.

തന്റേതു ഒരു രാഷ്ട്രീയ തീരുമാനമാണ് എന്ന് പറഞ്ഞിട്ടും ജോയിയുടെ ദൈവവിശ്വാസത്തെപ്പറ്റി, മുസ്ലീങ്ങളിലെ വിവിധവിഭാഗങ്ങളെപ്പറ്റി, ഇസ്ലാമിനെക്കുറിച്ചുള്ള അറിവിനെപ്പറ്റിയൊക്കെ മാധ്യമങ്ങളും എതിര്‍ക്കുന്നവരും ചോദിക്കുന്ന ചോദ്യങ്ങളില്‍ തന്നെ ഇസ്ലാമിനെക്കുറിച്ചും മുസ്ലീം സമൂഹത്തിനെക്കുറിച്ചും ഉള്ള ധാരണകളും ഒരു രാഷ്ട്രീയസ്വത്വമായി അംഗീകാരിക്കാനുള്ള വിമുഖതയുണ്ട്. പിന്നെയുള്ള ചോദ്യങ്ങള്‍ ജോയ് മുസ്ലീമായാല്‍ ഹൈന്ദവ ഫാസിസം ഇല്ലാതാവുമോ? മതം മാറിക്കൊണ്ട് മാത്രമേ ഹൈന്ദവ ഫാസിസത്തെ എതിര്‍ക്കാന്‍ സാധിക്കുകയുള്ളോ? എന്നിങ്ങനെയാണ്.  മുസ്ലീങ്ങളെ രാഷ്ട്രീയമായി, സാമൂഹികമായി, സാംസ്കാരികമായി അംഗീകരിക്കുന്ന നിലപാടിന് മാത്രമേ സംഘപരിവാറിനോടും ഹൈന്ദവഭീകരതയോടും ഫലവത്തായ പ്രതിരോധം സൃഷ്ടിക്കാനാവൂ. ഞാന്‍ സക്കറിയയാണ്, ഞാന്‍ മദനിയാണ് എന്ന് പ്ലക്കാര്‍ഡ്‌ പോലും പിടിക്കാന്‍ തയ്യാറില്ലാത്ത ഒരു സമൂഹത്തിനുള്ള അടിയാണ് പ്ലക്കാര്‍ഡിനും അപ്പുറം ഞാന്‍ അവരിലൊരാളാണ്, മുസ്ലീം തന്നെയാണ് എന്ന് പ്രഖ്യാപിക്കുന്ന ജോയിയുടെ മതംമാറ്റം. ഒരര്‍ത്ഥത്തില്‍ ജോയ്, ജോയിയെ തന്നെ കണ്ടെത്തുകയാണ്. എല്ലാവരും മതം മാറി മുസ്ലീങ്ങള്‍ ആവാനല്ല, മുസ്ലീം എന്നെപ്പോലെത്തന്നെയാണ് എന്ന ബോധ്യത്തില്‍ എത്തണം എന്നതാണ് അതിന്റെ സന്ദേശം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

3 thoughts on “ടി. എന്‍. ജോയ് നജ്മല്‍ ആവുമ്പോള്‍

 1. Madhusoodanan, 16 April 6:56 pm

  Will there be any change, simply because a person having lenience to left ideology converted to a religion of which its prophet claims to be the last. In other words, no other historical personalities who have a say on the changing phase of history will not be accepted. Each religion claims be the last word. Take for example, Mahabharatha. It boasts that there may be many things stated elsewhere which are stated in it, but nothing will be any where which are not stated herein. The knowledge of 2 thousand ago cannot boast of package containing answers for all coming generations. The moment you question such last word theory, you will be ousted from that religion; or even eliminated as if for blasphemy. When Madahvikutty became Surrayya, could she represent a progressive phase. She was leading a religious life. T.N. Joy if woks in the line of M.N. Karasserry or Bangladesh Writer Taslima or Nobel winner Malala and such other irreligious persons within the religion, there may be qualitative change to a certain extend. Of course, conversion is a personal right and need not tarnish such persons. Such intolerance is unwelcome.

 2. ടി.എന്‍.ജോയിയുടെ ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനത്തിന്‍റെ പാശ്ചാത്തലത്തില്‍ ചില സംശയങ്ങള്‍?
  ജോയി തന്‍റെ നജ്മല്‍.എന്‍.ബാബു വാകുന്ന പരിവര്‍ത്തനത്തെ ഹിന്ദുത്വ ഫസ്സിസത്തിന്റെ തേരോട്ടത്തില്‍, ഭൂരിപക്ഷ ഹിന്ദുത്വ ബോധത്തിനെതിരായ ഒരു രാഷ്ട്രീയ നിലപാടായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ പ്രവൃത്തിയെ വ്യക്തിസ്വാതന്ത്രത്തിന്‍റെ കാര്യമായോ, വസ്ത്രം മാറുന്നപോലെ മതത്തെ മാറാനുള്ള മനുഷ്യന്‍റെ സ്വാതന്ത്രമായോ, ജോയിയുടെ തമാശകളിലോന്നായോ ചുരുക്കികെട്ടാന്‍ കഴിയില്ല.
  ഹിന്ദുത്വഫാസ്സിസതിന്റെ കാലത്ത് ഭൂരിപക്ഷ ഹിന്ദുത്വബോധത്തിനെതിരെ മതേതരത്വത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ എന്തു നിലപാടുകളാണ് കൈകൊള്ളണ്ടത് എന്നതാണ് ജോയിയുടെ പരിവര്‍ത്തനത്തിലുടെ ഉയരുന്നുവരുന്ന കാതലായ ചോദ്യം.
  ഹിന്ദുത്വരാഷ്ട്രീയം അതിന്‍റെ അപരങ്ങളായി ഉന്നംവൈക്കുന്നത് മുസ്ലിം/ക്രിസ്ത്യന്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളെ പ്രത്യക്ഷത്തിലും ലിംഗ/ഭാഷാ/സാംസ്കാരിക/രാഷ്ട്രീയ ന്യൂനപക്ഷങ്ങളെ പരോക്ഷമായുമാണ്. അതുകൊണ്ടു ഈ വിഭാഗങ്ങളോട് നിലനില്‍ക്കുന്ന ചെറിയ ചെറിയ വിയോജിപ്പുകള്‍ നിലനിര്‍ത്തികൊണ്ട്‌ തന്നെ ഐക്യപെടുകയും പിന്തുണക്കുകയും ഒരുമിച്ചുപ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് മതേതരര്‍ എന്നു സ്വയംവിശേഷിപ്പിക്കുന്നവരുടെ കടമയാണ്.
  a)ഇത്തരത്തില്‍ ഐക്യപെടുക എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് അവരിലൊരാളായി മാറുക, അതായത് ജോയി ചെയ്തപോലെ ആ സ്വത്വത്തിന്‍റെ ഭാഗമായിമാറുക ഏന്നതാണോ? അങ്ങനെ മാത്രമാണോ ഐക്യപെടാന്‍ കഴിയുക?
  b)സ്വന്തം ഇച്ചപ്രകാരമല്ലാതെ, അബദ്ദത്തില്‍, മാതാപിതാക്കളുടെ മത/ജാതികള്‍ അടിച്ചേല്‍പ്പിക്കപെടുന്ന എന്നാല്‍ അതില്‍നിന്നും ഏതുവിധേനയും കുതറിമാറാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക്‌ മറ്റൊരുമതത്തെ പുല്‍കിമാത്രമേ പഴയതില്‍ നിന്നും രക്ഷയുള്ളൂ എന്നുണ്ടോ? അല്ലാതുള്ള സ്വാതന്ത്രം സാധ്യമല്ലേ?
  c)മതങ്ങളില്‍ കാല്പനികതക്ക് സ്ഥാനമില്ല, മറിച്ച് അത് സമ്പൂര്‍ണ്ണവിധേയത്വമാണ് വ്യക്തിയില്‍നിന്നും ആവശ്യപെടുന്നത് എന്ന ആധുനികതയുടെ ചിന്ത പരാജയപെട്ടോ?
  d)അപരങ്ങളുമായി ഐക്യപെടുന്നവ്യക്തി അപരങ്ങളിലെ തീവ്ര വര്‍ഗീയ ഗ്രൂപ്പ്‌കളോട് എന്തുനിലപാട് സ്വീകരിക്കണം? അത്തരം തീവ്ര വര്‍ഗീയ നിലപാടുകളുള്ള ഗ്രൂപ്പ്‌കളെ എങ്ങനെയാണ് നിര്‍വചിക്കാന്‍/വേര്‍തിരിക്കാന്‍ കഴിയുക?
  e)ജോയിയെ പോലെ “അചുംബിതമായ ധിഷണ” യുടെ ഉടമയായ ഒരാള്‍ക്ക്‌ നിലവിലുള്ള ഭൂരിപക്ഷ പൊതുബോധത്തെ നിരാകരിക്കാനും നിലനില്‍ക്കാനും കഴിയാതിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളതെങ്കില്‍ ജോയിചെയ്ത പരിവര്‍ത്തനത്തെ രാഷ്ട്രീയമായി ന്യായികരിക്കുന്ന, മതേതരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാള്‍ എങ്ങനെയാണ് പരിവര്‍ത്തിക്കാതെ ഇനിമുതല്‍ ഇവിടെ ജീവിച്ചുപോകുക?
  ജനാതിപത്യപരമായ ചര്‍ച്ചകള്‍ക്കായി ഇനിയും ചോദ്യങ്ങള്‍

 3. K M Venugopalan, 18 April 7:40 pm

  മതേതര രാഷ്ട്രീയം ‘ആയി സാധാരണ വ്യവഹാരങ്ങളില്‍ മനസ്സിലാക്കപ്പെടുന്ന ചില സങ്കല്പ്പങ്ങളേക്കുറിച്ചും
  ഗൗരവമായ ചില ചോദ്യങ്ങള്‍ ഹാഷിം പുര ഉയര്ത്തുന്നുണ്ട് . 1987 -ല്‍ രാജീവ് ഗാന്ധി യുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് ആയിരുന്നു കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നത് .പൂട്ടിയിട്ടിരുന്ന ബാബരി മസ്ജിദ് രാമജന്മഭൂമി എന്ന നിലയില്‍ ഹിന്ദുക്കളുടെ ആരാധനയ്ക്കുള്ള അവകാശവാദം മാനിക്കുന്ന ഒരു കോടതിവിധിയെ ത്തുടര്‍ന്ന് തുറന്നു കൊടുത്തതോടെ യു പി യില്‍ ഗുരുതരമായ സാമുദായിക അസ്വാസ്ഥ്യങ്ങള്‍ ഉടലെടുക്കുകയും, മീററ്റ് , മലിയാന, ഹാഷിം പുര തുടങ്ങിയ പ്രദേശങ്ങളില്‍ മുസ്ലിങ്ങള്‍ ക്കെതിരെ നടന്ന സംഘടിതമായ ഹിംസയില്‍ യു പി യിലെ ലോക്കല്‍ പോലീസ് , പി എ സി, സൈന്യം എന്നിവയിലെ അംഗങ്ങള്‍ കേവലം കാഴ്ചക്കാരായി നോക്കി നില്ക്കുകയോ അല്ലെങ്കില്‍ നേരിട്ട് പങ്കാളികളാവുകയോ ചെയ്ത അനുഭവങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. ഈ സമയത്തെല്ലാം കേന്ദ്രത്തിലെന്നപോലെ സംസ്ഥാനത്തും കോണ്ഗ്രസ് ആയിരുന്നു അധികാരത്തില്‍ ഇരുന്നത് . രാഷ്ട്രീയ സംവിധാനത്തിന്റെയും പോലീസിന്റെയും തലപ്പത്ത് ഉണ്ടായിരുന്നവരുടെ അറിവോ, മൌനാനുമതിയോ ഇല്ലാതെ പി എ സിയിലെ ഏതാനും പോലീസുകാര്ക്ക് 42 മുസ്ലിങ്ങളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ എങ്ങിനെ ധൈര്യം ലഭിച്ചുവെന്ന ചോദ്യം പ്രസക്തമാണ്. ‘ഒന്നും പേടിക്കാനില്ലെന്ന’ ഉറപ്പ് ഏതെല്ലാമോ വഴിക്ക് ആരില്നിന്നോ ഈ പോലീസുകാര്ക്ക് ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേസ് പരമാവധി ദുര്ബ്ബല പ്പെടുത്താന്‍ കോണ്ഗ്രസ് സര്ക്കാരിന്റെ കാലഘട്ടമായ 1987 തൊട്ട്നടന്ന ശ്രമങ്ങള്‍ സൂചിപ്പിക്കുന്നത് .
  എന്നാല്‍ , ഇങ്ങിനെയൊരു പതനത്തിനുള്ള ഉത്തരവാദിത്ത്വത്തില്‍ നിന്ന് പിന്നീട് വന്ന യു പി സര്ക്കാരുകള്‍ ക്കും പൂർണ്ണ മായും ഒഴിഞ്ഞു മാറാന്‍ കഴിയില്ല .കാലാകാലങ്ങളായി നീതിയെ കുഴിച്ചു മൂടുന്ന പണിയില്‍ സമാജ് വാദി പാര്ട്ടി , ബഹുജന്‍ സമാജ് പാര്‍ട്ടി, ഭാരതീയ ജനതാ പാര്‍ട്ടി ഇവരെല്ലാം ഒരു പോലെ പങ്കെടുത്തു.
  കോണ്ഗ്രസ് ,SP, BSP എന്നീ പാര്‍ ട്ടികള്‍ എടുത്തണിയുന്ന ‘മതേതരത്വ’മുഖംമൂടികള്‍ എത്ര മാത്രം കാപട്യം ഒളിപ്പിക്കുന്നുവെന്നു ഇത് തെളിയിക്കുന്നു .(ബീഹാറില്‍ ആണെങ്കില്‍, രണ്‍വീര്‍സേന നടത്തിയ ദളിത്‌ കൂട്ടക്കൊലകളിലും തുടര്ന്നുണ്ടായ നീതിനിഷേധത്തിലും RJD യും JDU വും ഒരു പോലെ പങ്കാളിത്തം വഹിച്ചിരുന്നുവെന്നും ഓര്ക്കുക )
  http://cpimlmalayalam.blogspot.com/2015/04/1987.html?spref=fb

Leave a Reply