സര്‍ജിക്കല്‍ സ്‌ട്രൈക്ക്: ദേശീയതയിലെ മിഥ്യാഭിമാനങ്ങള്‍

sstrike2“സര്‍ജിക്കല്‍ സ്‌ട്രൈക്ക് ” എന്നൊരു കിടിലന്‍ ജാര്‍ഗനും ഒരു വിശദാംശങ്ങളും (ആവശ്യം) ഇല്ലാത്ത ഡിജിഎംഓയുടെ പത്രസമ്മേളനവും കൊണ്ട്‌ ഒരാഴ്ച രാജ്യത്തെയാകെ പരിഹാസ്യമായ ‘അഭിമാന’ത്തില്‍ ആറാടിക്കുവാന്‍ സാധിച്ചു. എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങളും വിമര്‍ശനങ്ങളും മാറ്റിവച്ചു മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അടക്കം മിക്കവാറും എല്ലാ പാര്‍ട്ടികളും ഈ അഭിമാനത്തിന്റേയും മോഡീസ്തുതിയുടേയും പങ്കിനുവേണ്ടി മത്സരിച്ചു. പൊലിപ്പിക്കാനുള്ള ഏറ്റവും വലിയ അവസരം മുതലെടുത്ത്‌ ഫയലിലുള്ള സകല മിലിട്ടറി ക്ലിപ്പുകളും വച്ച് മാധ്യമങ്ങളും ആഘോഷിച്ചു. “പാക്കിസ്ഥാന്‍ പാഠം പഠിച്ചോ” “പഠിക്കുമോ” എന്നൊക്കെ മാത്രമാണ് എല്ലാ ചാനലുകളും ചര്‍ച്ചചെയ്തത്. ഒരു ചോദ്യം ചെയ്യലും ഇല്ലാതെ ഇങ്ങനെ നിരന്തരം പറ്റിക്കപ്പെടാന്‍ നിന്നുകൊടുക്കുന്ന ജനതയും നേതൃത്വങ്ങളും വേറെ കാണില്ല. ദേശഭക്തി തെളിയിക്കുക എന്നത് ബാധ്യതയായിട്ടുള്ള മുസ്ലീങ്ങളേക്കാള്‍ പരിതാപകരമാണ് പൊതുസമൂഹത്തിന്റേയും രാഷ്ട്രീയകക്ഷികളുടേയും അവസ്ഥ. ആ അവസ്ഥപോലും അഭിമാനമാകുന്നു എന്നിടത്ത് ഭരണകൂട തന്ത്രം കൃത്യമായി വിജയിക്കുന്നുണ്ട്.

ഇത്തവണയും ഇന്ത്യന്‍ മാധ്യമങ്ങള്‍ തങ്ങളുടെ ഭരണകൂടം കാണിക്കുന്ന ഗോപ്യതയേയും ഭരണകൂടം തന്നെ തന്ത്രപൂര്‍വ്വം ലീക്ക് ചെയ്തു കൊടുക്കുന്ന കെട്ടുകഥകളേയും അംഗീകരിച്ചും ഉപയോഗിച്ചുമാണ് അര്‍ത്ഥശൂന്യമായ ചര്‍ച്ചകള്‍ നടത്തിയത്. ഇനിയൊരുനാള്‍ ഇതൊക്കെ കെട്ടുകഥകള്‍ ആണെന്ന് ഭരണകൂടം തന്നെ പറഞ്ഞാലും ആ തന്ത്രത്തില്‍ സിവില്‍ സമൂഹവും മാധ്യമങ്ങളും അഭിമാനിക്കുകയേയുള്ളൂ. പാക്കിസ്ഥാനും ആന്തരീകമായി ഈ കാര്യത്തില്‍ വ്യത്യസ്തമൊന്നുമല്ല. പക്ഷേ ഇത്തവണ, പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ കണ്ണുമടച്ച് അംഗീകരിക്കാന്‍ ബാധ്യതയില്ലാത്ത അന്താരാഷ്ട്രമാധ്യമങ്ങള്‍ക്ക് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നെന്നു പറഞ്ഞ സ്ഥലങ്ങള്‍ സ്വതന്ത്രമായി അന്വേഷണം നടത്താന്‍ തുറന്നു കൊടുത്ത് ഇന്ത്യന്‍ അവകാശവാദത്തെ കൃത്യമായി ചോദ്യംചെയ്യാന്‍ പാക്കിസ്ഥാന് സാധിച്ചു. സ്വന്തം മാധ്യമങ്ങളോടുള്ള സമീപനം എന്തുതന്നെയായാലും ഇന്ത്യന്‍ മാധ്യമ അവകാശവാദങ്ങളേയും ധാര്‍മ്മികതയേയും ചോദ്യം ചെയ്യാനും ഈ പ്രവൃത്തിയിലൂടെ സാധിച്ചു!

പക്ഷെ ഇപ്പോഴും രാഷ്ട്രീയകക്ഷികളും പൊതുസമൂഹവും ഉറ്റുനോക്കുന്നതും ഭരണകൂടത്തോട് ആവശ്യപ്പെടുന്നതും സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ പുറത്തിറക്കി പാക്കിസ്ഥാന്‍ അവകാശവാദത്തെ തള്ളിക്കളയാനാണ്. ഈ പറയുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ഒരു വിശാദംശവും ഇതേവരെ പങ്കുവച്ചിട്ടില്ലാത്ത (“നിരവധി ലോഞ്ച് പാഡുകളെ ആക്രമിച്ചു”,  “കാര്യമായ നാശം വിതച്ചു” എന്നുമാത്രമാണ് ഡിജിഎംഒ ഔദ്യോഗികമായി പറഞ്ഞത്) നിലക്ക് ഏതു വീഡിയോ വന്നാലും അതിന്റെ വിശ്വാസ്യത എങ്ങനെ വെരിഫൈ ചെയ്യാനാണ്? വീണ്ടും പറ്റിക്കപ്പെടാന്‍ അങ്ങോട്ട്‌ വഴി പറഞ്ഞുകൊടുക്കുകയാണ്.

പകരം, സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഈ സമയം നടത്താന്‍ കാരണമായി ഡിജിഎംഒ പറഞ്ഞ, തീവ്രവാദികള്‍ ലോഞ്ച് പാഡുകളില്‍ എത്തിയിട്ടുണ്ടെന്ന വളരെ കൃത്യമായ ഇന്റെലിജെന്‍സ് ലഭിച്ചെന്ന അവകാശവാദത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടാനോ അന്വേഷിക്കാനോ നമുക്കാവുന്നില്ല. ജനങ്ങള്‍ക്ക് നേരെ ഉണ്ടാകുമായിരുന്ന ഒരാക്രമണത്തെക്കുറിച്ച്, അതിന്റെ സ്വഭാവത്തേയും സമയത്തേയും കുറിച്ചൊക്കെ അതിനിരയാവാന്‍ പോവുന്നവര്‍ക്കല്ലേ ആദ്യം വിവരം നല്‍കേണ്ടത്? അതവരുടെ അവകാശമല്ലേ? ഇനി അത് മുന്‍കൂട്ടി തടഞ്ഞെങ്കില്‍ പോലും എന്തായിരുന്നു സംഭവിക്കുമായിരുന്നത്‌ എന്നറിയിക്കേണ്ടേ?

സുരക്ഷയുടെ പേരില്‍ ഇഷ്ടം പോലെ എന്‍കൌണ്ടര്‍ കില്ലിങ്ങുകള്‍ നടന്നിട്ടുള്ള, ഭരണകൂട പങ്കാളിത്തത്തോടെയുള്ള ഭീകരാക്രമണങ്ങളും ബോംബ്‌ സ്ഫോടനങ്ങളും വര്‍ഗ്ഗീയ കലാപങ്ങളും നടന്നിട്ടുള്ള രാജ്യത്ത് ഇനിയും ഈ ചോദ്യങ്ങള്‍ ചോദിക്കാനാവുന്നില്ല എന്നത് തികഞ്ഞ പരാജയമാണ്. രാജ്യത്തിനുള്ളില്‍ തന്നെ ഇല്ലാത്ത തീവ്രവാദി ക്യാമ്പുകളുടെ കഥപറഞ്ഞു നിരപരാധികളെ തുറങ്കിലടക്കുകയും ആരുമറിയാതെ കൊന്നുകളയുകയും ചെയ്ത കഥകള്‍ ചര്‍ച്ചചെയ്തിട്ടും കൃത്രിമം നടന്നിരിക്കാനുള്ള സാധ്യതപോലും അന്വേഷിക്കാന്‍ സാധിക്കാത്തത്രയും ബാധ്യതയുള്ളതാണ് ഈ ദേശഭക്തി. പട്ടാളവും ഭരണകൂടവും പല കൃത്രിമത്വങ്ങളും നടത്തും പക്ഷേ അവരെ അവിശ്വസിക്കരുത് എന്ന രീതിയില്‍ വിധേയമക്കപ്പെട്ടവരുടെ ദേശഭക്തി.

അതുകൊണ്ടുതന്നെയാണ്  “പാക്കിസ്ഥാന്‍ എന്ന രാജ്യത്തെയല്ല ഞങ്ങള്‍ ആക്രമിച്ചത്, ഇന്ത്യയിലേക്ക്‌ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളെയാണ് ” എന്ന വാദത്തില്‍ ഒളിച്ചുകളിക്കാന്‍ ഭരണകൂടത്തെ അനുവദിക്കുവാനും ആ തന്ത്രത്തിന്റെ എല്ലാ നിഗൂഢതകളും സാധുവായി സ്വീകരിക്കുവാനും സാധിക്കുന്നത്. അതേസമയം ഒരു വിരോധാഭാസവും തോന്നാതെ ‘പാക്കിസ്ഥാന് തക്കതായ മറുപടി കൊടുത്തു’വെന്നും ‘ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ വീരമൃത്യുവിനു പകരംവീട്ടി’ എന്നുമൊക്കെ പറഞ്ഞു മിഥ്യാഭിമാനം സൃഷ്ടിച്ച് അതില്‍ അഭിരമിക്കാനും, അർണാബ് ഗോസ്വാമി പാക്കിസ്ഥാന്‍ ഡിപ്ലോമാറ്റുകളെ വിളിച്ചിരുത്തി അപമാനിക്കുന്നത് കണ്ട് പുളകിതരാവാനും സാധിക്കുന്നതും അതുകൊണ്ടുതന്നെയാണ്.

ദേശരാഷ്ട്ര സങ്കല്‍പ്പത്തിന്റെ നിര്‍മ്മിതിയില്‍ ജനാധിപത്യയുക്തിക്ക് പകരം ഭരണകൂടയുക്തിയില്‍ ഇങ്ങനെ കൃത്യമായി കുടുങ്ങിക്കിടക്കുന്നതുകൊണ്ടാണ് അതിനുള്ളില്‍ ‘രാജ്യസുരക്ഷ’ എന്നതിനെ ഒരു ശത്രുവിനെ സങ്കല്‍പ്പിച്ചുകൊണ്ടുമാത്രം സാധിക്കുന്നത്. രാജ്യത്തിനകത്ത് ജനാധിപത്യമൂല്യങ്ങളും അവകാശങ്ങളും ധ്വംസിക്കപ്പെടുമ്പോഴും നിഷേധിക്കപ്പെടുമ്പോഴും ഒരു വികാരവും തോന്നാതെ ഭരണകൂടഭീകരതയോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ജനതയ്ക്ക് ശത്രുവിന്റെ പതനത്തിലാണ് രാജ്യസുരക്ഷ എന്ന തോന്നലല്ലാതെ മറ്റൊന്ന് സാധ്യമല്ലല്ലോ.

ചാനല്‍ ചര്‍ച്ചകളിലെല്ലാം സംഘപരിവാര്‍ പ്രതിനിധികള്‍ ഉറപ്പുവരുത്തുന്ന ഒരുകാര്യം തീവ്രവാദത്തിന് മതമില്ല, ഇതു മുസ്ലീങ്ങള്‍ക്ക് എതിരല്ല എന്നത് ഒരാവശ്യവുമില്ലെങ്കിലും പറയുക എന്നതാണ്. അവതാരകരും കൂടെയുള്ള പാനലിസ്റ്റുകളും അതംഗീകരിക്കുകയും ചെയ്യും. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളിലും അത് കൃത്യമായി കണ്ടു. രൂക്ഷമായ വര്‍ഗ്ഗീയകലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്ത, മുസ്ലീങ്ങളെ വംശഹത്യ നടത്തിയ, നിരന്തരം മുസ്ലീങ്ങളേയും ദളിതരേയും ആക്രമിച്ചുകൊണ്ടിരിക്കുന്ന, അതിനൊക്കെ പരസ്യമായി ആഹ്വാനം ചെയ്യുന്ന സംഘപരിവാറിനെ തീവ്രവാദികള്‍ എന്ന്‍ വിളിക്കാന്‍ ഇന്നേവരെ ഇന്ത്യന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. എന്നാല്‍ നാലോ അഞ്ചോ മുസ്ലീം ചെറുപ്പക്കാര്‍ രാജ്യസുരക്ഷാ വകുപ്പുകള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്യപ്പെട്ടാല്‍ തീവ്രവാദികള്‍ എന്നല്ലാതെ മറ്റൊരു പദം ഉപയോഗിക്കാറില്ല. സംഘപരിവാര്‍ രാജ്യത്തിന്റെ അധികാരത്തില്‍ എത്തുന്നതിനു മുന്‍പും മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ ചര്‍ച്ചചെയ്യാന്‍ രാജ്യത്തിന്റെ വക്താക്കളായിത്തന്നെ സംഘപരിവാര്‍ പ്രതിനിധികളെയാണ് വിളിച്ചിരുത്താറുള്ളത്. ഈ പശ്ചാത്തലത്തില്‍ “തീവ്രവാദത്തിനു മതമില്ല” എന്ന നിരര്‍ത്ഥകമായ വാദം വിപരീതാര്‍ത്ഥം ലഭിക്കുമെന്ന് അറിഞ്ഞുകൊണ്ടുള്ള മറ്റൊരു ഒളിച്ചുകളിയാണ്.

പാക്കിസ്ഥാനെ അതിര്‍ത്തിക്കപ്പുറത്തുള്ള ശത്രുവായി നിലനിര്‍ത്തുക എന്നത് ഇന്ത്യയിലുണ്ടായിരുന്ന എല്ലാ ഭരണകൂടങ്ങളും അനുവര്‍ത്തിച്ചുപോന്നിട്ടുള്ള തന്ത്രമാണ്. മുസ്ലീങ്ങളെ രാജ്യത്തിനകത്തുള്ള ശത്രുക്കളായി നിലനിര്‍ത്തുക എന്ന സംഘപരിവാര്‍ അജണ്ടയും അതിനു സമാന്തരമായും അതിനോട് ബന്ധിപ്പിച്ചും നടന്നിട്ടുള്ളതാണ്. കാശ്മീരിലെ ജനങ്ങള്‍ക്കു നല്‍കിയ ഹിതപരിശോധനയ്ക്കുള്ള വാഗ്ദാനം ഇന്ത്യന്‍ പൊതുസമൂഹത്തിന്റെ ‘ഹിത’ത്തിനു വഴിമാറ്റിയത് ഈ സമാന്തരപ്രക്രിയകള്‍ വഴിയാണ്. ഇവ രണ്ടും കൂടുതല്‍ കാര്യക്ഷമതയോടെ ഏകോപിപ്പിക്കുവാനുള്ള സാധ്യതയാണ് സംഘപരിവാര്‍ ഭരണകൂടമാവുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങളില്‍ ഒന്ന്. ഈ അപകടത്തെ ചെറുക്കാന്‍ ഇന്ത്യന്‍ ജനാധിപത്യം പാകത നേടിയിട്ടില്ലെന്ന് സംഘപരിവാറിന്റെ എല്ലാ വിധ്വംസകതകളേയും മറന്നുകൊണ്ട് അവര്‍ക്ക് അധികാരം നല്‍കുക വഴി നമ്മള്‍ തെളിയിച്ചിട്ടുള്ളതാണ്.

‘അതിര്‍ത്തിക്കപ്പുറത്തുള്ള ശത്രു’വിന്റെപേരില്‍ വികാരം ഇളക്കിവിടുന്നതിനോടൊപ്പം ‘അതിത്തിക്കുള്ളിലെ ശത്രു’വിനെതിരേയുള്ള വികാരമിളക്കിവിടലും കൃത്യമായി നടക്കുന്നുണ്ടെന്ന ജാഗ്രത ജനാധിപത്യ വിശ്വാസികള്‍ക്ക് ഉണ്ടാവണം. അതുണ്ടാക്കാവുന്ന ദുരന്തത്തെ സങ്കല്‍പ്പിക്കാനാവണം. ഗോധ്രയിലും മുസാഫര്‍ നഗറിലുമൊക്കെ കിംവദന്തികള്‍ ഉണ്ടാക്കിയും പ്രചരിപ്പിച്ചുമാണ് വംശഹത്യകള്‍ നടത്തിയത്. അതിര്‍ത്തി, രാജ്യസുരക്ഷ തുടങ്ങിയവ സൃഷ്ടിക്കുന്ന വൈകാരിക സാഹചര്യങ്ങളില്‍ ഇതിലും വലിയ കിംവദന്തികള്‍ക്ക് സാധ്യതയുണ്ട്. അതിന്റെ ദുരന്തം ഒരു യുദ്ധം ഉണ്ടാക്കുന്നതിനേക്കാള്‍ ഭയാനകമായിരിക്കും. യുദ്ധത്തിലല്ല, ആഭ്യന്തരമായ വംശഹത്യകളിലും വര്‍ഗ്ഗീയകലാപങ്ങളിലും സ്വന്തം ജനങ്ങള്‍ക്കു നേരെ ഇന്ത്യന്‍ പട്ടാളം നടത്തിയ, ഇപ്പോഴും തുടരുന്ന ആക്രമണങ്ങളിലുമാണ് ഇന്ത്യയില്‍ പതിനായിരങ്ങള്‍ക്ക് ജീവനും വീടും ജീവിതവും നഷ്ടപ്പെട്ടിട്ടുള്ളത്‌.

ഈ വികാരമിളക്കിവിടലിന്റെ മാധ്യമപങ്കും ജനാധിപത്യ വിശ്വാസികള്‍ ചോദ്യം ചെയ്യണം. ആത്യന്തികമായി പ്രേക്ഷകനെ ‘വിറ്റ’ പണം കൊണ്ടാണ് ഓരോ മാധ്യമവും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങള്‍ക്കു കിട്ടുന്ന വാര്‍ത്തകള്‍ സുതാര്യവും വസ്തുതാപരവുമായിരിക്കണം എന്നുള്ള നിര്‍ബന്ധം പ്രേക്ഷകരുടെ, വായനക്കാരുടെ ജനാധിപത്യപരമായ അവകാശമാണ്.

എന്നാല്‍ ഭരണകൂടത്തേയും പട്ടാളമടക്കമുള്ള അതിന്റെ സംവിധാനങ്ങളേയും വിമര്‍ശിക്കുന്നവരേയും ചോദ്യം ചെയ്യുന്നവരേയും രാജ്യദ്രോഹികളാക്കി മുദ്രകുത്തുന്ന അനുഭവങ്ങളുണ്ടായിട്ടും, യുദ്ധത്തേയും പ്രതികാര നടപടികളേയും ആദര്‍ശപരമായി എതിര്‍ക്കുന്നവര്‍ വരെ ഇപ്പോഴത്തെ സംഭവങ്ങളില്‍ ഭരണകൂടവും മാധ്യമങ്ങളും കൈകോര്‍ത്ത് സൃഷ്ടിച്ചെടുത്ത മിഥ്യയില്‍ പൊതിഞ്ഞ പ്രതികാരത്തില്‍ വരെ അഭിമാനിക്കുന്നതു കാണുമ്പോള്‍ വാസ്തവത്തില്‍ ഭയമാവുന്നുണ്ട്.

One thought on “സര്‍ജിക്കല്‍ സ്‌ട്രൈക്ക്: ദേശീയതയിലെ മിഥ്യാഭിമാനങ്ങള്‍

  1. Mohammed Salim, 06 October 7:53 pm

    കൂടുതൽ വെളീച്ചം കാട്ടിയതിൽ സന്തോഷം കരീം സാഹീബ്.

Leave a Reply