തൂക്കുകയര്‍ വേദനിപ്പിക്കുന്നത്

surenderkoli1“തൂക്കിക്കൊല്ലുമ്പോള്‍ വേദനിക്കുമോ?” എന്ന് നിതാരി കൊലപാതക പരമ്പര കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുരേന്ദര്‍ കോലി ഒരു ജയില്‍ ഉദ്യോഗസ്ഥനോട് ചോദിച്ചതായ വാര്‍ത്ത ഇന്നലെ മാധ്യമങ്ങളില്‍ പടരുന്നുണ്ടായിരുന്നു. മരണം മുന്നില്‍ കാണുന്ന പ്രതികളുടെ പിറകെ കഴുകന്മാരെ പോലെ നടത്തുന്ന പത്രപ്രവര്‍ത്തനം ഓരോ തവണയും കാണാറുണ്ട്‌. മരണത്തിനു തൊട്ടുമുന്‍പത്തെ ആഗ്രഹങ്ങള്‍, പ്രാര്‍ഥനകള്‍, സംശയങ്ങള്‍, ഭക്ഷണം, ഉറക്കം എന്നിങ്ങനെ തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ ചികഞ്ഞു പിടിച്ചു പുച്ഛവും അവഹേളനവും നിറഞ്ഞ ഭാഷയില്‍ എല്ലാ തവണയും അവതരിപ്പിച്ചുകണ്ടിട്ടുണ്ട്.  കൊലപാതക സാഹിത്യത്തിലും സദാചാര റിപ്പോര്‍ട്ടിങ്ങിലും പ്രാവീണ്യം നേടിയ മലയാള മാധ്യമങ്ങളില്‍ പ്രത്യേകിച്ചും.

സുരേന്ദര്‍ കോലിയുടെ ചോദ്യവും ആ വാര്‍ത്തയും ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതില്‍ ആദ്യത്തേത് മേലെ സൂചിപ്പിച്ചതുപോലെ ഇതെന്തുകൊണ്ട് വാര്‍ത്താപ്രാധാന്യം നേടുന്നു എന്നതാണ്. ബലാല്‍ക്കാരമായി മരണം നേരിടേണ്ടി വരുന്ന ഒരാളുടെ പ്രയാസകരമായ മാനസികാവസ്ഥ ആയല്ല ഈ വാര്‍ത്ത അവതരിക്കപ്പെട്ടത്. മറിച്ചു ഒരു കൌതുക വാര്‍ത്ത പോലെയോ ആ ചോദ്യം തന്നെ ഒരു കുറ്റമാണ് എന്ന പോലെയോ ആയിരുന്നു. ചില പ്രയോഗങ്ങള്‍:
– “തൂക്കുകയര്‍ മുറുകുമ്പോള്‍ വേദനിക്കുമോയെന്ന് നിതാരി കൊലയാളി” (മീഡിയവണ്‍ തലക്കെട്ട്‌)
– “തൂക്കുകയര്‍ കഴുത്തില്‍ മുറുകുമ്പോള്‍ വേദനക്കുമോയെന്ന ചോദ്യവുമായി നിതാരിയില്‍ പിഞ്ചു കുഞ്ഞുങ്ങളെ അടക്കം പീഡിപ്പിച്ച് കൊന്നുകുഴിച്ചുമൂടിയ സുരേന്ദര്‍ കോലി ജയില്‍ അധികൃതരുടെ മുമ്പില്‍” (മീഡിയവണ്‍ വാര്‍ത്ത തുടങ്ങുന്നത്)
– “നിതാരിയില്‍ പിഞ്ചു കുഞ്ഞുങ്ങളെ അടക്കം പീഡിപ്പിച്ച് കൊന്നുകുഴിച്ചുമൂടിയ സുരേന്ദര്‍ കോലിക്ക് വധശിക്ഷയെ പേടി” (ഇന്ത്യാവിഷന്‍ വാര്‍ത്ത)
– “Surinder Koli, the self-confessed cannibal found guilty of murdering a series of young women and children at a bungalow near Delhi, has asked prison officials if hanging is ‘painful’.” (NDTV)

പേരിനു പകരം/കൂടെ “കൊലയാളി”, “നരഭോജി” എന്നീ പ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടും, ഒപ്പം “പിഞ്ചു കുഞ്ഞുങ്ങളെ അടക്കം പീഡിപ്പിച്ച് കൊന്നുകുഴിച്ചുമൂടിയ” എന്നീ വിശേഷണങ്ങള്‍ ചേര്‍ത്തും, സുരേന്ദര്‍ കോലിക്ക് ഈ സംശയത്തിനു അവകാശമില്ലെന്ന മുന്‍വിധി പ്രകടിപ്പിച്ചുകൊണ്ടാണ് ഈ ചോദ്യം റിപ്പോര്‍ട്ട്‌ ചെയ്ത മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. വാര്‍ത്തകള്‍ക്ക് താഴെ ഫേസ്‌ബുക്കിലും ചാനലുകളുടെ സൈറ്റുകളിലും വന്ന കമന്റുകള്‍ ഈ ഉദ്ദേശം കുറിക്കുകൊണ്ടു എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ്. തെറിയും അവഹേളനവും ആനന്ദമാര്‍ഗ്ഗമാക്കിയ, സദാചാരത്തിന്റെ കാവലാളുകള്‍ക്ക് താണ്ഡവമാടാന്‍ മറ്റൊരവസരം കൂടെ കൊടുത്തു മാധ്യമങ്ങളും അത് സ്വീകരിച്ച വായനക്കാരും തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ പ്രകടനപരതയില്‍ ചാരിതാര്‍ത്ഥ്യം നേടി!

സുരേന്ദര്‍ കോലിയുടെ വിഷയത്തില്‍ മാത്രമല്ല, മുന്‍പേ വധശിക്ഷയ്ക്ക് വിധേയരായവരുടേയും ജയില്‍വാസകാലത്തേയും അവസാനദിവസങ്ങളിലെയും സ്വകാര്യതകള്‍ ഇതുപോലെ വാര്‍ത്തകളായി ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ഭരണകൂടവും മാധ്യമങ്ങളും പൗരസമൂഹവും ഒരു ഹിംസയില്‍ ഒരുപോലെ ഗുണഭോക്താക്കളാകുന്നതു വധശിക്ഷയുടെ കാര്യത്തിലായിരിക്കും ഒരുപക്ഷെ ഏറ്റവും പ്രകടമാവുന്നത്.

ദയാഹര്‍ജിയും തള്ളപ്പെട്ട് ഇനി മരണം മാത്രമേ പ്രതീക്ഷിക്കാനുള്ളൂ എന്ന സാഹചര്യത്തിലാണ് സുരേന്ദര്‍ കോലി ഈ ചോദ്യം ചോദിക്കുന്നത്. മരണത്തിന്റെ വേദന സുരേന്ദര്‍ കോലിക്ക് അജ്ഞാതമാണ് എന്നത് ഈ കേസിന്റെ നാള്‍വഴി അറിയാവുന്നവര്‍ക്കെങ്കിലും ആശങ്കയുണ്ടാക്കേണ്ടതാണ്.

ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണ്‌ നിതാരി (നോയ്ഡ) കൊലപാതക പരമ്പര. യുവതികളും കുട്ടികളുമായി 16 പേര്‍ അപ്രത്യക്ഷരാവുകയും പിന്നീട് കൊലചെയ്യപ്പെട്ടതായി കണ്ടെത്തുകയും ചെയ്ത ഈ കേസിന്റെ ആദ്യഘട്ടത്തില്‍ ഒന്നും തന്നെ സുരേന്ദര്‍ കോലി എന്ന വീട്ടുജോലിക്കാരന്‍ പ്രതിയായിരുന്നില്ല. അയാളുടെ മുതലാളിയായ മോനിന്ദര്‍ സിംഗ് പാണ്ഡര്‍ എന്ന വ്യവസായപ്രമുഖന്‍ ആയിരുന്നു മുഖ്യപ്രതി. കേസില്‍ പോലീസ് ഏറെ കൃത്രിമം കാണിക്കുന്നുവെന്നും മോനിന്ദര്‍ സിംഗിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നുമുള്ള ആരോപണം ശക്തമായിരുന്നു. കൊലചെയ്യപ്പെട്ടവരുടെ ഭൌതികാവശിഷ്ടങ്ങള്‍ കൂടുതലും കണ്ടെടുത്തതും മോനിന്ദര്‍ സിംഗിന്റെ ബംഗ്ളാവിന്റെ വളപ്പില്‍ നിന്നായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല അന്വേഷണ കമ്മീഷനും പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. (രണ്ടു എസ് പി മാരെ പിന്നീടു സസ്പെന്ഡ് ചെയ്യുകയുമുണ്ടായി).  കൊലപാതകങ്ങള്‍ക്ക് പിറകില്‍ അവയവ കച്ചവടമായിരിക്കാം ഉദ്ദേശമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. എന്നാല്‍ അപ്പോഴേക്കും സുരേന്ദര്‍ കോലിയെ അറസ്റ്റ് ചെയ്യുകയും, എല്ലാവരെയും കൊന്നത് താനാണ് എന്ന കുറ്റസമ്മതം രേഖപ്പെടുത്തുകയും മോനിന്ദര്‍ സിംഗിന്റെ മേലുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ല എന്ന് പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പോലീസ് മര്‍ദ്ദനം സഹിക്കാതെയാണ് താന്‍ കുറ്റസമ്മതം നടത്തിയതെന്ന്‍ സുരേന്ദര്‍ കോലി പിന്നീട് വെളിപ്പെടുത്തിയിരുന്നു. വാദികളെയും പോലീസ് ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തത് എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കേസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐയെ ഏല്പിച്ചു. പോലീസ് അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ തന്നെയാണ് സിബിഐയും ഫോളോ ചെയ്തത്. ഫലത്തില്‍ സുരേന്ദര്‍ കോലിയുടെ കുറ്റസമ്മത മൊഴി സ്വീകരിച്ചുകൊണ്ട് മോനിന്ദര്‍ സിംഗിനെ കുറ്റവിമുക്തനാക്കാനുള്ള ശ്രമം തന്നെ. എന്നാല്‍ മോനിന്ദര്‍ സിംഗിനെ രക്ഷിക്കുവാനുള്ള ശ്രമം സിബിഐയും നടത്തുന്നു എന്ന പരാതി സുപ്രീംകോടതിയില്‍ വരികയും മോനിന്ദര്‍ സിംഗിനെ കുറ്റവിമുക്തനാക്കാനുള്ള ശ്രമം പരാജയപ്പെടുകയും ചെയ്തു.

2009ല്‍ കേസിന്റെ ആദ്യ വിധിയില്‍ മോനിന്ദര്‍ സിംഗും സുരേന്ദര്‍ കോലിയും കുറ്റക്കാരാണ് എന്നാണ് പ്രത്യേക സെഷന്‍സ് കോര്‍ട്ട് വിധിച്ചത്. രണ്ടുപേര്‍ക്കും വധശിക്ഷ വിധിക്കുകയും ചെയ്തു. സിബിഐയുടെ ‘കണ്ടെത്തലുകള്‍’ക്ക് വിരുദ്ധമായിരുന്നു ഇത്. പരമ്പര കൊലപാതക കേസിലെ പതിനാറു കേസുകളില്‍ നാല് കേസുകളില്‍ കൂടെ പിന്നീടുള്ള മാസങ്ങളില്‍ സുരേന്ദര്‍ കോലിന് വധശിക്ഷ വിധിച്ചു. അലഹബാദ്‌ ഹൈക്കോടതി വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയെങ്കിലും മോനിന്ദര്‍ സിംഗിനെതിരായുള്ള ബാക്കി കേസുകള്‍ ഇപ്പോഴും തുടരുകയാണ്. ഇതില്‍ ഒരു കേസിലെ, സുരേന്ദര്‍ കോലിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ആ വധശിക്ഷയാണ് ഇപ്പോള്‍ സുരേന്ദര്‍ കോലി നേരിടുന്നത്!

മാധ്യമങ്ങളിലെ വിശേഷണങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ കൊലപാതക പരമ്പരയിലെ എല്ലാ കേസുകളിലും സംശയരഹിതമന്യേ കുറ്റവാളിയാണെന്ന് വിധിക്കപ്പെട്ട ആളല്ല സുരേന്ദര്‍ കോലി. വിധി പറഞ്ഞ കേസില്‍ തന്നെയും ഒരു കൂട്ടുപ്രതി എന്ന നിലയിലാണ്. മോനിന്ദര്‍ സിംഗിന്റെ സ്വാധീനവും ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുള്ള അട്ടിമറികളും പരിഗണിക്കുമ്പോള്‍ സുരേന്ദര്‍ കോലി ഏതൊക്കെയോ വിധത്തില്‍ ഇരയാക്കപ്പെടുകയായിരുന്നു എന്നത് ന്യായമായും സംശയിക്കാവുന്നതാണ്. താന്‍ പോലീസ് മര്‍ദ്ദനം സഹിക്കവയ്യാതെ നടത്തിയ കുറ്റസമ്മതമാണ് എന്ന് സുരേന്ദര്‍ കോലി ഇപ്പോഴും ആവര്‍ത്തിക്കുകയും ചെയ്യുന്നു.

കൊലയാളി എന്ന പ്രയോഗത്തിനു പുറമേ ‘നരഭോജി’ എന്ന പ്രയോഗം കൂടെ സുരേന്ദര്‍ കോലിയെ വിശേഷിപ്പിക്കാന്‍ മാധ്യമങ്ങള്‍ നിരന്തരമായി ഉപയോഗിക്കുന്നുണ്ട്. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ 3 വാര്‍ത്തകളിലാണ് എന്‍ഡിടിവി ഈ പ്രയോഗം നടത്തിയത് (അതും വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു എന്ന വാര്‍ത്തകളില്‍).  തന്റെ ഇരകളുടെ ശരീരഭാഗങ്ങള്‍ സുരേന്ദര്‍ കോലി പാകം ചെയ്തു ഭക്ഷിചിരിക്കാം എന്ന്, ഇരകളുടെ ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നപ്പോള്‍ തദ്ദേശവാസികളില്‍ ചിലര്‍ ഉന്നയിച്ച ആരോപണം മാത്രമാണ്. ഇത് മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയായിരുന്നു. ഈ ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. മോനിന്ദര്‍ സിംഗ് അവയവ കച്ചവടമായിരിക്കാം നടത്തിയതെന്ന നിഗമനത്തിലാണ്  സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണകമ്മീഷന്‍ എത്തിയത്. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ ആ അന്വേഷണം പുരോഗമിച്ചില്ല. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ കുറ്റവും സുരേന്ദര്‍ കോലിയുടെ മുകളില്‍ വച്ചുകെട്ടുന്ന മാധ്യമങ്ങള്‍ ആലങ്കാരികമെന്നപോലെ ‘നരഭോജി’ പ്രയോഗം നിര്‍ത്താതെ ഉപയോഗിക്കുകയാണ്.

ഒരു നിര്‍ധനകുടുംബത്തിലെ അംഗമായ സുരേന്ദര്‍ കോലിക്ക് സ്വാധീനങ്ങളെയും മര്‍ദ്ദനമടക്കമുള്ള സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കുക അസാധ്യമാണ്. ഇന്ത്യയില്‍ വധശിക്ഷ നിശ്ചയിക്കപ്പെടുന്നതില്‍ പ്രവര്‍ത്തിക്കുന്ന വിവേചന ഘടകങ്ങള്‍ സുരേന്ദര്‍ കോലിയുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിനുമപ്പുറം വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് വൈകാരികത സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ മാനുഷികത എന്ന വികാരത്തിന്റെ സാധ്യതപോലും ഇല്ലാതാക്കുകയാണ്. ഈ വൈകാരികത സൃഷ്ടിക്കപ്പെടുന്നത് വധശിക്ഷ എന്ന സാഹചര്യത്തിന് ചുറ്റുമാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നതോടെ പ്രതികള്‍ സകലമാന മനുഷ്യാവകാശങ്ങളും സ്വകാര്യതകളും ഇല്ലാതെയായി തികച്ചും നിരായുധരായ ഇരകളായി മാറുന്നു. ആര്‍ക്കും എന്തും വിളിച്ചും പറഞ്ഞും അധിക്ഷേപിക്കാവുന്നവര്‍.

നിശ്ചയിക്കപ്പെടുന്ന രീതിയിലും കാത്തിരിപ്പിന്റെ അനിശ്ചിതത്വത്തിലും നടത്തിപ്പിലും വിവേചനവും അവഹേളനങ്ങളും മനസികസമ്മര്‍ദ്ദങ്ങളും അനുഭവിക്കുന്ന, വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഓരോ വ്യക്തിയും, വര്‍ഷങ്ങള്‍ നീളുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരയാണ്. ഭരണകൂടം നിയമാനുസൃതം നടത്തുന്ന / നടത്തിക്കൊടുക്കുന്ന പ്രതികാരകൊല എന്നതിനപ്പുറം ഒന്നുമല്ലാത്ത വധശിക്ഷ, ഇന്ത്യയിലെ ഓരോ കേസിലും അനീതിയുടെയും അസഹിഷ്ണുതയുടെയും വിവേചനത്തിന്റെയും ഉദാഹരണമാവുന്ന വധശിക്ഷ, നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇതെഴുതുമ്പോള്‍, സുരേന്ദര്‍ കോലിയുടെ വധശിക്ഷ സുപ്രീംകോടതി ഒക്ടോബര്‍ 29 വരെ സ്റ്റേ ചെയ്തിരിക്കുകയാണ്. ദയാഹര്‍ജി തള്ളിയെങ്കിലും പ്രതിക്ക് തുറന്ന കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിക്ക് അവകാശമുണ്ടെന്ന സുപ്രീംകോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആശ്വാസം ലഭിച്ചത്. ഈ കാലയളവ്‌ മനുഷ്യാവകാശപ്രവര്‍ത്തകരും വധശിക്ഷ നിര്‍ത്തലാക്കാന്‍ പരിശ്രമിക്കുന്ന സംഘടനകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

ഈ മാസം 12നു തൂക്കിലേറ്റപ്പെടേണ്ടിയിരുന്ന സുരേന്ദര്‍ കോലിയുടെ അവസാന ആഗ്രഹം അമ്മയെ കാണണം എന്നുള്ളതായിരുന്നു. സാമ്പത്തികപ്രശ്നം കൊണ്ടും ആരോഗ്യം, പ്രായം എന്നീ കാരണങ്ങളാലും സുരേന്ദര്‍ കോലിയുടെ 68 വയസ്സുള്ള അമ്മയ്ക്ക് മകനെ കഴിഞ്ഞ 8 വര്‍ഷമായി കാണാനായിരുന്നില്ല. ജയില്‍ അധികൃതരുടെയും ചില സന്നദ്ധസംഘടനകളുടെയും ശ്രമഫലമായി ആ ആഗ്രഹം സാധിച്ചു. തന്റെ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അര്‍ഹമായ ശിക്ഷ അവനു ലഭിക്കണമെന്ന് ഇത്രയും കാലം പറഞ്ഞ അമ്മ സുരേന്ദര്‍ കോലിയോട് സംസാരിച്ചതിന് ശേഷം തന്റെ മകന്‍ നിരപരാധിയാണ് എന്ന് പൂര്‍ണ്ണബോധ്യമായെന്നും നീതിക്കുവേണ്ടി പോരാടും എന്നുമാണ് പ്രസ്താവിച്ചത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് “തൂക്കിക്കൊല്ലുമ്പോള്‍ വേദനിക്കുമോ?” എന്ന ചോദ്യം സുരേന്ദര്‍ കോലി ചോദിക്കുന്നത്.

തന്റെ കോടച്ചി കെട്ടിയ ചോറുപൊതിയുമായി തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട മകന്‍ കണ്ടുണ്ണിയെകാണാന്‍ ചെന്ന വെള്ളായിയപ്പന്‍ കണ്ടുണ്ണിയെ കണ്ട രംഗം ഞാന്‍ ഓര്‍ത്തുപോയി!

(കടല്‍ത്തീരത്ത് - ഒ. വി. വിജയന്‍)
(കടല്‍ത്തീരത്ത് – ഒ. വി. വിജയന്‍)

6 thoughts on “തൂക്കുകയര്‍ വേദനിപ്പിക്കുന്നത്

 1. Viddi Man, 14 September 8:23 pm

  കല്ലിനു കല്ല് ; പല്ലിനു പല്ല് എന്ന നയം പ്രാകൃതമാണെന്ന് വാദിക്കുന്നവരും വധശിക്ഷയെ അനുകൂലിച്ചു കാണാറുണ്ട്. . കോപം അതിന്റെ മൂർദ്ധന്യത്തിൽ മനുഷ്യനിലെ മൃഗത്തെ ഉണർത്തുന്നുണ്ടാവണം, ആ മൃഗത്തെ ഇഷ്ടപ്പെടാൻ ഇപ്പോഴും അവന്റെ ആധിപത്യമനോഭാവം ആവശ്യപ്പെടുന്നുണ്ടാവണം. അവനിലെ മനുഷ്യൻ കൂടുതൽ ഉണരുന്ന, കാലത്ത് തിരിഞ്ഞു നോക്കി ലജ്ജിതനാവാനുള്ള മറ്റൊരു പാകൃതകൃത്യം.

 2. Samsheer ali PT, 16 September 8:49 am

  സോഷ്യൽ മീഡിയ മുഴുവൻ വധ ശിക്ഷക്കെതിരെ പൊസ്റ്റിട്ടു നടന്നവരൊക്കെ അഫ്സൽ ഗുരുവിന്റെ വധ ശിക്ഷയിൽ സന്തോഷിക്കുന്ന കണ്ടു. അതെ സമയം രാജീവ്‌ വധ ക്കേസിലെ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്തപ്പോൾ ഇവരൊക്കെ സന്തോഷിച്ചു…. ഇപ്പോഴിതാ നിതാരി കൂട്ടക്കൊല കേസും.ആള്കൂട്ട ബഹളങ്ങൽക്കനുസരിച്ചാണ് നീതിയും മനസാക്ഷിയും തീരുമാനിക്കപെടുന്നത്. അതും തികച്ചും ഹിപോക്രിടിക്കൽ ആയ ഇന്ത്യൻ സമൂഹവും

 3. Mubi, 17 September 1:57 pm

  ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നത് പലപ്പോഴും നമ്മള്‍ മറക്കുന്നു.

 4. ഫൈസല്‍ ബാബു, 19 September 1:06 pm

  നല്ല പോസ്റ്റ്‌ ,, സത്യം പുറത്തുവരും എന്ന് പ്രതീക്ഷിക്കാം ,

  1. Abdul Kareem, 17 December 2:55 pm

   കണ്ടു, @Varikalkkidayil. നന്ദി.

Leave a Reply