ആദരിക്കപ്പെടുന്ന പാർവ്വതിയും പരിഹസിക്കപ്പെടുന്ന ഫാത്തിമയും

IFFK ഓപ്പൺ ഫോറത്തിൽ തന്റെ വിവാദമായ പ്രസ്താവനയിൽ, മമ്മൂട്ടിയോട്  ‘കസബ’യിലേതു പോലുള്ള കഥാപാത്രങ്ങളെ സ്വീകരിക്കരുതെന്ന്  ആവശ്യപ്പെടുന്നതിനോടൊപ്പം പാർവ്വതി പറയുന്നത് കാമുകനിൽ നിന്നോ ഭർത്താവിൽ നിന്നോ അടികൊണ്ട്  ‘മര്യാദ’ പഠിക്കുന്ന കഥാപാത്രങ്ങളെ താനും സ്വീകരിക്കില്ല എന്നാണ്. അതിനു പാർവ്വതി സ്വന്തം അനുഭവം പറയുന്നുമുണ്ട്. കൗമാരത്തിൽ തന്നെ സിഗരറ്റ് കൊണ്ടു പൊള്ളിച്ച കാമുകൻ പ്രണയം കാരണമാണ് അത് ചെയ്തതെന്ന് മലയാള സിനിമകണ്ടാണ് താൻ വിശ്വസിച്ചതെന്ന്.

പാർവ്വതിയെപ്പോലെ സിനിമകണ്ട്‌ മാത്രം പ്രണയത്തിലും ജീവിതത്തിലും നിലപാടുകൾ എടുക്കുന്ന പെൺകുട്ടികളും സ്ത്രീകളും ഇവിടെ എത്രയുണ്ട് എന്നെനിക്കറിയില്ല. പക്ഷെ സിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള മറ്റു ചില സ്ത്രീ ജീവിതങ്ങളുണ്ട്.

പുറംലോകം കാണാത്ത ഹാജിയാരുടെ ബീവിയെ അവതരിപ്പിച്ച  ‘പൊന്മുട്ടയിടുന്ന താറാവു’പോലുള്ള  കമേഴ്ഷ്യൽ സിനിമകളിലും  ‘കലാമൂല്യ’മുള്ള ‘ഗസലി’ലും ‘പാഠം ഒന്ന് ഒരു വിലാപ’ത്തിലും ‘അന്യരി’ലും എന്നു വേണ്ട മലയാള സിനിമാ ചരിത്രത്തിൽ ഇന്നേവരെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള അനേകം മുസ്ലീം സ്ത്രീ സ്വത്വങ്ങൾ. ബഹുഭാര്യാത്വത്തിന്റേയും ത്വലാഖിന്റേയും  പർദ്ദയുടേയും ഇരയാവുന്ന കഥാപാത്രങ്ങൾ, മാപ്പിള സംഗീതത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറോടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള അവരുടെ ജീവിത സന്ദർഭങ്ങൾ.

ഈ കഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെടുന്ന ഒരു സാമൂഹിക പശ്ചാത്തലം കൂടിയുണ്ട്. ഹറാമായതുകൊണ്ട് വിശ്വാസികളായ മുസ്ലീങ്ങൾ സിനിമ കാണാറില്ല എന്ന മതേതര തീർപ്പ്. ഈ തീർപ്പ് നിലനിർത്തിക്കൊണ്ടു തന്നെയാണ് ഈ മുസ്ലീം സ്ത്രീ കഥാപാത്രങ്ങളേയും അവരെ അബ്യൂസ് ചെയ്യുന്ന ഭർത്താവോ പിതാവോ സഹോദരനോ ഒക്കെയായി മുസ്ലീം പുരുഷന്മാരേയും മലയാളത്തിന്റെ മതേതര സിനിമകൾ ആവിഷ്കരിച്ചിട്ടുള്ളത്. ആർക്കു കാണാൻ വേണ്ടിയായിരുന്നു? എന്തായാലും ‘സിനിമ കാണാത്ത’ എന്ന് അവർ തന്നെ പറഞ്ഞുണ്ടാക്കിയ മുസ്ലീങ്ങളെ രസിപ്പിക്കുക എന്നതായിരുന്നില്ലല്ലോ ഈ സിനിമകളുടെ ഉദ്ദേശ്യം.

അങ്ങനെ മുസ്ലീങ്ങളെ പുറത്തു നിർത്തുന്ന ആവിഷ്കാര രീതിയിലൂടേയും ഭാഷയിലൂടെയും അവരെ ‘നന്നാക്കേണ്ടതിനെ’ കുറിച്ചുള്ള ആശങ്കകൾ മതേതര സമൂഹത്തോട്  പങ്കുവെച്ചും ചർച്ച ചെയ്തുമാണ് മുസ്ലീം എന്ന ‘അദർ’ മതേതരത്വം സൃഷ്ടിച്ചിട്ടുള്ളത്.

മലയാളസിനിമയിലെ മുസ്ലീം പ്രതിനിധാനം എത്തിനിൽക്കുന്നത്  പാർവ്വതി IFFK വേദിയിൽ ആദരിക്കപ്പെടുന്നതിന് കാരണമായ ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലാണ്. വെറുമൊരു ഇസ്ലാമോഫോബിക് ചിത്രമല്ല ടേക്ക് ഓഫ്. എൻഐഎ വരെ തലകുത്തി നിന്നിട്ടും നിരവധി പേരെ ‘ഐഎസ്’ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടും കണ്ടെത്താനാവാത്ത ഐഎസ്സിലെ കേരള മുസ്ലീം ബന്ധം സ്ഥാപിച്ച ചിത്രമാണ്. “Based on real events” എന്ന അവകാശവാദമുള്ള ആ  സിനിമയിലെ താൻ അവതരിപ്പിച്ച സമീറ എന്ന മുസ്ലീം സ്ത്രീ ആയിരുന്നില്ല യഥാർത്ഥ സംഭവങ്ങളിലെ വ്യക്തിയെന്ന്  പാർവ്വതിക്കും അറിയാമായിരിക്കുമല്ലോ.

മതപരമായ പീഡനങ്ങളിലൂടെ കടന്നുപോവുന്ന മുസ്ലീം സ്ത്രീകളെ കുറിച്ചുള്ള ചിത്രങ്ങൾ സ്ത്രീപക്ഷ സിനിമയായി തന്നെയല്ലേ എണ്ണപ്പെടുക? സ്ത്രീകൾ തന്നെ എഴുതി സംവിധാനം ചെയ്യേണ്ടതുണ്ട് എന്ന രീതിയിൽ ഇന്ന് സ്ത്രീപക്ഷ സിനിമകളുടെ ചർച്ചകൾ വളരുമ്പോൾ മുസ്ലീം സ്ത്രീകളെ കുറിച്ചുള്ള സ്ത്രീപക്ഷ സിനിമകൾ അവരുടെ പങ്കാളിത്തം പോയിട്ട് അവർക്ക് കാണാൻ വേണ്ടി പോലും ഉണ്ടാക്കപ്പെട്ടിട്ടുള്ളവ ആയിരുന്നില്ല എന്ന അക്രമം നിറഞ്ഞ വിവേചനത്തിന് ആരാണുത്തരം പറയുക?

ഈ സിനിമകൾ കാണുന്ന വിശ്വാസിയായ മുസ്ലീം സ്ത്രീകൾക്ക് എന്താണ് പറയാനുള്ളതെന്നും അതിനെ പാർവ്വതിയെ ആദരിച്ച അതേ സിനിമാസ്വാദകർ എങ്ങനെയാണ് സ്വീകരിക്കുക എന്നതിനും കൂടി സാക്ഷിയായിരുന്നു IFFK വേദി.

ഒരു സ്ത്രീ തന്നെ സംവിധാനം ചെയ്ത “I Still Hide To Smoke” എന്ന അൾജീരിയൻ സിനിമയിലെ മുസ്ലീം വിരുദ്ധതയെ കൃത്യമായി ചോദ്യം ചെയ്തതിന് ഫാത്തിമ ജസീല എന്ന വിദ്യാർത്ഥിനി ആസ്വാദകരിൽ നിന്നും നേരിട്ടത് കൂക്കി വിളിയും പരിഹാസവുമാണ്. സംവിധായകൻ സിബി മലയിൽ ഫാത്തിമ ജസീലയോട് ചോദിച്ചത് “നീ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത് ” എന്നായിരുന്നു! താൻ പ്രതിനിധാനം ചെയ്യുന്ന ലോകത്തെ കുറിച്ചുള്ള മറ്റുള്ളവരുടെ വ്യാഖ്യാനത്തെ കുറിച്ച്  ചോദിച്ചതിന്.

മുസ്ലീം സ്ത്രീകൾ ഈ സിനിമയിൽ കാണിച്ചതുപോലെ അല്ല ഇന്ന് ജീവിക്കുന്നതെന്നും പതിറ്റാണ്ടുകൾക്കു മുൻപുള്ള ഒരു കാല്പനിക മുസ്ലീം സ്ത്രീയുടെ തിക്തത വിവരിച്ച് ഇസ്ലാമോഫോബിയ പുനരാവിഷ്കരിക്കുകയാണ് ഈ ചിത്രം ചെയ്യുന്നതെന്നും ഫാത്തിമ വിമർശിച്ചപ്പോൾ തന്റെ ആശയം പറയാൻ സിനിമ എന്ന സ്പേസ് ഉപയോഗിക്കുകയാണ് ചെയ്തത് എന്നായിരുന്നു സംവിധായിക റെയ്ഹാന ഒബർമെയറുടെ മറുപടി. ഒരു സ്ത്രീപക്ഷ സിനിമ സ്ത്രീകളെ സ്റ്റീരിയോടിപ്പിക്കൽ ആയി അവതരിപ്പിക്കാമോ എന്ന ഫാത്തിമയുടെ ചോദ്യത്തിന് സംവിധായികയ്ക്ക് ഉത്തരം ഉണ്ടായില്ല. പക്ഷേ സംവിധായികയ്ക്കും സിബി മലയിലിനും കയ്യടിയും ഫാത്തിമയ്ക്ക് കൂക്കിവിളിയുമാണ് ആസ്വാദകർ നൽകിയത്.

ഒരു സിനിമ കണ്ട് വിലയിരുത്താനും സംവിധായികയോട് നേരിട്ട് വിമർശനം ഉന്നയിക്കാനും ഫാത്തിമയെ പോലുള്ളവർ IFFK വേദിയിൽ തന്നെ ഉണ്ടായിരിക്കെയാണ് മുസ്ലീം സ്ത്രീയെ അദൃശ്യമാക്കുന്ന സ്ത്രീപക്ഷ സിനിമകൾ ഉണ്ടാവുന്നതും ആഘോഷിക്കപ്പെടുന്നതും.

സിനിമയിലെ വാർപ്പുമാതൃകകളെ കുറിച്ച് പാർവ്വതി പറഞ്ഞതിൽ നിന്നും ഏറെ പ്രസക്തിയുള്ള ഫാത്തിമയുടെ ചോദ്യം പരിഹസിക്കപ്പെട്ടത് ഫാത്തിമ കറുത്ത പർദ്ദയും കറുത്ത ഹിജാബും ധരിച്ചാണ് ചോദിച്ചത് എന്നുള്ളതുകൊണ്ടാണല്ലോ. സിനിമകളെ പറ്റി പഠിക്കുന്ന ഫാത്തിമ ഇംഗ്ലീഷിൽ ചടുലമായി കൃത്യതയുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ പരിഹസിക്കപ്പെടുന്നത് ഒരു ‘സ്ത്രീപക്ഷ സിനിമ’യിലെ കാല്പനിക ഇരയുടെ യഥാർത്ഥ പ്രതിനിധി ഇത് ഞങ്ങളല്ല എന്ന് പറയുമ്പോഴാണ്.  മുസ്ലീം സ്ത്രീയെ കേൾക്കാൻ തയ്യാറാവാതെ അവരുടെ പേരിൽ സ്ത്രീപക്ഷ ഭാവനകൾ ഉണ്ടാക്കി ചർച്ച ചെയ്ത് ആസ്വദിക്കുന്ന സിനിമാ സംസ്കാരത്തെയാണ് ഫാത്തിമയുടെ ചോദ്യം ചെയ്യൽ എക്സ്പോസ് ചെയ്തത്.

സിനിമയിലെ ഗ്ലോറിഫൈ ചെയ്യപ്പെടുന്ന, സ്ത്രീയെ പരിഹസിക്കുന്ന, നായക കഥാപാത്രങ്ങളെ സ്വീകരിക്കരുത് എന്ന് നായകരോട് പറഞ്ഞും അത്തരം രംഗങ്ങൾ “റിഗ്രസ്സീവ്” ആണെന്ന് ദ്യോതിപ്പിക്കുന്ന (പുകവലി/മദ്യപാനം ഹാനികരം എന്ന വാണിംഗ് എഴുതി കാണിക്കുന്നതുപോലെ) വിഷ്വൽ ട്രീറ്റ്മെന്റ് സംവിധായകർ സ്വീകരിക്കണമെന്നും താനും ഇനി വിധേയ സ്വഭാവമുള്ള കഥാപാത്രങ്ങളെ സ്വീകരിക്കില്ലെന്നും ഒക്കെയാണ് സ്ത്രീ വിരുദ്ധതയ്ക്ക് പാർവ്വതി മുന്നോട്ടു വെക്കുന്ന, ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന പരിഹാരങ്ങളിൽ ചിലത്. സർഗ്ഗാത്മകതയെ യാന്ത്രികവൽക്കരിക്കുന്ന, കൂടെ സ്റ്റേറ്റിസ്റ്റ്  ആശയങ്ങളും ഉൾക്കൊള്ളുന്ന പരിഹാരങ്ങൾ. ചോദ്യം ചെയ്യാനുള്ള അവകാശങ്ങൾക്ക്  പകരം നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്ന സ്വാതന്ത്ര്യ ബോധവും ആണും പെണ്ണുമെന്ന അധികാര സമവാക്യത്തിൽ മാത്രം ഒതുങ്ങുന്ന സ്ത്രീവാദവും ഉള്ള കേരളത്തിന്റെ ലിബറൽ വ്യവഹാര ഇടത്തിൽ ഈ ആശയങ്ങൾ ഏറെ സ്വീകാര്യമാവുന്നതിൽ അത്ഭുതമില്ല.  തന്റെ അഭിപ്രായങ്ങളുടെ പേരിൽ ഒരു വിഭാഗത്തിൽ നിന്നും അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമ്പോഴും ശക്തമായ ഐക്യദാർഢ്യവും ആദരവും പാർവ്വതിക്ക് ലിബറൽ മതേതര ഇടത്തിൽ ലഭിക്കുന്നുണ്ട്.

എന്നാൽ പാർവ്വതിയെ ആദരിക്കുന്ന, തങ്ങളെ തുടർച്ചയായി പരിഹസിക്കുന്ന സാംസ്കാരിക ഇടത്തോടും കൂടിയാണ് ഫാത്തിമമാർക്ക് സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാനുള്ളത്. തങ്ങളെ ഇരകളാക്കുന്നതിനോടൊപ്പം സമുദായത്തിലെ പുരുഷന്മാരെ വില്ലന്മാരുമാക്കുന്ന, മുസ്ലീങ്ങളെ അപരവൽക്കരിക്കുന്ന വ്യവഹാരങ്ങളോടും കൂടിയാണ് മുസ്ലീം സ്ത്രീ കലഹിക്കുന്നത്. അവിടെ ആണും പെണ്ണുമെന്ന അധികാര സമവാക്യത്തിന്റെ സങ്കീർണ്ണതയേക്കാൾ ഒരുമിച്ചു നിന്ന് പോരാടുന്നതിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണ് മുസ്ലീം സ്ത്രീകൾ മുന്നോട്ട് വെക്കുന്നത്. അങ്ങനെയാണ് ലിംഗസമത്വമെന്ന ആശയത്തെ അവർ അർത്ഥവത്താക്കുന്നത്. അതുകൊണ്ടുതന്നെ പാർവ്വതിയെപ്പോലുള്ളവർ ആഘോഷിക്കപ്പെടുന്ന ഫെമിനിസ്റ്റ് വ്യവഹാര ഇടം തന്നെ മുസ്ലീം സ്ത്രീകളുടെ ചോദ്യം ചെയ്യപ്പെടലിനു വിധേയമാകും.

One thought on “ആദരിക്കപ്പെടുന്ന പാർവ്വതിയും പരിഹസിക്കപ്പെടുന്ന ഫാത്തിമയും

  1. Syp Salim, 28 December 1:30 pm

    ഇതൊക്കെ ചിന്താൻ പറ്റാത്ത വണ്ണം ഉറക്കത്തിലാണ് സാംസ്ക്കാരിക ബൊധമുള്ളവർ എന്ന് അവകാശപ്പെടുന്നവരിൽ ദർശ്ശിക്കുന്നത്
    പിന്നെ ഭൂരിപക്ഷം ബുദ്ധിയെ തളർത്തിയവരെ പറ്റി എന്തു പറയാൻ.

    ഫാത്തിമക്കൊപ്പം , ഒപ്പം താങ്കളെ പൊലുള്ളവരുടെ എഴുത്തിനെ അത്യധികം ആദരിക്കുന്നു.

Leave a Reply