മുസ്ലീം ലൈംഗീക ന്യൂനപക്ഷങ്ങള്‍

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയെങ്കിലുമായി ഇസ്ലാമും ലൈംഗീകന്യൂനപക്ഷങ്ങളും എന്ന വിഷയത്തില്‍ സജീവമായ ചര്‍ച്ചകള്‍ ആഗോളവ്യാപകമായി നടക്കുന്നുണ്ട്. മറ്റു പലവിഷയങ്ങളിലും എന്നപോലെ മലയാളം ഈ ചര്‍ച്ചകളോട് മുഖം തിരിഞ്ഞുനില്‍ക്കുകയായിരുന്നു. ഇസ്ലാമിക സംഘടനകളും ഗ്രൂപ്പുകളും മാത്രമല്ല, ഇസ്ലാമിക വിമര്‍ശനത്തിനു ഊര്‍ജ്ജം ചെലവഴിക്കുന്ന ഇടതു, മതേതര, ലിബറല്‍ സംഘടനകളും ചിന്തകരും എഴുത്തുകാരുമൊക്കെ ലോകത്തിലെ പലയിടങ്ങളിലായി മുസ്ലീങ്ങളായ ലൈംഗീക ന്യൂനപക്ഷ വിഭാഗങ്ങളും ചിന്തകരും ഉയര്‍ത്തിയ ചിന്തകളും നടത്തിയ സമരങ്ങളും അവഗണിക്കുകയായിരുന്നു. ഇസ്ലാം ആത്യന്തികമായി ഇതര/വിമത ലൈംഗീകതകള്‍ക്ക് വിരുദ്ധമാണ് എന്ന കര്‍ക്കശമായ നിലപാടാണ് രണ്ടുകൂട്ടരും (യാഥാസ്ഥിതിക മുസ്ലീം സംഘടനകള്‍ അതൊരു നിലപാടായും, മറ്റുള്ളവര്‍ വിമര്‍ശനമായും) എടുത്തുവന്നിരുന്നത്.

ലൈംഗീക ന്യൂനപക്ഷങ്ങളുടെ സ്വാഭിമാന വിളംബരങ്ങളുടെ / ആഘോഷങ്ങളുടെ ഈ മാസത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ഈ വിഷയങ്ങളില്‍ ഇസ്ലാമികനിലപാടിനെ സംബന്ധിച്ച ചര്‍ച്ചകള്‍ മലയാളത്തില്‍ നടക്കുന്നുണ്ട്. ഒരുപാട് മുസ്ലീങ്ങള്‍  സ്വാഭിമാന ആഘോഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, സ്വവര്‍ഗ്ഗരതി പാപാമാണെന്ന് ഖുര്‍ആന്‍ പറയുന്നില്ലെന്ന് മുസ്ലീങ്ങളോട് തന്നെ തര്‍ക്കിക്കുന്നു. ഫേസ്ബുക്ക്‌ നല്‍കിയ ‘Let’s Celebrate Pride’ എന്ന ടൂള്‍ ഉപയോഗിച്ച് മഴവില്ല് എംബോസ് ചെയ്ത പ്രൊഫൈല്‍ ചിത്രങ്ങളെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നു.

ഇ കെ സുന്നി വിഭാഗത്തിന്റെ, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രസിദ്ധീകരണമായ ‘തെളിച്ചം’ മൂന്നു ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഹിജഡകളുടെ ജീവിതാനുഭവങ്ങളെ സംബന്ധിച്ചു സവാദ് റഹ്മാന്റെ ലേഖനം [link], ഹിജഡകളെ സംബന്ധിച്ച ഇസ്ലാമിക കര്‍മ്മശാസ്ത്ര വിശകലനങ്ങളുമായി ജഅ്ഫര്‍ ഹുദവിയുടെ ലേഖനം [link], വിമത ലൈംഗീകത സംബന്ധിച്ച പാശ്ചാത്യ സിദ്ധാന്തങ്ങള്‍ ഈ വിഷയത്തിലെ ഇസ്ലാമിക പാരമ്പര്യത്തോടും ചിന്തകളോടും വിവേചനപരമായി സമീപിക്കുന്നതിനെ കുറിക്കുന്ന ശമീര്‍ കെ.എസ്‌ ന്റെ ലേഖനം [link].

എന്നാല്‍ ഇസ്ലാമും ലൈംഗീകന്യൂനപക്ഷങ്ങളും എന്ന വ്യവഹാരത്തില്‍ തന്നെയുള്ള പ്രശ്നങ്ങള്‍ അപ്പോളും അഭിമുഖീകരിക്കപ്പെടാതെ തന്നെ നില്‍ക്കുന്നു എന്നാണു തോന്നുന്നത്.

ലൂത്തിന്റെ ജനതയുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വചനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സ്വവര്‍ഗ്ഗാനുരാഗികള്‍ ആയതിനാല്‍ ആ ജനതയെ പടച്ചവന്‍ നശിപ്പിച്ചു കളഞ്ഞു എന്ന ഖുര്‍ആന്‍ സാക്ഷ്യം ഇസ്ലാമില്‍ സ്വവര്‍ഗ്ഗരതി അനുവദനീയമല്ല എന്നതിന്റെ പ്രത്യക്ഷ കാരണമായി ഉദ്ദരിക്കപ്പെടുന്നതാണ്. എന്നാല്‍ ആ ജനത അക്രമകാരികള്‍ ആയതുകൊണ്ടും ആണ്‍കുട്ടികളെയും അപരിചിതരേയും ബലാല്‍സംഗം ചെയ്തിരുന്നവര്‍ ആയതുകൊണ്ടുമാണ് പടച്ചവന്‍ അവരെ നശിപ്പിച്ചതെന്നുമുള്ള പുതിയ വായനകള്‍ ഈ വാദത്തെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം ഭാഷാന്തര്യ സാധ്യതകള്‍ ഖുര്‍ആന്റെ പല ദുര്‍വ്യാഖ്യാനങ്ങളെയും (പുരുഷാധിപത്യ വ്യാഖ്യാനങ്ങളെ പ്രത്യേകിച്ചും) പൊളിക്കാന്‍ സഹായിചിട്ടുണ്ടെങ്കിലും ഈ കാര്യത്തില്‍ ഏറെയൊന്നും സഹായിക്കുന്നതല്ല എന്ന് തന്നെ പറയേണ്ടി വരും. കാരണം ഖുര്‍ആനില്‍ മറ്റു പലയിടങ്ങളിലും സ്വവര്‍ഗ്ഗാനുരാഗികളെ പരിഹസിക്കുകയും സ്വവര്‍ഗ്ഗരതി പാപമാണ് എന്ന് പ്രത്യക്ഷത്തില്‍ തന്നെ പരാമര്‍ശിക്കുന്ന ഭാഗങ്ങളുണ്ട്. കൂടാതെ ഹദീസുകള്‍ കൂടുതല്‍ കര്‍ക്കശമായ നിലപാടുകളാണ് സ്വവര്‍ഗ്ഗാനുരാഗികളുടെ കാര്യത്തില്‍ എടുക്കുന്നത്.
(അല്ലെങ്കിലും കുറെ അക്രമകാരികള്‍ കാരണം ഒരു ജനതയെ മുഴുവന്‍ നശിപ്പിച്ചു കളയുകയെന്ന ദൈവീക വിധിയില്‍ നീതി കാണുന്നതെങ്ങനെ?)

ഖുര്‍ആന്റെ ഈ നിലപാട് വച്ചുകൊണ്ടാണ് യാഥാസ്ഥിതിക മുസ്ലീം സംഘടനകളും പണ്ഡിതരും ഇസ്ലാമില്‍ സ്വവര്‍ഗ്ഗ രതി പാപമാണ് എന്ന് സമര്‍ത്ഥിക്കുന്നത്. ഖുന്‍സകള്‍ എന്ന് വിളിക്കുന്ന ഹിജഡകളെ സംബന്ധിച്ചു വിശദമായ കര്‍മ്മശാസ്ത്ര വിധികള്‍ ഏറെക്കുറെ ഹിജഡകളെ സൃഷ്ടിപരമായ ലിംഗവ്യതിയാനം എന്ന നിലയില്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ആത്മീയമായ അവകാശങ്ങളില്‍ നിന്നും അവരെ അകറ്റി നിര്‍ത്തുന്നുമുണ്ട്. സ്ത്രീകള്‍ക്ക് ആത്മീയമായ അവകാശങ്ങള്‍ നിഷേധിച്ചുപോന്നിരുന്ന പുരുഷ വ്യാഖ്യാനങ്ങള്‍ക്ക് സമാനമാണ് ഇവയെങ്കിലും ഹിജഡകളുടെ ന്യൂനപക്ഷ അവസ്ഥയാവാം പുരുഷാധിപത്യത്തോട് മുസ്ലീം സ്ത്രീകള്‍ കലഹിച്ചുണ്ടാക്കിയ വിജയങ്ങള്‍ മുസ്ലീം ഹിജഡകളുടെ കാര്യത്തില്‍ ഉണ്ടായിട്ടുമില്ല.

അപ്പോഴെങ്ങനെയാണ് ഖുര്‍ആനും ഹദീസുകളും കര്‍മ്മശാസ്ത്രവിധികളും ഉണ്ടാക്കുന്ന തടസ്സങ്ങളെ മറികടക്കാനാവുക? മുസ്ലീങ്ങളായ സ്വവര്‍ഗ്ഗാനുരാഗികളും ട്രാന്‍സ്ജെന്ടെര്‍ ആയവരും ഹിജഡകളും എങ്ങനെയാണ് ഇസ്ലാമിനുള്ളില്‍ അന്തസ്സുള്ള ഇടം കണ്ടെത്തുക? ഇവരൊക്കെ ഇപ്പോഴനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ മതകീയ കാരണങ്ങളാല്‍ ഉള്ളവയോട് എങ്ങനെ പ്രതിരോധിക്കും? ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഇസ്ലാമും ലൈംഗീക ന്യൂനപക്ഷവും എന്ന വ്യവഹാരം അര്‍ത്ഥവത്താവില്ല.

ഒരുപക്ഷേ ഈ ചോദ്യങ്ങളുടെ ഒരുത്തരം സ്ഥിതിചെയ്യുന്നത് മറ്റൊരു ചോദ്യത്തിലാണ്. എന്തിനാണിവര്‍ ഇസ്ലാമില്‍ തുടരുന്നത് എന്ന ചോദ്യത്തില്‍. മുസ്ലീങ്ങള്‍ ആയ ലൈംഗീകന്യൂനപക്ഷങ്ങള്‍ മാത്രമല്ല, മുസ്ലീങ്ങള്‍ ആകാനാഗ്രഹിക്കുന്ന ഇതേ വിഭാഗങ്ങളില്‍ പെട്ടവരും അനുഭവിക്കുന്ന പ്രതിസന്ധിയാണ് ഇസ്ലാമിലെ അവരുടെ ഇടം. രണ്ടുപേര്‍ തമ്മിലുള്ള അനുരാഗം പോലെ തന്നെ സങ്കീര്‍ണ്ണമാവാം ആത്മീയതയും. ചരിത്രപരമായി ആത്മീയത കൈവെടിയാതെ തന്നെ സ്വവര്‍ഗ്ഗാനുരാഗികളായ മുസ്ലീങ്ങള്‍ ഇസ്ലാമിനുള്ളില്‍ അവരുടെ ഇടം നേടിയത് കാണാനാവും. പ്രവാചകന്റെ കാലത്ത് നിന്നും രണ്ടു നൂറ്റാണ്ടിനിപ്പുറം ജീവിച്ചിരുന്ന, ഖുര്‍ആന്‍ മനപ്പാഠമാക്കുകയും (അന്ന് ഖുര്‍ആന്‍ പുസ്തക രൂപത്തില്‍ ഇല്ലെന്നു തോന്നുന്നു), പഠിപ്പിക്കുകയും, പ്രത്യേക പാരായണ രീതി തന്നെ സമ്മാനിക്കുകയുമൊക്കെ ചെയ്ത അല്‍ കിസാഇ അല്‍ കുഫി സുന്നി പാരമ്പര്യത്തിലെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമാണ്. അദ്ദേഹം ഗേ ആയിരുന്നു. ഖുര്‍ആന്‍ പുനര്‍വ്യാഖ്യാനം ചെയ്തുകൊണ്ടല്ല അദ്ദേഹം ആ ഇടം നേടിയത്. ഇന്ന് ലോകത്ത് പലയിടങ്ങളിലും സ്വയം ഗേ ആയി പ്രഖ്യാപിച്ച മുസ്ലീം ഇമാമുമാരുണ്ട് [link]. ലൈംഗീക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പള്ളികള്‍ നിര്‍മ്മിച്ചും അവിടെ ഇമാമായി സേവനമനുഷ്ടിച്ചും നിസ്കാരങ്ങള്‍ മാത്രമല്ല മുസ്ലീം ജീവിതവുമായി ബന്ധപ്പെട്ട അനുഷ്ടാന സേവനങ്ങളും മരണാനന്തര കര്‍മ്മങ്ങളും ഒക്കെ മുസ്ലീങ്ങളായ ലൈംഗീക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയും ചെയ്യാന്‍ സന്നദ്ദരായിക്കൊണ്ട്. ഇവരൊക്കെയും സ്വയം ആ ഇടങ്ങള്‍ നേടിയെടുത്തവരാണ്.

ഇസ്ലാം എന്നത്, ഖുര്‍ആനിക കല്പനകള്‍ അടക്കം, തൊട്ടിട്ടില്ലാത്ത, മാറ്റങ്ങള്‍ വരുത്തിയിട്ടില്ലാത്ത, മാറ്റങ്ങള്‍ അസാധ്യമായ ഒരു ആശയസംഹിതയല്ല. നിലവില്‍ വന്ന കാലം തൊട്ടു അടിസ്ഥാന ആശയങ്ങളിലും അനുഷ്ടാനങ്ങളിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടായിരുന്ന, നിരന്തരം തിരുത്തപ്പെട്ട, വിവിധ ധാരകളിലൂടെ വളര്‍ന്നു കൊണ്ടിരിക്കുന്ന സംസ്കാരമാണ്. ഈ മാറ്റങ്ങള്‍ മനുഷ്യന്റെ അവകാശങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടിയാണെങ്കില്‍ സ്വവര്‍ഗ്ഗാനുരാഗത്തിനും ഇസ്ലാമില്‍ സ്ഥാനമുണ്ട്.

ഇസ്ലാം എന്നത് മുസ്ലീങ്ങളെ നിര്‍വ്വചിക്കുന്ന, നിര്‍ണ്ണയിക്കുന്ന, ഒരു തത്വശാസ്ത്രമല്ല. ആശയമല്ല. മുസ്ലീങ്ങള്‍ എന്തൊക്കെയാണോ അതൊക്കെയാണ്‌ ഇസ്ലാം. ഖുര്‍ആനില്‍ വിലക്കിയിട്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ ദിനേന ചെയ്തുകൊണ്ടിരിക്കുന്ന, പലവിധ അനീതികള്‍ പ്രവര്‍ത്തിക്കുന്നവരാണ് ഭൂരിപക്ഷ  മുസ്ലീങ്ങളും. അവര്‍ക്കൊക്കെ ഇസ്ലാമില്‍ സ്ഥാനമുണ്ടെങ്കില്‍ ആത്മീയമായ അവകാശങ്ങള്‍ ഉണ്ടെങ്കില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ഉണ്ട്. അതാരും പ്രത്യേകിച്ച് അനുവദിച്ചു കൊടുക്കേണ്ടതില്ല.

വാല്‍കഷണം:
ലൈംഗീക ന്യൂനപക്ഷ വിഷയത്തില്‍ മുസ്ലീം നിലപാട് വിമര്‍ശന വിധേയവും ചര്‍ച്ചയുമാവുമ്പോഴും സംസാരിക്കാതെ പോവുന്ന കാര്യമാണ് കേരളത്തിലെ സ്വാഭിമാന ആഘോഷങ്ങളിലെ മുസ്ലീം പങ്കാളിത്തവും പ്രാതിനിധ്യവും. ന്യൂനപക്ഷത്തിലെ ന്യൂനപക്ഷമായ  മുസ്ലീം ലൈംഗീക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ ഇനിയും സംസാരിച്ച് തുടങ്ങുവാനുള്ള വിഷയമായി അവശേഷിക്കുകയാണ്.   ‘കോഴിക്കോട്ടെ കുണ്ടന്മാര്‍’ എന്നത് കേരളത്തിലെ ലൈംഗീക ന്യൂനപക്ഷങ്ങളോടുള്ള അധിക്ഷേപങ്ങളില്‍ അറിയപ്പെടുന്ന ഒരു പ്രയോഗമാണ്. ഇത്തരം പ്രയോഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കാതെ പോവുന്നത് എന്തുകൊണ്ടാണ്?  കൃത്യമായി വംശീയത പ്രകടിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങളോടുള്ള നിലപാടുകള്‍ സ്വാഭിമാന വിളംബരത്തിന്റെ ഭാഗമാവേണ്ടതില്ലേ?

ആത്മീയമായി അവധാനതയും അവകാശവാദവും സ്വയം സമര്‍ത്ഥിക്കാന്‍ സാധ്യതയുള്ളപ്പോള്‍ മുസ്ലീങ്ങളായ ലൈംഗീക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇസ്ലാമിലെ ഇടത്തേക്കാള്‍ പ്രധാനമായിരിക്കും തങ്ങളടക്കമുള്ള വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനുള്ള തട്ടകങ്ങളിലെ പ്രാതിനിധ്യം. ഈ തട്ടകങ്ങളില്‍ അവര്‍ക്ക് പ്രാതിനിധ്യം ഇല്ലാതായി പോവുന്നത് അവരുടെ രാഷ്ട്രീയ അവകാശങ്ങളെ നിഷേധിക്കലാവും. എവിടെയും ജാതീയതയും വംശീയതയും കളിയാടുന്ന കേരളത്തില്‍ കൂടുതല്‍ ഇന്‍ക്ലൂസീവ് ആയ പ്ലാറ്റ്ഫോമുകള്‍ ആവാനും ലൈംഗീക ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ജാതീയവും വംശീയവുമായ അധിക്ഷേപങ്ങളും വിവേചനങ്ങളും പ്രശ്നവല്‍ക്കരിക്കാനും ജനാധിപത്യപരമായ പ്രാതിനിധ്യം ഉറപ്പക്കാനും ഈ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും തയ്യാറാവേണ്ടതുണ്ട്. അല്ലെങ്കില്‍ അവ പൂര്‍ണ്ണമായ സ്വാഭിമാന പ്രഖ്യാപനങ്ങള്‍ക്കുള്ള വേദികളാവില്ലല്ലോ!

One thought on “മുസ്ലീം ലൈംഗീക ന്യൂനപക്ഷങ്ങള്‍

Leave a Reply