മദനിയും മതേതരകേരളവും ഒരു പ്രസംഗവും

പരോളോ ജാമ്യമോ കിട്ടി മദനി കേരളത്തില്‍ വരുമ്പോള്‍ മദനിയുടെ പൂര്‍വ്വകാലം ചികയല്‍ ഒരു പതിവാണ്. ഇത്തവണ കാന്‍സര്‍രോഗിയായ ഉമ്മയെ കാണാന്‍ സുപ്രീംകോടതി ജാമ്യവ്യവസ്ഥ ഇളവുചെയ്തുകൊടുത്തു മദനി കേരളത്തില്‍ വരുമ്പോള്‍ മദനിയുടെ  “ന്യൂമാന്‍ കോളേജ് പ്രൊഫസറായാലും ചുങ്കപ്പാറയിലെ പാസ്റ്ററായാലും സ്വന്തം ബാപ്പയായാലും മകനായാലും ബന്ധുക്കളായാലും അല്ലാഹുവിനേയും പ്രവാചകനേയും അധിക്ഷേപിച്ചാല്‍ ആ ജനവിഭാഗത്തോട്‌ സന്ധിയില്ല” എന്ന പ്രസംഗഭാഗം വീണ്ടും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  മദനിയുടെ ജയിലനുഭവങ്ങളുടെ പേരില്‍ അദ്ദേഹത്തോട് സഹാനുഭൂതി തോന്നിയിരുന്നു എന്നും ഈ ക്ലിപ്പ് കേട്ടതോടെ അതിനൊന്നും മദനി അര്‍ഹനല്ലെന്നും ജയില്‍വാസം ഇയാള്‍ അര്‍ഹിച്ചതു തന്നെയാണ് എന്നു ബോധ്യപ്പെട്ടെന്നും പറഞ്ഞു പലരുമിട്ട പോസ്റ്റുകളും വ്യാപകമായി അംഗീകരിക്കപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നു. അറിയപ്പെടുന്ന രാഷ്ട്രീയനേതാക്കള്‍ വരെ ഈ നിരീക്ഷണങ്ങളെ ശരിവെക്കുന്നു.

ആളുകള്‍ക്ക് മനുഷ്യാവകാശത്തിനുള്ള അര്‍ഹത തീരുമാനിക്കാനും ശിക്ഷവിധിക്കാനും സ്വയം അര്‍ഹതയുണ്ടെന്നു വിശ്വസിക്കുന്ന, അപരനെ പീഢിപ്പിച്ചും അവകാശങ്ങള്‍ കവര്‍ന്നും സാമൂഹികാധികാരം കൈവശപ്പെടുത്തി അതില്‍ അഭിരമിച്ചു വാഴുന്ന ഈ ജനതയോട്, മതേതരത്വത്തിന്റേയും മനുഷ്യാവകാശത്തിന്റേയും കുത്തകാവകാശമുള്ള ഈ ജനത്തോടു, മദനിയുടെ രാഷ്ട്രീയത്തിന് സ്ഥിരമായി കലഹിക്കേണ്ടിവരുന്നത് വെറുതെയല്ല. ബ്രാഹ്മണ്യത്തെ സ്വാംശീകരിച്ച മതേതരത്വത്തിന്റെ അധികാരത്തിന്റേയും ഉച്ഛനീചത്വത്തിന്റേയും ഭാവങ്ങള്‍ ഇങ്ങനെ പുളിച്ചുതികട്ടുമ്പോള്‍ മദനിയുടെ രാഷ്ട്രീയം ഇപ്പോളും പ്രസക്തമാണ് എന്നുതന്നെയാണ് തെളിയുന്നതും.

പ്രവാചകനേയും അല്ലാഹുവിനേയും അധിക്ഷേപിക്കുന്ന ജനവിഭാഗത്തോട്‌ സന്ധിയില്ല എന്നുപറയുവാനായി മദനി ഉദാഹരിക്കുന്ന സംഭവമാണ് പ്രചരിക്കുന്ന ക്ലിപ്പിലെ പ്രധാനഭാഗം. അബു ഒബൈദയുടെ പിതാവ്, പ്രവാചകനെ യുദ്ധത്തിനായി വെല്ലുവിളിക്കുമ്പോള്‍ അതില്‍ പ്രകോപിതനായി അബു ഒബൈദ തന്നെ പിതാവിനെ നേരിടുന്നതാണ് സംഭവം. മൂന്നുതവണ മുഹമ്മദ്‌ തടഞ്ഞു. പിന്നേയും മുഹമ്മദിനെ കുടുംബപ്പേര് വിളിച്ചു അധിക്ഷേപിച്ചപ്പോള്‍ മുഹമ്മദിന്റെ അനുവാദത്തിനു നില്‍ക്കാതെ പിതാവുമായി ഏറ്റുമുട്ടുകയും അദ്ദേഹത്തിന്റെ തലയറുത്ത് പ്രവാചകന്റെ മുന്നില്‍ കൊണ്ടുവന്നു വെക്കുകയും ചെയ്യുന്ന സന്ദര്‍ഭം. അരമണിക്കൂര്‍ പ്രസംഗത്തിന്റെ ഈ അഞ്ചുമിനിറ്റ് മാത്രം കാണിച്ചുകൊണ്ടാണ് മദനിക്കെതിരെയുള്ള പോസ്റ്റുകള്‍.
മദനിയുടെ പുനലൂര്‍ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം.

‘മറുനാടന്‍ മലയാളി’ പോര്‍ട്ടല്‍ ഈ ക്ലിപ്പിനെക്കുറിച്ച് പറഞ്ഞത് ‘ഒരു ജനക്കൂട്ടത്തെ അക്രമാസക്തരാക്കാന്‍ പോരുന്നതാണ് വീഡിയോ’ എന്നാണ്. ‘മറുനാടന്‍ മലയാളി’ അടക്കം, ഇത്തരം പോസ്റ്റുകള്‍ ഇട്ടവരില്‍ പലരും പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കണ്ടവരും, വാസ്തവത്തില്‍ അക്രമാസക്തരാവാനല്ല, ആളുകളോട് സംയമനം പാലിക്കാനും സമാധാനത്തിന്റെ മാര്‍ഗ്ഗമാണ് നമ്മുടേത് എന്നുമാണ് മദനി പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പറയുന്നത് എന്നറിയുന്നവരാണ്. പലരും ഇത് നേരത്തേ പൂര്‍ണ്ണവീഡിയോ പോസ്റ്റ്‌ ചെയ്തു പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും പൂര്‍ണ്ണരൂപം കാണിക്കാതെ, മദനിയുടെ പൂര്‍വ്വകാലം വെളിവാക്കുന്നു എന്നും എത്ര അനുഭവിച്ചാലും മദനിയുടെ മതാന്ധത മാറില്ല എന്നതിന് തെളിവാണ് ഇതെന്നുമാണ് പ്രചരിപ്പിക്കുന്നത്.

പിതാവിന്റെ തലയറുത്ത് അബു ഒബൈദ മുഹമ്മദിന്റെ മുന്നില്‍ കൊണ്ടുവച്ചപ്പോള്‍ ദേഷ്യവും ദുഖവും കാരണം മുഹമ്മദ്‌ തലതിരിച്ചുകളഞ്ഞു. ചുങ്കപ്പാറയിലെ ഒരു പാസ്റ്റര്‍ എഴുതിയ “ചിന്‍വാദ് പാലം” എന്ന പുസ്തകത്തിനെതിരെ പുനലൂരില്‍ നടത്തിയ പ്രതിഷേധയോഗത്തിലെ പ്രസ്തുത പ്രസംഗത്തില്‍ മദനി ഈ സംഭവം ഉദാഹരിക്കുന്നത് തന്നെ അധിക്ഷേപിച്ച് വെല്ലുവിളിച്ചയാളുടെ വധത്തില്‍ മുഹമ്മദ്‌ സന്തോഷിക്കുകയല്ല ചെയ്തത് എന്നു സമര്‍ത്ഥിക്കാനാണ്. പുസ്തകത്തിലെ, മുഹമ്മദ്‌ രക്തദാഹിയും ദിവസം മുപ്പതു സ്ത്രീകളുമായി വരെ ലൈംഗീകബന്ധം പുലര്‍ത്തിയ സ്ത്രീലംബടനുമായിരുന്നു എന്നീ വാദങ്ങള്‍ക്കെതിരെ നിരവധി ഉദാഹരണങ്ങളും സാക്ഷ്യങ്ങളും നിരത്തിയ കൂട്ടത്തില്‍ ഒന്ന്.

ഇതേ പ്രസംഗത്തില്‍ മദനി ഒരു കാര്യം കൂടെ പറയുന്നുണ്ട്. അബു ഒബൈദയുടെ പ്രവര്‍ത്തി മുഹമ്മദ്‌ അംഗീകരിച്ചില്ലെങ്കിലും ഖുര്‍ആന്‍ അബു ഒബൈദയെ പുകഴ്ത്തുകയാണ് ചെയ്തത് എന്ന്. പ്രവാചകനിന്ദയുടെ കാര്യത്തിലടക്കം പലകാര്യങ്ങളിലും ഖുര്‍ആന്റെ കാര്‍ക്കശ്യവും മുഹമ്മദിന്റെ അനുകമ്പനിറഞ്ഞ സമീപനത്തിനുമിടയിലെ മുസ്ലീങ്ങളുടെ തെരഞ്ഞെടുപ്പു ഇസ്ലാമിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ‘ഞാന്‍ ഒന്നാഗ്രഹിച്ചു, ഖുര്‍ആന്‍ മറ്റൊന്നു തന്നു’ എന്ന് മുഹമ്മദ്‌ പറഞ്ഞ സന്ദര്‍ഭമുണ്ട്‌. തിരിച്ചു മുഹമ്മദിന്റെ ചില സമീപനങ്ങളെ ഖുര്‍ആന്‍ വിമര്‍ശിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇന്നൊരു മുസ്ലീം തീവ്രവാദി ആക്രമണം നടക്കുമ്പോള്‍ പ്രവാചകന്റെ കരുണമാത്രം ഉദാഹരിച്ചു ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് പറഞ്ഞു ഒഴുക്കന്‍ മട്ടില്‍ അക്രമങ്ങളെ അപലപിക്കാന്‍ മാത്രമേ മിക്കവാറും നേതാക്കള്‍ക്ക് സാധിക്കാറുള്ളൂ. ഖുര്‍ആനിന്റെ കര്‍ശനനിലപാടില്‍ വിശ്വസിക്കുന്ന മതമൌലീക വാദികള്‍ക്ക് അതു സ്വീകര്യവുമാവാറില്ലല്ലോ.

ഖുര്‍ആനിനും പ്രവാചകനും ഇസ്ലാമിലെ ചരിത്രവ്യക്തികള്‍ക്കുമൊക്കെ ഒരു വിഷയത്തില്‍ തന്നെ ഭിന്നമായ കാഴ്ച്ചപ്പാടുകളുണ്ട്. സമാധാനത്തിന്റേയും നീതിയുടേയും സന്ദേശങ്ങള്‍ മാത്രമല്ല, പ്രതിലോമതകളും അന്യായവും അക്രമവും നിറഞ്ഞ നിലപാടുകളുമുണ്ട്‌. ഖുര്‍ആനിനും പ്രവാചകചര്യകള്‍ക്കും ഇസ്ലാമിക ചരിത്ര സന്ദര്‍ഭങ്ങളില്‍ നിന്നുമൊക്കെയുള്ള മുസ്ലീങ്ങളുടെ വിവേകപൂര്‍വ്വമുള്ള തെരഞ്ഞെടുപ്പിലൂടെയേ ഇസ്ലാം സമാധാനത്തിന്റേയും നീതിയുടേയും മതമാവുകയുള്ളൂ. ഖുര്‍ആന്റെ നിലപാട് എന്തെന്നു പറഞ്ഞുകൊണ്ടുതന്നെ മുഹമ്മദിന്റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ മദനി പറയുമ്പോള്‍ ഈ തെരെഞ്ഞെടുപ്പാണ് അദ്ദേഹം സാധിക്കുന്നത്. ഇന്ത്യ ഒരു ഇസ്ലാമികരാജ്യമല്ലാത്തതു കൊണ്ടോ മതേതരരാജ്യമായിപ്പോയതുകൊണ്ടോ അങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയല്ലത്. ഇത്തരം നിലപാടിലൂടെ മാത്രമാണ് ഒരു സമൂഹം മതേതരമാവുക എന്ന ബോധ്യമാണ്. മതേതര സമൂഹനിര്‍മ്മിതിക്കുവേണ്ടിയാണ് ഈ നിലപാടെന്ന് മദനിതന്നെ പ്രസംഗത്തില്‍ പറയുന്നുണ്ട്. ഇത് സാധിക്കുന്ന അപൂര്‍വ്വം മതനേതാക്കളില്‍ ഒരാളാണ് മദനി.

മലയാളിക്കും, മുസ്ലീം സമുദായത്തിനും അര്‍ഹതയില്ലത്തതുകൊണ്ട് നഷ്ടപ്പെട്ടുപോയതാണ് മദനിയുടെ ശബ്ദം. ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള നിലപാടിനും കീഴാളന് അധികാരം എന്ന മുദ്രാവാക്യത്തിനും കിട്ടിയ പിന്തുണയുടെ ഭീഷണി മനസ്സിലാക്കിയ ഹിന്ദുത്വം ഒരുക്കിയ കെണിയിലേക്ക് സവര്‍ണ്ണ വലതു ഇടതു ഭരണകൂടങ്ങള്‍ മദനിയെ ഓരോ തവണയും ഒറ്റിക്കൊടുക്കുകയായിരുന്നു. മദനിയുടെ രാഷ്ട്രീയം കുറ്റമറ്റതായിരുന്നെന്നോ സവര്‍ണ്ണഹിന്ദുത്വത്തെ കൃത്യമായി ചെറുക്കാന്‍ കെല്‍പ്പുള്ളതായിരുന്നെന്നോ ഉള്ള അഭിപ്രായമില്ല. മുസ്ലീം സംഘടനകളുടെ അഭിപ്രായഐക്യത്തിലൊക്കെ മദനിക്ക് അമിതമായ ആത്മവിശ്വാസവുമുണ്ടായിരുന്നു. പക്ഷേ ബാബരി മസ്ജിദ് പൊളിക്കാന്‍ വേണ്ടി ഇന്ത്യയുടെ സിരകളിലെ ഹിന്ദുത്വത്തെ തിളപ്പിക്കുവാന്‍ സംഘപരിവാറിനു സാധിച്ചപ്പോള്‍, മുസ്ലീങ്ങളുടെ മതേതര അവകാശം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരായ മുസ്ലീം രാഷ്ട്രീയസംഘടനകളും മറ്റുരാഷ്ട്രീയകക്ഷികളും കുറ്റകരമായ മൗനത്തില്‍ അല്ലെങ്കില്‍ ഭയത്തില്‍ ആണ്ടപ്പോള്‍, പ്രതിഷേധത്തിന്റെ അണി സൃഷ്ടിക്കുവാന്‍ മദനിക്ക് സാധിച്ചിരുന്നു. ഇതു മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും മദനി തിരിച്ചറിഞ്ഞിരുന്നു. ആ പ്രതിരോധത്തിന്റെ സംഘാടനത്തില്‍ മദനി കാണിച്ച പാടവവും നിലപാടിലെ ധീരതയും കുറച്ചൊന്നുമല്ല സംഘപരിവാറിനെ ആശങ്കപ്പെടുത്തിയത്.

മദനിയെന്ന രാഷ്ട്രീയനേതാവിനെ ഇല്ലാതാക്കാന്‍ സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്കുള്ള കാരണം വ്യക്തമാണ്. എന്നാല്‍ മദനി മതേതരത്വത്തിനു ഭീഷണിയാണെന്ന മതേതരതീര്‍പ്പിനെ, അതിനുവേണ്ടിയുള്ള കുത്സിതശ്രമങ്ങളെ, എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

നാടുമുഴുവന്‍ വിദ്വേഷവും വിഘടനവും രക്തച്ചൊരിച്ചലും ഉണ്ടാക്കി രഥയാത്ര നടത്തി, ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും ക്ഷേത്രം പണിയാനുള്ള ശ്രീരാമശിലകളും കോടിക്കണക്കിനു രൂപയും സമാഹരിച്ച്, ബാബരി മസ്ജിദ് പൊളിക്കുമെന്ന് നാടുമുഴുവന്‍ എഴുതിവച്ചും പ്രസംഗിച്ചും, ഇന്ത്യയൊട്ടുക്കും നിന്നു കര്‍സേവകരെ കൊണ്ടുവന്നും, മതേതരത്വത്തെ നോക്കുകുത്തിയാക്കി, മതത്തിന്റെ സകലവികാരങ്ങളേയും ഉണര്‍ത്തിവിട്ടാണ് ബാബരിമസ്ജിദ് തകര്‍ത്തത്. അതുചെയ്തവര്‍ അതും കഴിഞ്ഞു വര്‍ഗ്ഗീയത ആളിക്കത്തിച്ച്, ഗുജറാത്തും മുസാഫര്‍നഗറും കഴിഞ്ഞു അന്തസ്സായി അധികാരങ്ങളില്‍ വാഴുമ്പോള്‍ അന്ന് അതിനെപ്പറ്റി മുന്നറിയിപ്പു നല്‍കിയ മദനിയുടെ പ്രസംഗത്തിലെ നീട്ടിച്ചൊല്ലുന്ന സ്വലാത്തില്‍ വര്‍ഗ്ഗീയതതിരയുന്ന മതേതര ‘വിമര്‍ശന’ത്തെക്കുറിച്ചാണ് പറയുന്നത്. ഡിസംബര്‍ 6നെ കറുത്തദിനമെന്നു വിളിക്കുന്നത്‌ അതുകൊണ്ടുതന്നെ മതേതരത്വത്തിന്റെ ക്രൂരമായ കാപട്യമാണ് എന്നു തിരിച്ചറിയണം. രാമക്ഷേത്രം വേണ്ടെന്നു പറഞ്ഞ മതേതരനേതാക്കള്‍ പോലും പള്ളിയും വേണ്ട, വല്ല മ്യൂസിയവും പണിയാം എന്നാണു പറഞ്ഞതെന്നുമോര്‍ക്കണം.

ഹിന്ദുവിന്റെ പണം മതേതരത്വത്തിന്റെ മറവില്‍ മുസ്ലീങ്ങളും മറ്റുള്ളവരും കൊണ്ടുപോവുന്നുവെന്നും ഹിന്ദു ഉണരണമെന്നുമൊക്കെ നാടുനീളെ പ്രസംഗിക്കുന്ന ശശികലടീച്ചര്‍ ചാനലിലിരുന്നു ‘ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ’ എന്നുവെല്ലുവിളിക്കുന്നു. മുസ്ലീങ്ങളെ കൊല്ലാന്‍ ഹിന്ദുക്കള്‍ അരയില്‍ കത്തികരുതണമെന്നു പറഞ്ഞ ഉമാഭാരതി മന്ത്രിയായി ഭരിക്കുന്നു. താന്‍ കാരണം അഭയാര്‍ഥികളായ മുസ്ലീങ്ങളെ കുട്ടികളെ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ എന്നുവിളിച്ച വംശഹത്യയുടെ അമരക്കാരന്‍ പ്രധാനമന്ത്രിയായിരിക്കുന്നു. അപ്പോഴാണ്‌ ‘മദനീ ഇവിടത്തെ മതേതരത്വം തകര്‍ക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല’ എന്ന പ്രകടനങ്ങള്‍!

ആ യുദ്ധരംഗം വിവരിക്കേ അബു ഒബൈദിന്റെ പിതാവിന്റെ തല ഫുട്ബോള്‍ പോലെ പറന്നുപോവുന്നുവെന്ന്  ആലങ്കാരികമായ ഭാഷയില്‍ പറഞ്ഞതാണുപോലും പലരേയും ‘ഞെട്ടി’ക്കുന്നത്. യുദ്ധങ്ങളെക്കുറിച്ചൊക്കെ ആദ്യമായി കേള്‍ക്കുന്ന പാവങ്ങള്‍. ബന്ധുക്കളേയും ഗുരുക്കന്മാരേയും യുദ്ധത്തില്‍ കൊല്ലാന്‍ വൈമനസ്യം കാണിച്ച അര്‍ജ്ജുനനെ അതിനു പ്രാപ്തനാക്കാന്‍ കൃഷ്ണന്‍ നല്‍കിയ ജ്ഞാനോപദേശത്തെക്കുറിച്ചും ഇവരു കേട്ടുകാണില്ലായിരിക്കും. ‘ഭഗവദ്ഗീത’ എന്നാണതിന്റെ പേര്. അതുപോട്ടെ. ധര്‍മ്മസംസ്ഥാപനാര്‍ത്ഥമാണല്ലോ! എന്നാല്‍ തങ്ങള്‍ കൊന്നതിന്റെ എണ്ണം പറഞ്ഞു കയ്യടിവാങ്ങുന്ന നേതാക്കളും വേണമെങ്കില്‍ കേരളത്തെ വിറപ്പിച്ചു നിര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന വെല്ലുവിളികളും ഇഷ്ടം പോലെ കേള്‍ക്കുന്ന കേരളത്തില്‍, കൊലയാളികളായ പ്രവര്‍ത്തകരെ പൊതുയോഗം വിളിച്ചു സ്വീകരിക്കുന്ന വിപ്ലവപ്പാര്‍ട്ടിയുടെ നാട്ടില്‍, “ഒരു നൌഷാദ് മരിച്ചുപോയി” എന്ന നിന്ദ്യമായ വര്‍ഗ്ഗീയതയ്ക്കു പോലും കയ്യടികിട്ടുന്ന കേരളത്തില്‍, മദനിയുണ്ടാക്കുന്ന ആവേശം മാത്രം, അതും ഞങ്ങളെന്തുകൊണ്ട് സമാധാനം സ്വീകരിക്കുന്നു എന്നു പറഞ്ഞാവേശം കൊള്ളിക്കുന്ന പ്രസംഗം, ജനക്കൂട്ടത്തെ അക്രമാസക്തരാക്കാന്‍ പോന്നതാണ് എന്നു വരുത്തിത്തീര്‍ക്കുന്ന രാഷ്ട്രീയമുണ്ടല്ലോ, അതിലുണ്ട് കേരളത്തിന്റെ മതേതരത്വത്തിന്റെ യഥാര്‍ത്ഥമുഖം.

ഇനിയും ഏറെ നിരത്താനാവും കേരളത്തിന്റെ മതേതരസമൂഹത്തിന്റെ ഹിപ്പോക്രിസി. എന്നാല്‍ അതിനേക്കാള്‍, ഫാസിസത്തോട് ഐക്യപ്പെടാന്‍ ഇവര്‍ കാണിക്കുന്ന വ്യഗ്രതയുണ്ടല്ലോ, അതാണ്‌ മദനിയുടെ രാഷ്ട്രീയത്തിന്റെ പ്രസക്തി തീര്‍ന്നിട്ടില്ലെന്നു എന്നെ മനസ്സിലാക്കിക്കുന്നത്.

ജീവിതത്തിന്റെ വലിയൊരുപങ്കും ഭരണകൂടഭീകരത ഒരു മനുഷ്യനെ കൊത്തിവലിക്കുന്നത് നോക്കി നിന്നിട്ട് ആ മനുഷ്യന് കിട്ടുന്ന നീതിയുടെ അപ്പക്കഷണങ്ങള്‍ പോലും കിട്ടാതിരിക്കാന്‍ വ്യഗ്രത കാണിക്കുന്ന, അതിനുവേണ്ടി എന്തു മാനിപ്പുലേഷനും ചെയ്യാന്‍ ഒരുക്കമുള്ള, ഈ മതേതരരേയാണോ വിശ്വസിക്കേണ്ടത്? ഇന്നേവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരാള്‍ അന്യായതടങ്കലില്‍ നിന്നും നിയമപോരാട്ടത്തിലൂടെ പുറത്തുവരുമ്പോള്‍ ഭരണകൂടത്തിനു അയാളെ പിടിച്ചുകൊടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന മതേതരരേയോ? സ്വന്തം മനുഷ്യാവകാശവാദി, മതേതര മുഖം സംരക്ഷിക്കാന്‍ വേണ്ടി, ‘ചെയ്യാത്ത കുറ്റത്തിനാണെങ്കിലും പതിറ്റാണ്ടിനപ്പുറം അനുഭവിച്ച ജയില്‍വാസം മദനി  അര്‍ഹിച്ചിരുന്നതു’  എന്നുപറയുന്ന മതേതരരേയോ വിശ്വസിക്കേണ്ടത്?

നിങ്ങളേക്കാളും എന്തുകൊണ്ടും മദനിയിലാണ് എനിക്കുവിശ്വാസം.  നിങ്ങളുടെ ഗീര്‍വാണങ്ങളല്ല, മദനിയെപ്പോലുള്ളവരുടെ നിലപാടുകള്‍ മാത്രമാണ് ജനാധിപത്യത്തിലും മതേതരത്വത്തിലുമുള്ള എന്റെ വിശ്വാസത്തെ നിലനിര്‍ത്തുന്നത്.

One thought on “മദനിയും മതേതരകേരളവും ഒരു പ്രസംഗവും

  1. […] പതിവ് വിചാരണ നടത്തുമ്പോൾ എഴുതിയ ബ്ലോഗ് […]

Leave a Reply