കമൽസി. നീതിനിഷേധം, പ്രതിരോധം, സംവാദം.

നീതിനിഷേധങ്ങളുടെ തുടർച്ചകളിൽ കമൽസിയുടെ രാഷ്ട്രീയം എന്തിനെയാണ് പ്രതിരോധിക്കുന്നത്? ആരോടാണ് സംവദിക്കുന്നത്?

കഴിഞ്ഞ രണ്ടു ദിവസങ്ങളായി കമൽസിയോട് വിശദമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം നേരിട്ട നീതി നിഷേധങ്ങളുടെ ഭീകരത ബോധ്യപ്പെടുന്നത്. “എനിക്ക് വയ്യാത്തതുകൊണ്ടാണ്, കഴിയുമെങ്കിൽ ഇതൊക്കെ എഴുതണം കരീം” എന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ട്, എഴുതാമെന്ന് ഞാൻ വാക്കുകൊടുത്തിട്ട് ഇന്നിപ്പോൾ രണ്ടാമത്തെ ദിവസമാണ്. ഓരോ തവണ എഴുതാനിരിക്കുമ്പോഴും എനിക്ക് ആവർത്തിച്ചു ബോധ്യപ്പെട്ട കാര്യം ഇത്രയും ഭീകരവും നിസ്സഹായവുമായ മനുഷ്യാവസ്ഥ വിവരിക്കാൻ എന്റെ എഴുത്ത് അശക്തമാണ് എന്നാണ്. അതിലുപരി ഇതെങ്ങനെ എഴുതിയാലും ബോധ്യപ്പെടാത്ത, ഇതൊക്കെ ഇവിടെ സാധാരണമല്ലേ എന്ന് ചിന്തിക്കാൻ പാകപ്പെടുത്തപ്പെട്ട സമൂഹത്തോടാണ് ഇത് പറയേണ്ടതും.

ഈ കുറിപ്പ് വീണ്ടും ഒരു ശ്രമമാണ്. തന്റെ പുസ്തകം കത്തിച്ചതിന്റെ അടുത്ത രണ്ടു ദിവസങ്ങളിൽ – ജനുവരി 15നും 16നും മാത്രം കമൽസി അനുഭവിച്ച കാര്യങ്ങളാണിതിൽ. തിക്തമായ അനുഭവങ്ങളുടെ വിവരണത്തിനിടയിലും തന്റെ രാഷ്ട്രീയം വ്യക്തമായി പറഞ്ഞുകൊണ്ടും, തളരാത്ത ഊർജ്ജത്തോടും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ.

“നീ കമാലുദ്ധീൻ അല്ലേ” എന്നു ചോദിച്ചുകൊണ്ടാണ് മിഥുൻ അടക്കം ഹനുമാൻസേനക്കാരാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആറു പേർ കമൽസിയെ വളഞ്ഞു വച്ച് ചോദ്യം ചെയ്യാനും ദേഹോപദ്രവം ഏൽപ്പിക്കാനും അസഭ്യം പറയാനും തുടങ്ങിയത്. ജനുവരി 15നു ഉച്ചയ്ക്ക് 12മണിക്ക് കുന്നമംഗലത്തെ മൊണാഡ് ഹോട്ടലിൽ വച്ച്. “എന്റെ പേര് കമൽ എന്നാണ്” എന്ന് പറഞ്ഞപ്പോൾ “എന്തായാലും മുസ്ലീമാണല്ലോ” എന്നും “നിന്റെ ഐഡന്റിറ്റി കാർഡ് കാണിക്കൂ” എന്നുമായിരുന്നു മറുപടി. “മുസ്ലിങ്ങളൊക്കെ ഇന്ത്യക്കു പുറത്തുള്ളവരാണ് എന്നും മുസ്ലീമല്ല എന്ന് തെളിയിക്കാനാണ് ഐഡന്റിറ്റി കാർഡുകൾ എന്നുമാണോ?” എന്ന് തിരിച്ചു ചോദിച്ചതോടെ ഭീഷണിയും ഉപദ്രവവും വർദ്ധിച്ചു. ഞങ്ങളുടെ കയ്യിൽ ആയുധമുണ്ടെന്നും ഹോട്ടലിനു പുറത്തും ഞങ്ങളുടെ ആളുകൾ നിലയുറപ്പിച്ചിട്ടുണ്ടെന്നും മിഥുൻ പറയുന്നുണ്ടായിരുന്നു. ഈ മർദ്ദനങ്ങൾക്കും ഭീഷണികൾക്കും ഇടയിലും മിഥുൻ എന്നയാളുടെ തോളിൽ കയ്യിട്ടും സൗഹാർദ്ദപരമായും ഇടപെടാൻ കമൽസി ശ്രമിക്കുന്നുണ്ടായിരുന്നു.

“എന്തിനാണ് നിങ്ങൾ എന്നെ മർദ്ദിക്കുന്നതു” എന്നു ചോദിച്ചപ്പോൾ “നീ മനുസ്മൃതിഃ കത്തിച്ചതിനു” എന്നായിരുന്നു മറുപടി. “ഞാൻ എന്റെ പുസ്തകം ആണ് കത്തിച്ചത്. നിങ്ങൾക്ക് പറയാനുള്ളത് പറയൂ, നമുക്ക് സംസാരിക്കാം” എന്നു പറഞ്ഞപ്പോൾ ചെവിക്ക് ശക്തിയായി അടി. ചെവിയുടെ ഉള്ളിൽ പരിക്ക് പറ്റുന്ന, പരിശീലനം ലഭിച്ച ഒരാളുടെ കൃത്യതയോടെയുള്ള അടി.

ഹോട്ടൽ ജീവനക്കാർ ഇടപെടാനും കമൽസിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനും ശ്രമിച്ചെങ്കിലും ഈ സംഘം പിന്നേയും അദ്ദേഹത്തിനു ചുറ്റും കൂടി. ഇതിനിടയിൽ കമൽസി പോലീസ് കൺട്രോൾ റൂമിലും കുന്നമംഗലം പോലീസ് സ്റ്റേഷനിലും വിളിച്ചു കാര്യം പറഞ്ഞിരുന്നു.

രണ്ടു മണിക്കൂറോളം ഒരു തടങ്കലിൽ എന്നപോലെ ഇരിക്കുമ്പോഴാണ് തിരുവനന്തപുരത്തു നിന്നും SDPIയുടെ ഒരു സംസ്ഥാന ഭാരവാഹി വിളിക്കുന്നത്. രണ്ടു ദിവസം കഴിഞ്ഞു നടക്കുന്ന, കമൽസി പങ്കെടുക്കാം എന്നേറ്റ, രോഹിത് വെമുല അനുസ്മരണ സമ്മേളനത്തെക്കുറിച്ച് സംസാരിക്കാൻ. താനിപ്പോൾ ഇങ്ങനെയൊരു അവസ്ഥയിലാണ് എന്നും എന്താണ് സംഭവിക്കുക എന്നറിയാത്തതിനാൽ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും കമൽസി പറഞ്ഞു. ഉടനെ SDPI നേതാവ്, അത് സാരമില്ല, വരാൻ സാധിക്കില്ലെങ്കിൽ ട്രെയിൻ ടിക്കറ്റ് ഞങ്ങൾ ക്യാൻസൽ ചെയ്തോളാമെന്നു പറഞ്ഞിട്ട് ഇപ്പോൾ കമൽസി എവിടെയാണ് ഈ അവസ്ഥയിൽ ഇരിക്കുന്നത് എന്ന് ചോദിച്ചറിഞ്ഞു. “ഒരു പത്തു മിനുട്ട് കാത്തിരിക്കൂ” എന്ന് പറഞ്ഞു ഫോൺ വച്ചു. പത്തുമിനുട്ട് എടുത്തില്ല. ഹോട്ടലിൽ SDPIയുടെ കുറച്ചു പ്രവർത്തകർ എത്തി. രണ്ടു മണിക്കൂറായിട്ടും എത്താതിരുന്ന പോലീസും. SDPI പ്രവർത്തകരാണ് കമൽസിയെ ഹോസ്പിറ്റലിൽ എത്തിച്ചതും രാത്രി വൈകിയും കൂടെ നിന്നതും.

(ഈ സമയമൊക്കെയും കമൽസിയുടെ പോസ്റ്റുകളിലും അദ്ദേഹത്തോട് ഐക്യപ്പെടുന്നവരുടെ പോസ്റ്റുകളിലും തെറിയും ഭീഷണിയും പോലീസ് നടപടികൾക്ക് ന്യായീകരണങ്ങളുമായും നടന്ന സഖാക്കൾ, കേരളം ഇത്രയേറെ ചർച്ചചെയ്ത വിഷയമായിട്ടും ഒരു നേതാവുപോലും കമൽസിയെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുകപോലും ചെയ്തിട്ടില്ലാത്ത പാർട്ടിയുടെ സഖാക്കൾ, ഇപ്പോൾ കമൽസി SDPIയുടെ സമ്മേളനത്തിൽ പങ്കെടുത്തതിനെ പരിഹസിക്കുകയാണ്.)

രാത്രി SDPI പ്രവർത്തകർ തിരികേ വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞപ്പോൾ, തന്നെ കുന്നമംഗലം പോലീസ് സ്റ്റേഷനിൽ ഇറക്കിയാൽ മതിയെന്ന് കമൽസി പറഞ്ഞു. രാത്രി പതിനൊന്നു മണിയോടെ സ്റ്റേഷനിൽ എത്തി ഉച്ചയ്ക്ക് നടന്ന സംഭവത്തിന് കമൽസി മൊഴികൊടുക്കുമ്പോൾ മിഥുനും അയാളുടെ പാർട്ടി പ്രവർത്തകരും ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു. ഇതൊക്കെ മിഥുൻ ലഹരിക്ക്‌ അടിമപ്പെട്ടു ചെയ്യുന്നതാണ് എന്നൊക്കെ ബന്ധുക്കൾ കമൽസിയോട് പറയുന്നുണ്ടായിരുന്നു.

മൊഴിയെടുക്കുമ്പോൾ തന്നെ കേസിൽ തിരിമറി നടത്താനുള്ള ശ്രമമുണ്ടായി. ഒന്നാമതായി കമൽസി പരാതി കൊടുക്കുന്നത് രാത്രി അപ്പോൾ വന്നപ്പോൾ മാത്രമാണ് എന്നെഴുതാൻ ശ്രമിച്ചു. താൻ കൺട്രോൾ റൂമിലേക്കും സ്റ്റേഷനിലേക്കും വിളിച്ചു പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിൽ വേണം മൊഴി രേഖപ്പെടുത്താൻ എന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. ആക്രമിച്ചത് “കണ്ടാലറിയാവുന്ന ചിലർ” എന്ന് രേഖപ്പെടുത്താനും പോലീസ് ശ്രമിച്ചു. “പോലീസ് സ്റ്റേഷനിൽ വച്ച് കണ്ടു തിരിച്ചറിഞ്ഞ മിഥുനും കണ്ടാലറിയാവുന്ന മറ്റുള്ളവരും” എന്ന് തന്നെ രേഖപ്പെടുത്തണം എന്നും കമൽസി നിർബന്ധമായും പറഞ്ഞിരുന്നു. തന്നെ ഹോസ്പിറ്റൽ കൊണ്ടുചെന്ന കാര്യം ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ ഉള്ള പോലീസ്, സ്റ്റേഷനിൽ വിളിച്ചു പറഞ്ഞതിന്റെ രേഖകൾ ഉൾപ്പെടുത്തണം എന്നും.

പിറ്റേന്ന് ഈ കേസിൽ എഫ് ഐ ആർ ഇട്ടോ എന്ന് അന്വേഷിക്കാനും അതിന്റെ കോപ്പി ആവശ്യപ്പെടാനും സ്റ്റേഷനിൽ പോയപ്പോഴാണ് കേസ് അട്ടിമറിക്കപ്പെട്ടു എന്ന് കമൽസിക്ക് ബോധ്യമായത്. പോലീസുകാരോട് സംസാരിച്ചപ്പോൾ മിഥുന്റെ പേരിൽ കേസെടുത്തിട്ടില്ല എന്നറിഞ്ഞു കാരണം ചോദിച്ചപ്പോൾ “നിന്നെ അടിച്ചു എന്ന് പറയുന്ന സമയത്ത് അയാളിവിടെ പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. ഇന്നലെ രാവിലെ 11 മണിക്ക് അയാളെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തതാണ്. പിന്നെ നീ പറയുന്നത് എങ്ങനെ ശരിയാവും?” എന്നായിരുന്നു പോലീസിന്റെ തിരിച്ചുള്ള ചോദ്യം. മിഥുനെ രക്ഷിക്കാൻ മറ്റൊരു കള്ളക്കേസുണ്ടാക്കി അതിനു എഫ് ഐ ആർ അടക്കമുള്ള രേഖകൾ പോലീസ് ചമച്ചുകഴിഞ്ഞിരുന്നു. ഇതോടെ തന്റെ കേസിന്റെ എഫ് ഐ ആറും മൊഴിപ്പകർപ്പും തരാൻ കമൽസി ആവശ്യപ്പെട്ടു. നിന്റെ കേസിൽ എഫ് ഐ ആർ ഇട്ടിട്ടുണ്ടോ എന്നുപോലും ഞങ്ങൾക്കറിയില്ല, ഇൻസ്‌പെക്ടർ ഇവിടെയില്ല എന്നായിരുന്നു മറുപടി. അതോടെ കമൽസി നടുറോഡിൽ ഇരുന്നു ട്രാഫിക്ക് തടസ്സപ്പെടുത്തി പ്രതിഷേധിച്ചു. പത്തു മിനിറ്റിനകം എസ് ഐ വന്നു കമൽസിയെ കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിൽ കൊണ്ടുപോയി.

തന്റെ ഓഫീസിന്റെ ചുമരിൽ ചേർത്തു നിർത്തി കമൽസിയെ മർദ്ദിച്ചുകൊണ്ടാണ് എസ് ഐ സംസാരിച്ചത്. “നിനക്കൊന്നും ഒന്നും ചെയ്യാൻ സാധിക്കില്ല. നിനക്ക് വർഗീസിന്റെ അനുഭവം അറിയാമോ? നിന്റെ കാര്യത്തിൽ അത്ര പോലും ആവശ്യമില്ല” എന്നൊക്കെയായിരുന്നു ദേഹോപദ്രവത്തോടു കൂടിയുള്ള ഭീഷണികൾ. “എനിക്കും നിങ്ങൾക്കും ഭരണഘടന ഉറപ്പു തരുന്ന കാര്യങ്ങൾ ഉണ്ട്. നമ്മൾ രണ്ടുപേരും തൊഴിൽ ചെയ്യുന്നവരല്ലേ. എന്റെ ജോലി എഴുത്താണ്. അതാണ് ഞാൻ ചെയ്തത്. താങ്കൾ താങ്കളുടെ ജോലിയല്ലേ ചെയ്യേണ്ടത്” എന്നായിരുന്നു കമൽസിയുടെ മറുപടി.

ഇതിനിടയിൽ പോലീസ് തന്നെ കസ്റ്റഡിയിൽ എടുത്ത കാര്യം ഫേസ്ബുക്കിൽ കമൽസി ഇട്ടിരുന്നത് കാരണമാവാം നിരവധി മാധ്യമങ്ങളിൽ നിന്നും സ്റ്റേഷനിലേക്ക് ഫോൺ കോൾ വരുന്നുണ്ടായിരുന്നു. അതോടെ ഇതും പ്രശ്നമാവും എന്ന് തോന്നിയതിനാലാവാം പോലീസ് അടവുമാറ്റി, “ശരി, നിനക്ക് മേലെ ഒരു പെറ്റിക്കേസ് മാത്രമേ എടുക്കുന്നുള്ളൂ. ജാമ്യത്തിന് രണ്ടാളുകളെ വിളിച്ചു വരുത്തി എഴുതിത്തന്നിട്ട് പൊയ്ക്കോളൂ” എന്നായി. തലേന്ന് തനിക്കു നേരെ നടന്ന ആക്രമണത്തിന്റെ കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് വന്ന ആളോട്!

“പെറ്റിക്കേസേ എടുത്തുള്ളു എന്നതിൽ സന്തോഷം തന്നെ സാറേ. പക്ഷെ ഞാനിവിടെ പരാതിക്കാരനായി വന്നവനാണ്. പ്രതിയായല്ല. എന്റെ പരാതിയിൽ ഇട്ട എഫ് ഐ ആർ വേണം. നിങ്ങൾ എന്റെ പേരിലും കേസെടുത്തോളു. പക്ഷേ നിങ്ങളെന്നെ ഉപദ്രവിച്ചിട്ടുണ്ട്. എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി പരിശോധിച്ച് മെഡിക്കൽ റിപ്പോർട്ടും ചേർക്കണം”. ഒടുവിൽ എഫ് ഐ ആറിന്റെ കോപ്പി നൽകാനും അദ്ദേഹത്തെ ഹോസ്പിറ്റലിൽ കൊണ്ടുപോവാനും പോലീസ് തയ്യാറായി.

ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവിടെ കാത്തുനിന്നിരുന്ന മാധ്യമങ്ങളോട് സംസാരിക്കാൻ പോലീസ് സമ്മതിച്ചില്ല. എങ്കിലും “എന്റെ സംസാരിക്കാനുള്ള അവകാശത്തെ നിങ്ങൾക്ക് തടയാനാവില്ല” എന്നുപറഞ്ഞ് കമൽസി സംസാരിക്കുക തന്നെ ചെയ്തു.

മെഡിക്കൽ പരിശോധനയ്ക്കായി മൂത്രം എടുക്കാൻ വേണ്ടി കയറിയ ഹോസ്പിറ്റലിലെ ടോയ്‌ലെറ്റിന് കുറ്റിയുണ്ടായിരുന്നില്ല. വാതിൽ ചാരി മൂത്രം എടുക്കുമ്പോൾ തള്ളിത്തുറന്നു ഒരു പോലീസുകാരൻ അകത്ത് കയറി തന്റെ ഫോണിൽ കമൽസി മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ എടുക്കാൻ ശ്രമിച്ചു!! “മൂത്രമൊഴിക്കാനുള്ള സ്വകാര്യത പോലും തരില്ലേ സാറേ” എന്ന് ഉച്ചത്തിൽ ചോദിച്ചു പോലീസുകാരനെ തള്ളിമാറ്റി വാതിൽ ശരീരം കൊണ്ട് തള്ളിപ്പിടിച്ചാണ് കമൽസി മൂത്രം ശേഖരിച്ചത്.

അതുമായി ലാബിൽ ചെല്ലുമ്പോൾ മറ്റൊരു പോലീസുകാരൻ അതുപോലൊരു ഡബ്ബയിൽ വേറെ മൂത്രം കൊണ്ടുവന്നു കൂടെ വച്ചു. അതാണ് കമൽസിയുടെ മൂത്രം എന്നും പറഞ്ഞു കൊടുക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും ബഹളമുണ്ടാക്കേണ്ടി വന്നു. തന്റെ പേരെഴുതി ഒരു ഡബ്ബ തരണമെന്നും, പോലീസുകാരുടെ ഉപദ്രവമില്ലാതെ മൂത്രം ശേഖരിക്കാൻ സൗകര്യം ചെയ്തു തരണമെന്നും തരുന്ന മൂത്രം തന്റെ സന്നിധ്യത്തിൽ സീൽ ചെയ്തു പരിശോധനയ്ക്ക് കൊടുക്കണമെന്നും കമൽസി ഡോക്ടറോട് ആവശ്യപ്പെട്ടു. ഡോക്ടർ അതിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തു. കമൽസിയെ പരിശോധിച്ച ഡോക്ടർ അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവണം എന്ന് പോലീസിനോട് ആവശ്യപ്പെട്ടു.

രാത്രി തിരികെ സ്റ്റേഷനിൽ വന്നു സുഹൃത്തായ സുദീപിന്റെ ജാമ്യത്തിൽ ഇറങ്ങി. പോലീസ് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ കൊണ്ടുപോവാൻ തയ്യാറായില്ല. ശേഖരിച്ച മൂത്രം പരിശോധനയ്ക്ക് അയക്കുന്ന കാര്യം ചോദിച്ചപ്പോൾ അതൊക്കെ ഞങ്ങൾ ചെയ്തോളും എന്നായിരുന്നു മറുപടി.

തലേന്നത്തെ ആക്രമണത്തിന്റെ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത് പൂർണ്ണമായും തെറ്റായ വിവരങ്ങളാണ്. മൊഴിയുടെ പകർപ്പ് കൊടുത്തിട്ടില്ല. കമൽസി 15നു രാത്രി പതിനൊന്നേകാൽ മണിക്കാണ് പരാതിപ്പെട്ടത് എന്നാണ് എഫ് ഐ ആറിൽ. മിഥുന്റെ പേരില്ല. കണ്ടാലറിയാവുന്നവർ എന്നാണു പ്രതികളെക്കുറിച്ച്. അതിലൊക്കെ ഉപരി, കമൽസി മൊണാഡ് ഹോട്ടലിൽ വച്ച് മനുസ്മൃതിഃ കത്തിച്ചു എന്നാരോപിച്ചു കണ്ടാലറിയാവുന്ന വ്യക്തികൾ ആക്രമിച്ചു എന്നാണ് എഫ് ഐ ആറിൽ കൊടുത്തിരിക്കുന്ന വിവരണം! കുന്നമംഗലത്തു കഴിഞ്ഞ രണ്ടു വർഷമായി താമസിക്കുന്ന കമൽസിയുടെ അഡ്രസിന്റെ സ്ഥാനത്ത് “അൺനോൺ” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തന്റെ പേരിൽ ആരുടേതെന്നറിയാത്ത, ദുരൂഹമായ, പ്രഥമദൃഷ്ട്യാ തന്നെ കേസെടുക്കാൻ വകുപ്പില്ലാത്ത പരാതിയിൽ രാജ്യദ്രോഹക്കുറ്റം നേരിടുന്നയാളുടെ ഒറ്റയാൾ പ്രതിരോധത്തിന്റെ രണ്ടുദിവസത്തെ അനുഭവത്തിന്റെ ചെറിയഭാഗം മാത്രമാണിത്. എന്നിട്ടും നീതിയുടെ അടുത്തുപോലും എത്താത്ത പരിണിതിയും. ഫേസ്ബുക്കിൽ കിട്ടുന്ന ഭീഷണികൾക്കും അധിക്ഷേപങ്ങൾക്കും പുറമേ ഇപ്പോൾ പാർട്ടി മാധ്യമങ്ങളും കേസിനെപ്പറ്റി നുണകൾ പ്രചരിപ്പിക്കുകയും പോലീസ് ഭാഷ്യം ന്യായീകരിച്ചുകൊണ്ടേ ഇരിക്കുന്നുമുണ്ട്.

ഈ പ്രതിരോധത്തിനിടയിൽ എടുക്കുന്ന നിലപാടുകൾ തന്നെയാണ് കമൽസിയുടെ രാഷ്ട്രീയം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പോലീസിനോടും ഭരണകൂട സംവിധാനങ്ങളോടും ഇടപെടുന്ന ഓരോ നിമിഷവും കലഹിച്ചുകൊണ്ടേ ഇരിക്കേണ്ടി വരിക. അതിലെ ഓരോ അവകാശനിഷേധത്തേയും അപ്പപ്പോൾ ചോദ്യം ചെയ്യുക.വരും വരായ്കകളെക്കുറിച്ച് ആലോചിച്ചു നിൽക്കാതെ, ഭരണകൂട ഔദാര്യങ്ങൾക്ക് കീഴ്‌പ്പെടാതെയുള്ള കലഹം. അതേസമയം കൊല്ലാൻ വരുന്ന ഹനുമാൻ സേനക്കാരനോട് പോലും തോളിൽ കയ്യിട്ടു, മോനെ എന്നുവിളിച്ചു നമുക്ക് സംസാരിക്കാം എന്ന് പറയുന്ന ജനാധിപത്യ ഇടപെടൽ. മൊഴിയെടുക്കുന്നതിന് മുൻപ്, “നിന്നെ തല്ലിയവനെ കണ്ടുകിട്ടിയാൽ അവനെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് അകത്തിടും” എന്ന പോലീസ് ഗീർവാണത്തോട്, “അതൊന്നുമല്ല എന്റെ ആവശ്യം” എന്നു പറയുന്ന ജനാധിപത്യ ബോധം.

ഇന്നിപ്പോൾ കമലിനെതിരെ ആക്രമണം നടന്ന മൊണാഡ് ഹോട്ടലിന്റെ ജീവനക്കാരും എംഡിയും സിസി ടിവി ദൃശ്യങ്ങൾ അടക്കം ഹാജരാക്കി കമൽസിക്കുവേണ്ടി മൊഴി നൽകാൻ തയ്യാറായി വന്നപ്പോൾ മിഥുന്റെ ബന്ധുക്കൾ കമലിനെ സമീപിച്ചിട്ടുണ്ട്. “ഞാൻ പോലീസിലോ പോലീസിന്റെ നീതിയിലോ വിശ്വസിക്കുന്ന ആളല്ല. ആർക്കും ആർക്കെതിരേയും പോലീസിൽ പോവേണ്ടി വരരുതേ എന്ന് വിശ്വസിക്കുന്ന ആളാണ്. കേസ് പിൻവലിക്കുന്ന കാര്യം ആലോചിക്കാം” എന്നായിരുന്നു കമലിന്റെ മറുപടി.

സംഘപരിവാർ പ്രവർത്തകരോടും തന്നെ കഴുകൻ കണ്ണുകളോടെ നിരീക്ഷിച്ചു അധിക്ഷേപിക്കുന്ന സഖാക്കളോടും, അവരുടെ അധികാരരൂപങ്ങളുടെ ഫാസിസത്തിനു നേരെ കലഹിക്കുമ്പോഴും, ജനാധിപത്യപരമായിത്തന്നെയാണ് ഇടപെടേണ്ടത് എന്നു വിശ്വസിക്കുന്ന രാഷ്ട്രീയം.

കമൽസിയുടെ തന്നെ വാക്കുകളിൽ: സുഹൃത്തുക്കളെ, 51 വെട്ട് വെട്ടിയവർ വിളിച്ചാലും പോകും കൈ വെട്ടിയവർ വിളിച്ചാലും പോവും. പിണറായിയുടെ വെടികൊണ്ട് മരിച്ചുകൊണ്ടിരിക്കുന്നവർ വിളിച്ചാലും പോവും. അവർ എന്നെ വിളിക്കുന്നത് വെട്ടാനല്ല. സംസാരിക്കാനാണ്. യോജിപ്പും വിയോജിപ്പും പറയുകയും ചെയ്യും. അത് എനിക്ക് ജീവിച്ചിരിക്കാനും സംസാരിക്കാനുള്ള ജനാധിപത്യാവകാശമാണ്.
(2017 ജനുവരി 18നു ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച നോട്ട് പുനഃപ്രസിദ്ധീകരിച്ചത്)

Leave a Reply