ജിയോ ഹോ! ക്യാഷ് ലെസ്സ് ഇന്ത്യാ!

jio-pageimg1ജിയോ സര്‍വീസുകള്‍ സംബന്ധിച്ച മുകേഷ് അംബാനി ഡിസംബര്‍ ഒന്നാം തീയ്യതി നടത്തിയ പ്രഖ്യാപനങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്  “നോട്ട് പിൻവലിച്ച പ്രധാനമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്തു”, “ജിയോ വെല്‍കം ഓഫര്‍ മാര്‍ച്ച് 31 വരെ നീട്ടി” എന്നിങ്ങനെയാണ്. പ്രഖ്യാപനങ്ങള്‍ ലൈവ് കണ്ടപ്പോള്‍ എനിക്കുണ്ടായ അമ്പരപ്പുകള്‍ ഒന്നും ഈ റിപ്പോര്‍ട്ടുകളില്‍ കാണുന്നേയില്ല. ആളുകള്‍ക്കും ഇല്ലെന്നു തോന്നുന്നു. സോഷ്യല്‍ മീഡിയയില്‍ ആഘോഷങ്ങളും, മറ്റു മൊബൈല്‍ ഉപഭോക്താക്കള്‍ക്കു നേരെ പതിവു ട്രോളുകളും.

പ്രമുഖ ദേശീയ ചാനലുകളില്‍ ഉച്ചക്കുള്ള പ്രൈം ടൈമില്‍ ലൈവായാണ് അംബാനിയുടെ അര മണിക്കൂര്‍ പ്രസംഗം സംപ്രേക്ഷണം ചെയ്തത്. നേരത്തെയുള്ള അറിയിപ്പോടെ. മറ്റേയാളുടെ പോലെ റെക്കോര്‍ഡ്‌ ചെയ്ത ‘ലൈവല്ല’. ശരിക്കും ലൈവ്. ഒരു ദേശീയ നേതാവിന്റെ പ്രസംഗം ടെലിക്കാസ്റ്റ് ചെയ്യുന്ന ഗൗരവത്തോടെ ബ്രേക്കിംഗ് ന്യൂസ്‌ സ്പ്ളാഷുകളോടെ പ്രസംഗം പുരോഗമിക്കുന്തോറും ബ്ലര്‍പ്പുകള്‍ കാണിച്ചുകൊണ്ടുള്ള സംപ്രേക്ഷണം. “സ്പോണ്‍സേർഡ് പ്രോഗ്രാം” ആയിരുന്നില്ല. ഒരു സ്വകാര്യ മൊബൈല്‍ കമ്പനിയുടെ സര്‍വീസ് ഓഫറുകള്‍ ആണോ ഇങ്ങനെ സംപ്രേക്ഷണം ചെയ്തത്?

ജിയോയുടെ കുറച്ചു ജീവനക്കാരുടേയും ക്ഷണിക്കപ്പെട്ട കുറച്ചു അതിഥികളുടേയും മുന്നില്‍ ഒരു ചെറിയ ഹാളില്‍ നടത്തിയ പ്രസംഗം മുകേഷ് തുടങ്ങിയത്  “ഗുഡ് ആഫ്റ്റര്‍നൂണ്‍ ഇന്ത്യ” എന്ന സംബോധനയോടെയാണ്. മുകേഷ് ഇന്ത്യന്‍ ജനതയോടാണ് സംസാരിച്ചത്.

പുതുതായി ജിയോ സിം എടുക്കുന്ന ആളുകള്‍ക്ക് മാത്രമല്ല, നിലവിലെ ഉപഭോക്താക്കള്‍ക്കും മാര്‍ച്ച്‌ 31 വരെ സൗജന്യ സേവനങ്ങള്‍ നീട്ടിക്കൊടുക്കുന്നു തുടങ്ങിയ ഔദാര്യങ്ങള്‍ക്കിടയില്‍ മുകേഷ് പറഞ്ഞ ചില കാര്യങ്ങള്‍ വിശേഷണങ്ങളും പതിവ് കോര്‍പ്പറേറ്റ് തള്ളലും ഒഴിവാക്കി നോക്കിയാല്‍ ഇതൊക്കെയാണ്:

 • 83 ദിവസങ്ങള്‍ക്കുള്ളില്‍ 5 കോടി ആളുകളാണ് ജിയോ ഉപഭോക്താക്കളായത്. അടുത്ത മാര്‍ച്ച്‌ മാസത്തോടെ ഇത് ഇരട്ടിയാക്കും.
 • ആധാര്‍ അടിസ്ഥാനമാക്കിയുള്ള eKYC മുഖേന ദിവസേന ശരാശരി 6 ലക്ഷം പേര്‍ക്ക് സര്‍വീസ് ആക്റ്റിവേറ്റ് ചെയ്തു നല്‍കി. എന്നു വച്ചാല്‍ 5 കോടി ഉപഭോക്താക്കളുടെ ‘അക്കൗണ്ടുകളും’ KYC നോംസ് പാലിക്കുന്നതാണ്. ബാങ്കിംഗ് മേഖലയില്‍ മാത്രം ബാധകമായിരുന്ന KYC ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള eKYC മൊബൈല്‍ കണക്ഷന്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് ഈ ആഗസ്റ്റ്‌ മാസത്തിലാണ്. ജിയോ ഒഴികെ മറ്റുള്ള മൊബൈല്‍ പ്രൊവൈഡർമാര്‍ ഈ സംവിധാനം രാജ്യവ്യാപകമായി നടപ്പിലാക്കിയിട്ടില്ല. എയര്‍ടെല്‍ ഇരുപതിനായിരം സ്റ്റോറുകളില്‍ മാത്രമാണ് ഇതുവരെ നടപ്പിലാക്കിയിട്ടുള്ളത്. നോട്ടു നിരോധനത്തോടെ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ് KYC.
 • രാജ്യത്തുള്ള രണ്ടുലക്ഷം ജിയോ സ്റ്റോറുകളിലാണ് ഈ സംവിധാനമുള്ളത്. ഈ നേട്ടത്തിനൊപ്പം ഒരു കാരണവുമില്ലാതെ, ഇത് രാജ്യത്തെ ATM ന്റെ എണ്ണത്തിനു തുല്യമെന്ന് മുകേഷ് പറയുന്നുണ്ട്. അടുത്ത മാര്‍ച്ച്‌ മാസത്തോടെ ജിയോ സ്റ്റോറുകളുടെ എണ്ണം 4 ലക്ഷം ആക്കുമെന്ന പ്രഖ്യാപനവും.
 • നോട്ട് നിരോധനത്തിനു മോഡിയെ അഭിനന്ദിച്ചുകൊണ്ട് മുകേഷ് പറയുന്നത് ഈ നീക്കം ക്യാഷ് ലെസ്സ് ഇക്കോണമിക്കു വേണ്ടിയാണ് എന്നും ഇനി ഓരോ ഇന്ത്യക്കാരന്റേയും കയ്യില്‍ മൊബൈല്‍ എന്ന ഒരു ATM ഉണ്ടാക്കുമെന്നാണ്. ഇനി മുതല്‍ എവിടേയും ക്യൂ നില്‍ക്കേണ്ടതില്ലെന്നും.
 • ഇതിനായി രണ്ടു ആപ്പുകളാണ് ജിയോ ഇന്നലെ പുതുതായി പരിചയപ്പെടുത്തിയത്. സാധനങ്ങള്‍ വാങ്ങാന്‍ പേടിഎമ്മിനു തുല്യമായ ‘ജിയോ മണി’ എന്ന വാലറ്റ് ആപ്പും, ഈ പെയ്‌മെന്റ് അക്കൗണ്ടുകളില്‍ സ്വീകരിക്കാനും വിതരണക്കാരുമായി ഇടപാട് നടത്താനുമുള്ള കച്ചവടക്കാര്‍ക്കുള്ള മറ്റൊരു ആപ്പും. ജിയോ മണി ആപ്പില്‍ സാധാരണ നിലയില്‍ നേരത്തേ പണം നെറ്റ് ബാങ്കിംഗ് പോലുള്ള വഴിയേ നിക്ഷേപിക്കണം. പതിനായിരം രൂപവരെ നിക്ഷേപിച്ചു ഉപയോഗിക്കുന്നതിനു രേഖകള്‍ ആവശ്യമില്ല.
 • മറ്റൊരു പ്രഖ്യാപനം ജിയോ രാജ്യമെമ്പാടും മില്യണ്‍ കണക്കിനു സ്ഥലങ്ങളില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള മൈക്രോ ATM സംവിധാനമുണ്ടാക്കും എന്നതാണ്.  മൈക്രോ ATM എന്നു വച്ചാല്‍ കടകളില്‍ പണത്തിനു പകരം കാര്‍ഡ്‌ സ്വൈപ്പ് ചെയ്യുന്ന അതേ ചെറിയ ഉപകരണം. പക്ഷേ ഓപറേറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന്‍ പണം തരും. നോട്ട് നിരോധനത്തിന്റെ ആദ്യ ദിവസങ്ങളില്‍ ആളുകളുടെ വിഷമം പരിഹരിക്കാന്‍ നൂറുകണക്കിന് മൈക്രോ ATM സംവിധാനം ഉണ്ടാക്കുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും കേരളത്തില്‍ പോലും ഒരിടത്തോ മറ്റോ മാത്രമേ ഏര്‍പ്പെടുത്തിയിരുന്നുള്ളൂ. ഏതാണ്ട് ഇരുപതിനായിരം രൂപ മാത്രം വിലയുള്ള ഈ ഉപകരണം എന്തുകൊണ്ട് ബാങ്കുകള്‍ ഏര്‍പ്പെടുത്തിയില്ല? പ്രധാനകാരണം കറന്‍സി ക്ഷാമം തന്നെ. അപ്പോള്‍ ജിയോയ്ക്ക് ഇതെങ്ങനെ സാധിക്കും? മിക്കവാറും പണമായിട്ടായിരിക്കില്ല, ‘ജിയോ മണി’ ക്രെഡിറ്റ്‌ ആയിട്ടായിരിക്കും കിട്ടുക. അതു കടകളില്‍ ഉപയോഗിക്കാം. അങ്ങനെയെങ്കില്‍ ബാങ്കുകള്‍ക്ക്  ഈ കാര്‍ഡ്‌ സ്വൈപ്പ് മഷീന്‍ വച്ചാല്‍ പോരായിരുന്നോ? എന്തിനു ജനങ്ങളുടെ പണം ജിയോയില്‍ നിക്ഷേപമാക്കി മാറ്റണം? മറ്റൊരു കാര്യം  കാര്‍ഡ്‌ സ്വൈപ്പ് മഷീനുകള്‍ക്ക് കേന്ദ്രം നികുതി ഒഴിവാക്കി കൊടുത്തിട്ടുണ്ട്‌.

ഏറിവന്നാല്‍ ഇതൊക്കെ നിലവിലെ സാഹചര്യങ്ങള്‍ ജിയോ മുതലെടുത്തതായിരിക്കില്ലേ എന്നു തോന്നാം. നിലവിലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനങ്ങളും മുതലെടുപ്പ് നടത്തുന്നില്ലേ എന്നും വാദിക്കാം. എന്നാലങ്ങനെയല്ല എന്നതിന് ഇനിയും ചില കാര്യങ്ങള്‍ ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

ഡിജിറ്റലായ, ‘ക്യാഷ് ലെസ്സ് ഇക്കോണമി’ സാധ്യമാവുന്നത് എങ്ങനെയാണ് എന്നുനോക്കാം. ക്യാഷ് ലെസ്സ്, കറന്‍സിരഹിത ഇടപാടുകള്‍ എന്നു പറഞ്ഞാല്‍ കറന്‍സി ആവശ്യമില്ല എന്നല്ല. ബാങ്കിംഗ് ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ സങ്കീര്‍ണ്ണതകളിലേക്ക് പോവുന്നില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തണമെങ്കില്‍ നമ്മുടെ അക്കൗണ്ടില്‍ പണം വേണം എന്ന പ്രാഥമിക മനസ്സിലാക്കല്‍ ഉണ്ടായാല്‍ മതി. പണം കൈമാറിയുള്ള ഇടപാടിനു പകരം സാധനം/സര്‍വീസ് വാങ്ങുന്നവന്റെ അക്കൗണ്ടില്‍ നിന്നും വില്‍ക്കുന്നവന്റെ അക്കൗണ്ടിലേക്ക് മാറുകയാണല്ലോ. ഒരേ ബാങ്ക് ആണെങ്കില്‍ ബാങ്കിന്റെ കണക്കില്‍ മാറിയാല്‍ മതി. വ്യത്യസ്തബാങ്കുകള്‍ ആണെങ്കില്‍ അക്കൗണ്ട്‌ പരിശോധനയ്ക്കും മറ്റു നിയമങ്ങള്‍ക്കും വിധേയമായി ബാങ്കുകള്‍ തമ്മിലുള്ള കണക്കുകളില്‍ രേഖപ്പെടുത്തി റിസര്‍വ് ബാങ്ക് നിയമപ്രകാരം കണക്കും പണവും റികണ്‍സൈല്‍ ചെയ്യും. അതു ചിലപ്പോള്‍ ബാങ്കുകള്‍ തമ്മില്‍ ആയിരിക്കാം അല്ലെങ്കില്‍ റിസര്‍വ് ബാങ്കിലെ അവരുടെ നിക്ഷേപത്തിന്റെ കണക്കില്‍ ആയിരിക്കാം.ആത്യന്തികമായി ഇതില്‍ കണക്കുകളാല്‍ ‘കൈമാറ്റം’ ചെയ്യപ്പെടുന്ന നോട്ടുകള്‍ ശൃംഖലയില്‍ എവിടെയെങ്കിലും ഉണ്ടായിരിക്കണം.

ശക്തമായ ബാങ്കിംഗ് സംസ്കാരമുള്ള ഒരു സമൂഹത്തില്‍ മാത്രമേ ഇത് ഫലപ്രദമായി സാധിക്കൂ. പണം ബാങ്കില്‍ സൂക്ഷിക്കുകയും ആവശ്യത്തിനുമാത്രം പിന്‍വലിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍. കാരണം ഭൂരിഭാഗവും ഇടപാടുകളും ബാങ്കുകള്‍ തമ്മിലാണ് എന്നാവണമെങ്കില്‍ ഇടപാടുകാരുടെ, സമൂഹത്തിന്റെ ഭൂരിഭാഗം പണവും ബാങ്കില്‍ ആയിരിക്കണം. ഉപഭോഗ കേന്ദ്രീകൃതമായ സര്‍വീസുകള്‍, സുരക്ഷിതവും കാര്യക്ഷമവുമായ ഇന്‍ഫ്രാസ്ട്രക്ചർ എന്നിവ ബാങ്കുകള്‍ നല്‍കുകയും അതേസമയം ബാങ്കിംഗ് രീതികളെക്കുറിച്ചും ഗുണദോഷങ്ങളെക്കുറിച്ചും സാമാന്യമായി എങ്കിലും അവബോധമുള്ള ജനതയും ഉണ്ടാവുമ്പോള്‍ മാത്രമേ അങ്ങനെയൊരു സംസ്കാരം തന്നെ ഉണ്ടാവൂ. അത് കാലങ്ങള്‍കൊണ്ട് സംഭവിക്കുന്നതാണ്. ഇന്ത്യയില്‍ ഇതിനുള്ള സാധ്യത പോലും ഇല്ലായിരുന്നു. അതും കഴിഞ്ഞു ഡിജിറ്റല്‍ വിനിമയത്തിലേക്ക് പോവാന്‍ ഡിജിറ്റല്‍ അവബോധമുള്ള ഒരു സമൂഹവും ഉണ്ടാവേണ്ടതുണ്ട്. അതിന്റെ കാര്യം നമുക്കറിയാമല്ലോ.

ഇതില്‍ ഒരു കുറുക്കുവഴി ഉപയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍. വിപണിയിലുണ്ടായിരുന്ന, ആളുകളുടെ കയ്യില്‍ ഉണ്ടായിരുന്ന പണത്തിന്റെ 86% ശതമാനം (16 ലക്ഷം കോടി രൂപ) ഒരൊറ്റ ദിവസം കൊണ്ട് പിന്‍വലിക്കുകയും ചെറിയൊരു തുക മാത്രം മാറ്റിയെടുക്കാനും ബാക്കി മുഴുവന്‍ നിക്ഷേപിക്കാന്‍ മാത്രം അനുവാദം കൊടുക്കുകയും ചെയ്തതോടെ ജനങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭൂരിഭാഗം പണവും ബാങ്കുകള്‍ക്കുള്ളിലായി. (വാസ്തവത്തില്‍ അതും കണക്കില്‍ മാത്രം. അത് പ്രധാനമായി ശ്രദ്ധിക്കണം. അതേക്കുറിച്ച് വഴിയേ പറയാം). ഇതുവരെയുള്ള കണക്കു പ്രകാരം 11 ലക്ഷം കോടി രൂപ കണക്കില്‍ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലാണ്. ‘സാങ്കേതികമായി’ കറന്‍സി രഹിത ഡിജിറ്റല്‍ വിനിമയത്തിനു പാകമാക്കി. നോട്ട് മാറ്റി വാങ്ങാനുള്ള ഓരോ ഉപാധിയും, തന്നിരുന്ന ഉറപ്പുകള്‍ ഓര്‍ക്കാപ്പുറത്ത് പിന്‍വലിച്ചുകൊണ്ട് ഈ പ്രക്രിയ ഇപ്പോഴും തുടരുകയാണ്.

ജനങ്ങളുടെ കയ്യിലെ പണം പിടിച്ചുപറിച്ചു ആര്‍ക്കുവേണ്ടിയാണ് ഇത് ചെയ്തത്? ജനങ്ങള്‍ക്ക് വേണ്ടിയാണോ?

കള്ളപ്പണത്തിനെതിരെയുള്ള നീക്കമെന്നും അങ്ങേയറ്റത്തെ രഹസ്യാത്മകത സൂക്ഷിക്കാന്‍ വേണ്ടിയാണ് മണിക്കൂറുകള്‍കൊണ്ട് നടപ്പിലാക്കിയത് എന്നുമാണ് വാദം. ഇതു രണ്ടും കള്ളമായിരുന്നു എന്നത് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം വന്നതാണ്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ നോക്കാം:

 • 2016 ഓഗസ്റ്റ്‌ പകുതിയോടെ eKYC ഉപയോഗിച്ചുള്ള മൊബൈല്‍ ആക്റ്റിവേഷന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നു.
 • സെപ്റ്റംബര്‍ 1നു പൂര്‍ണ്ണ eKYC ആക്റ്റിവേഷന്‍ സജ്ജീകരണങ്ങളോടെ ജിയോ രണ്ടു ലക്ഷം കേന്ദ്രങ്ങള്‍ വഴി സൗജന്യമായി സിമ്മും അമ്പരപ്പിക്കുന്ന ഓഫറുകളും പ്രഖ്യാപിച്ചുകൊണ്ട് തുടങ്ങുന്നു. ഡിസംബര്‍ 31 വരെ പൂര്‍ണ്ണമായും സൗജന്യമായ സേവനങ്ങള്‍.
 • സെപ്റ്റംബര്‍ 6നു പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി റിലയന്‍സിന്റെ പഴയ ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റ് ഉര്‍ജിത് പട്ടേലിനെ നിയമിക്കുന്നു. മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ത്തതിനാല്‍ സമ്മര്‍ദ്ദം ചെലുത്തി രാജിവെപ്പിക്കുകയായിരുന്നു.
 • നവംബര്‍ 8നു മുന്‍പ് എപ്പോഴോ ആര്‍ബിഐ ഡയറക്ടര്‍മാരുടെ സെന്‍ട്രല്‍ ബോര്‍ഡ് ചേര്‍ന്നു നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം എടുക്കുന്നു. ഈ ബോര്‍ഡില്‍ കോര്‍പറേറ്റ് പ്രതിനിധികള്‍ അംഗങ്ങളാണ്. ഇപ്പോഴത്തെ പ്രതിനിധികള്‍ ആരൊക്കെയാണ് എന്ന കാര്യം പരസ്യമല്ല.
 • നവംബര്‍ 8നു നോട്ടുകള്‍ പിന്‍‌വലിക്കുന്നു. ആര്‍ബിഐയും ധനകാര്യ മന്ത്രാലയവും നോട്ടിഫിക്കേഷന്‍ ഇറക്കുന്നു. മോഡി ലൈവ് എന്ന കള്ളം പറഞ്ഞു നേരത്തേ റെക്കോര്‍ഡ്‌ ചെയ്ത പ്രഖ്യാപനം സംപ്രേക്ഷണം ചെയ്യുന്നു.

തീര്‍ന്നില്ല. പക്ഷെ ഇടക്കൊരു കാര്യം കൂടെ നോക്കണം. നോട്ട് പിന്‍വലിച്ചതോടെ മൊബൈല്‍ ഉപഭോക്താക്കളുടെ കാര്യത്തില്‍ എന്തു സംഭവിച്ചു? ഓണ്‍ലൈന്‍ റീചാര്‍ജ് സാധിക്കുമെങ്കിലും പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ സൗജന്യമായി കിട്ടുന്ന, അഞ്ചു മിനുറ്റ് കൊണ്ട് ആക്റ്റിവേറ്റ് ചെയ്തു കിട്ടുന്ന ജിയോ ആയിരിക്കില്ലേ ആളുകള്‍ പരിഗണിച്ചിരിക്കുക. ജിയോ സിമ്മിലേക്ക് മാറിയവരുടെ എണ്ണവും കുറവായിരിക്കില്ല. ജനം നട്ടം തിരിയുന്ന കാലമായിട്ടും ജിയോയ്ക്ക് 5 കോടി ഉപഭോക്താക്കളെ ലഭിച്ചു.

ബാക്കി:

 • ഡിസംബര്‍ 1നു മുകേഷ് അംബാനി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു.
 • സൗജന്യ സര്‍വീസുകള്‍ മാര്‍ച്ച്‌ 31 വരെ നീട്ടുന്നു. ഇനിയും കോടിക്കണക്കിനു ആളുകള്‍ ജിയോ ഉപഭോക്താക്കള്‍ ആവുമെന്ന് ഉറപ്പുവരുത്തുന്നു.
 • നിലവിലെ നോട്ട് പ്രതിസന്ധിയെ കൃത്യമായി ഉപയോഗിക്കുന്ന പൂര്‍ണ്ണമായും ഉപയോഗസജ്ജമായ ഒരു സാമ്പത്തിക വിനിമയ നെറ്റ്‌വര്‍ക്ക് പ്രഖ്യാപിക്കുന്നു. (വിശദാംശങ്ങള്‍ മുകളില്‍ നല്‍കിയിട്ടുണ്ട്).
 • ഈ സര്‍വീസിനുള്ള ആപ്പുകള്‍ ഡിസംബര്‍ 4, 5 തീയ്യതികള്‍ മുതല്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിച്ചു തുടങ്ങാം. നോട്ട് നിരോധനം പ്രഖ്യാപിച്ചു ഇരുപതു ദിവസത്തിനുള്ളില്‍ ഇത്രയും സജ്ജമായ ഒരു സാമ്പത്തിക സിസ്റ്റം ഒരിക്കലും ഉണ്ടാക്കാന്‍ സാധിക്കില്ല. അതിനു വേണ്ടിയുള്ള ഔദ്യോഗികവും അല്ലാത്തതുമായ അംഗീകാരങ്ങള്‍ നേടാനും. ആപ്പിള്‍, ഗൂഗിള്‍ സ്റ്റോറുകളുടെ അപ്രൂവലുകള്‍ പോലും ഇത്തരം സാമ്പത്തിക വിനിമയങ്ങള്‍ക്കുള്ള ആപ്പുകളെ സംബന്ധിച്ച് സമയമെടുക്കുന്ന പ്രക്രിയയാണ്.
 • ഇതേ ദിവസം മോഡി കാഷ് ലെസ്സ് ഇക്കോണമിയെക്കുറിച്ചു സംസാരിക്കുന്നു, സര്‍ക്കാര്‍ തല പര്‍ചേസുകള്‍ക്ക് ഒരു ഇ-മാര്‍ക്കറ്റ്‌ പ്ലേസ് അവതരിപ്പിക്കാനും പ്ലാനുണ്ട്  എന്നറിയിക്കുന്നു.

ജിയോയുടെ കഴിഞ്ഞ മൂന്നുമാസത്തെ സൗജന്യ സമയത്ത് വാസ്തവത്തില്‍ സംഭവിച്ചത് ഒരു ടെസ്റ്റ്‌ റണ്‍ ആയിരുന്നു. 5 കോടി ഉപഭോക്താക്കള്‍ക്ക്  ‘ആവശ്യത്തിലധികം’ ഡാറ്റയൊക്കെ കൊടുത്തു നടത്തിയ ടെസ്റ്റ്‌. അതൊരു തെറ്റല്ല. പക്ഷേ കോടിക്കണക്കിന് ഉപഭോക്താക്കളെ പ്രതീക്ഷിച്ചുതന്നെ തുടങ്ങിയതാണ്  ഈ നെറ്റ്‌വര്‍ക്ക് എന്നത് അതുറപ്പാക്കുന്നുണ്ട്. ഇപ്പോള്‍ ഉള്ള ഇന്‍ഫ്രാസ്ട്രക്ചറും കപ്പാസിറ്റിയും വച്ചു തന്നെ കൊടുത്ത സൗജന്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പത്തല്ല, ഇരുപതു കോടി ഉപഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ സാധിക്കും. സൗജന്യ കാലഘട്ടത്തില്‍ തന്നെ.  ഇതൊക്കെ അംബാനി തന്നെ പ്രസംഗത്തില്‍ നേരിട്ടും അല്ലാതേയും സൂചിപ്പിക്കുന്നുണ്ട്. ഉപയോഗശീലം കൊണ്ടു മാത്രമല്ല, സാഹചര്യം കൊണ്ട് വിധേയരാക്കപ്പെടുന്നതു കൊണ്ടും സൗജന്യം എന്ന സമയം കഴിഞ്ഞാലും അനേകകോടി ആളുകള്‍ ഈ നെറ്റ്‌വര്‍ക്കില്‍ തുടരും. അവരെ സംബന്ധിച്ചിടത്തോളം പോലും അടിച്ചേല്‍പ്പിക്കപ്പെട്ട ഡിജിറ്റല്‍ ജീവിതമാണത്. ജിയോ രാജ്യത്തെ ഏറ്റവും വലിയ ലാഭമുണ്ടാക്കുന്ന കമ്പനിയാവാന്‍ പോവുന്നത് കോടികളെ ആശ്രിതവല്ക്കരിച്ചുകൊണ്ടാണ്.

ജിയോ വേണ്ടെന്നു വച്ചാല്‍, വേണ്ടെന്നു വെക്കുന്നവര്‍ ഈ ആശ്രിതത്വത്തില്‍ നിന്നും മോചിതരാവുന്നുണ്ടോ? ആശയപരമായി മോചിതമാവാം. പക്ഷെ ഇന്ത്യക്കാര്‍ മുഴുവനുമാണ് ജിയോ എടുത്താലും ഇല്ലെങ്കിലും ഈ സര്‍വീസിനു മുതല്‍ മുടക്കിയിരിക്കുന്നത്‌. അവര്‍ പോലും അറിയാതെ അഞ്ചുപൈസയുടെ ലാഭവിഹിതം കിട്ടാതെ.

‘ജിയോ മണി’ ഒരു ബാങ്കല്ല. ഈ സംവിധാനം നടപ്പിലാക്കുന്നത് എസ് ബി ഐയുടെ കൂടെ ചേര്‍ന്നാണ്. വൈകാതെ മറ്റു ബാങ്കുകള്‍ ചേരും. തീര്‍ച്ചയായും മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്ന ഏതാനും കോടികള്‍ക്ക് ഈ സര്‍വീസുകള്‍ വഴി പ്രശ്നങ്ങള്‍ ഇല്ലാതെ ജീവിക്കാം. ബാക്കിയുള്ളവരോ? അവരെക്കുറിച്ച് ആര്‍ക്കെങ്കിലും വേവലാതി ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ അതിനേക്കാള്‍ വലിയൊരു ചതി ഇതിനിടയില്‍ നടക്കുന്നില്ലേ?

ഇന്ത്യ മുഴുവന്‍ ക്യൂ നിന്ന്  കള്ളപ്പണം ഇല്ലാതാക്കാനാണ് എന്നു വിശ്വസിച്ചു അക്കൗണ്ടില്‍ കൊണ്ടുപോയി ഇട്ട, പലരുടേയും ജീവിതകാല സമ്പാദ്യമായ പണത്തിനു എന്താണ് സംഭവിച്ചത്? സ്വാഭാവികമായും ആ 11 ലക്ഷം കോടി രൂപയുടെ കറന്‍സികള്‍ നശിപ്പിച്ചു കളഞ്ഞേ പറ്റൂ. കണക്കില്‍ മാത്രമാണ് ഇപ്പോള്‍ ആ പണമുള്ളത്. കാഷ് ലെസ്സ് വിനിമയത്തിനും പ്ലാസ്റ്റിക് കറന്‍സി വിനിമയത്തിനും അപ്പോഴും കുറേ കറന്‍സികള്‍ ആവശ്യം വരില്ലേ. അതെങ്ങനെ കിട്ടും? സംശയമുണ്ടോ? ജിയോയുടെയോ അതുപോലുള്ളതോ ആയ സര്‍വീസുകളുടെ ഉപഭോക്താക്കള്‍ അല്ലാത്ത, ഒരു മൊബൈല്‍ ഫോണ്‍ പോലും കണ്ടിട്ടിട്ടില്ലാത്ത ഇന്ത്യയുടെ സാധാരണക്കാരന്റെ, പാവപ്പെട്ടവന്റെ, ജീവിതം നശിപ്പിച്ചു കൊള്ളയടിച്ച പണം കൊണ്ടാണ് അത് സാധിക്കുന്നത്. അതില്‍ സഹകരണ മേഖലയില്‍ നിന്നും പിടിച്ചു വച്ചിരിക്കുന്ന പാവപ്പെട്ടവരുടെ സമ്പാദ്യവും വരും.

പിന്‍വലിച്ച നോട്ടുകള്‍ മാറ്റാനും ഉപയോഗിക്കാനുമുള്ള വ്യാജവാഗ്ദാനങ്ങള്‍ തുടര്‍ച്ചയായി പിന്‍വലിച്ചു ആളുകളെക്കൊണ്ട് കയ്യിലുള്ള ലീഗലായ നോട്ടുകള്‍ നിര്‍ബന്ധമായും ഉപയോഗിപ്പിച്ച് ഇപ്പോഴും അവരുടെ പണം ഈ നിക്ഷേപത്തിലേക്ക് എത്തിക്കുന്നുണ്ട്. കറന്‍സി ഇല്ലാത്തതു കൊണ്ടു മാത്രമല്ല പണം പിന്‍വലിക്കാന്‍ സമ്മതിക്കാത്തത്. ഒരു വരേണ്യവര്‍ഗ്ഗത്തിന് സുഖമായി ജീവിക്കാന്‍ വേണ്ടിയാണ്. ആ വരേണ്യ ഉപഭോകൃത സമൂഹത്തെ ഉപയോഗിച്ച് വലിയ ഭീമന്മാര്‍ക്ക് സുഗമമായ കൊള്ള നടത്താന്‍ തന്നെയാണ്. അവര്‍ക്കു വേണ്ടി മാത്രമാണ് ഇന്ത്യയിലെ ലീഗല്‍ ടെണ്ടര്‍ ആയ നോട്ടുകള്‍ ഇപ്പോള്‍ ഓടുന്നത്. പിന്‍വലിച്ച നോട്ടുകളുടെ അത്രയും മൂല്യത്തിലുള്ള നോട്ടുകള്‍ തിരികെ എത്തിക്കാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു കഴിഞ്ഞു.

വലിയൊരു ഭാഗം കണക്കില്‍ മാത്രം ഓടുന്ന ഒരു സാമ്പത്തിക വ്യവസ്ഥ എത്രത്തോളം കള്ളക്കണക്കുകള്‍ക്ക് സാധ്യതയുള്ളതാണ് എന്ന് നിശ്ചയിക്കാന്‍ പോലും സാധിക്കില്ല. ഇന്ത്യ കണ്ട ഏറ്റവും കുംഭകോണമായിരിക്കും നോട്ട് നിരോധനം. ഡിജിറ്റല്‍ എന്നു വച്ചാല്‍ എന്തെന്നു പോലും അറിയാത്ത കോടിക്കണക്കിന് ആള്‍ക്കാരുടെ പണവും വാങ്ങിവെച്ചു അവരുടെ പേരിലൊക്കെ അക്കൗണ്ടും ഉണ്ടാക്കി സുതാര്യതയുടെ പേരില്‍ ഡിജിറ്റലിന്റെ മായാ ലോകത്ത് അഴിമതിയുടെ അനന്ത സാധ്യതകള്‍ ഉണ്ടാക്കി വച്ചിരിക്കുകയാണ്. ഈ ലോകമുണ്ടാക്കാന്‍ എന്തൊക്കെ നിയമങ്ങള്‍ ഉണ്ടാക്കിയെന്നും മറികടന്നു എന്നും ഒരുപക്ഷേ അറിയുകപോലുമില്ല. ആ ഡിജിറ്റല്‍ സാമ്പത്തിക ലോകത്തിന്റെ പരമാവധി നിയന്ത്രണം കയ്യടക്കിയ, ഇന്ത്യയെ ഇനി ‘നയിക്കാന്‍’ പോവുന്നയാളാണ് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചത്.

മോഡിയും മുകേഷ് അംബാനിയും അവരവരെടുത്ത നീക്കങ്ങളെക്കുറിച്ച് പറഞ്ഞത് അവ ഏറ്റവും ഗുണം ചെയ്യുക ഇന്ത്യയിലെ സാധാരണക്കാര്‍ക്കാണ് എന്നാണ്.  അതൊരു യാദൃച്ഛികതയല്ല. മോഡി മുഴുവനാളുകളുടേയും പണം എടുത്തുകൊണ്ടുപോവുമ്പോള്‍ മുകേഷ് എല്ലാം വെറുതെ തരുന്നു എന്നു പറയുന്നതും ഒരേ കാര്യത്തിനാണ് എന്നതും യാദൃച്ഛികതയല്ല. വംശീയതയുടേയും വംശഹത്യയുടേയും അമരക്കാരനും അഴിമതിയുടെ അമരക്കാരനും സുതാര്യതയുടെ അംബാസഡര്‍മാര്‍ ആവുന്നതും യാദൃച്ഛികതയല്ല. അത് ഇന്നത്തെ ഇന്ത്യയെന്ന യാഥാര്‍ത്ഥ്യമാണ്.

ഇതെഴുതുമ്പോള്‍ കാഷ് ലെസ്സ് ഇക്കോണമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ദേശീയ ചാനലുകള്‍ മാത്രമല്ല, മലയാള ചാനലുകള്‍ വരെ അരമണിക്കൂര്‍ കൊണ്ട് മൊബൈല്‍ ബാങ്കിംഗും പണമിടപാടുകളും പഠിപ്പിക്കുന്ന പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കാര്യങ്ങളുടെ പോക്ക് നിരവധി മുഖ്യധാരാമാധ്യമങ്ങള്‍ നേരത്തേയറിഞ്ഞിരുന്നു എന്നതും വ്യക്തമാണ്.

സമ്പദ്‌വ്യവസ്ഥിതിയുടെ മേലെ നിന്നു നോക്കുമ്പോള്‍ കാണുന്ന പെര്‍ഫോമന്‍സ് ഇന്റക്സുകളുടെ കണക്കില്‍ അവലോകനം നടത്തുന്ന സാമ്പത്തിക വിദഗ്ദ്ധര്‍ക്കും ഞാനടക്കമുള്ള പ്ലാസ്റ്റിക്, ഡിജിറ്റല്‍ കറന്‍സി ഉപഭോക്താക്കള്‍ക്കും അല്ലലില്ലാതെ ജീവിക്കാം. പക്ഷേ ഒരൊറ്റ രാത്രികൊണ്ട് എന്റെ സഹോദരർ ഞാന്‍ പോലുമറിയാതെ എന്റെ അടിമകളായതിന്റെ, എന്റെ ശത്രുക്കള്‍ പോലുമായതിന്റെ, അവരുടെ അധ്വാനം ഭക്ഷിക്കുന്ന അധമനായി ഞാന്‍ മാറിയതിന്റെ വ്യഥയും വച്ച് എങ്ങനെ ജീവിക്കും! തിരിച്ചെടുത്തേ പറ്റൂ അവരുടെയും എന്റെയും ജീവിതം.

Leave a Reply