ഉപ്പയും ഞാനും

എന്റെ എക്കാലത്തെയും പ്രിയ്യപ്പെട്ട ചെറുകഥകളില്‍ ഒന്നാണ് Par Lagerkvist ന്റെ Father and I. എന്റെ ജീവിതാനുഭവം പോലെത്തന്നെ, ‘വിശ്വാസം’ എന്നത് എത്ര മനോഹരമാകാമെന്നും അപ്പോള്‍ ഒരാഘാതം പോലെ വരുന്ന വിശ്വാസപ്രതിസന്ധിയുമൊക്കെ ചിത്രീകരിക്കുന്ന കഥ. പക്ഷേ അതുകൊണ്ടല്ല ഞാന്‍ ആ കഥ ഇഷ്ടപ്പെടുന്നതും ഇടക്കൊക്കെ എടുത്തു വായിക്കുന്നതും. അതിലെ അച്ഛനും മകനും റെയില്‍ പാളങ്ങള്‍ക്കരികിലൂടെയും വനത്തിലൂടെയും മറ്റും നടക്കുന്നത് എനിക്ക് കാണാമായിരുന്നു. പകലിലെയും ഇരുട്ടിലെയും അവരുടെ ലോകത്തെ. എന്നും രാവിലെയും സന്ധ്യകഴിഞ്ഞും ഞാനും എന്റെ ഉപ്പാനോടൊപ്പം നടക്കാറുണ്ടായിരുന്നു. ജീവിതത്തെപ്പറ്റി, കഴിഞ്ഞ കാലത്തെപ്പറ്റി, ചെയ്യനുള്ളതിനെപ്പറ്റി ഒക്കെ സംസാരിച്ചുകൊണ്ട്. അത് എന്റെ ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാന്‍ ഗള്‍ഫിലേക്ക് വരുന്നതുവരെ ചെയ്തിരുന്ന ഒരു കാര്യമായിരുന്നു. ഗള്‍ഫില്‍ നിന്നുവരുന്ന അവധിക്കാലത്ത്‌ അത് തുടരുകയും ചെയ്തിരുന്നു.

uppa1നാട്ടില്‍ “വീ കെ” എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന വി. കെ. അബ്ദുള്ള – എന്റെ ഉപ്പ, ആദ്യകാലത്ത് സോഷ്യലിസ്റ്റ്‌ ആയിരുന്ന ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്നു. മൂന്നാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. നന്നേ ചെറുപ്പത്തില്‍ തന്നെ ഉപ്പാന്റെ ഉപ്പയുടെ കൂടെ വെത്തില വില്‍ക്കാന്‍ പോവുമായിരുന്നു. കൌമാരത്തില്‍ മാഹി സ്പിന്നിംഗ് മില്ലില്‍ ജോലി ചെയ്തു. സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തത് കാരണം മില്ലില്‍ ഉണ്ടായിരുന്ന ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ടു. (സ്വതന്ത്ര സമരത്തില്‍ പങ്കെടുത്തത് മൈനര്‍ ആയിരുന്ന കാലത്താണ് എന്ന കാരണം പറഞ്ഞു പില്‍ക്കാലത്ത് സര്‍ക്കാര്‍ സ്വതന്ത്രസമര സേനാനികള്‍ക്കുള്ള പെന്‍ഷനും അദ്ദേഹത്തിന് നിഷേധിച്ചു. മാഹിയിലെ ഐ. കെ. കുമാരന്‍മാഷെ പോലെയുള്ള പ്രമുഖര്‍ സാക്ഷ്യപ്പെടുത്തിയിട്ടും). പിന്നീട് ഉപ്പ കൊപ്രകച്ചവടം നടത്തി. നാട്ടുകാരില്‍ നിന്നും തേങ്ങ വാങ്ങി വീട്ടില്‍ വച്ച് കൊപ്രയാക്കി വെളിച്ചെണ്ണ മില്ലുകളിലും ബ്രോക്കര്‍മാര്‍ക്കും വില്‍ക്കല്‍. പിന്നീട് നീണ്ട നാല്‍പതു വര്‍ഷക്കാലം ആ ബിസിനസ്സ് തന്നെയായിരുന്നു.

അഴിയൂര്‍ പഞ്ചായത്തിലെ മെമ്പറായി തുടര്‍ച്ചയായി 17 വര്‍ഷവും ഇടയ്ക്കു പഞ്ചായത്ത് പ്രസിഡണ്ട്‌ ആയി അഞ്ചു വര്‍ഷത്തോളവും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുപതുകളുടെ തുടക്കത്തില്‍ ഉണ്ടായ തലശ്ശേരി കലാപസമയത്ത് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അദ്ദേഹത്തിന്റെ പ്രായമായ ഉമ്മ മാത്രം താമസിച്ചിരുന്ന വീട് പാതിരാത്രിയില്‍ കത്തിച്ചു ചാമ്പലാക്കി. കലാപത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി സ്വന്തം പാര്‍ട്ടിക്കാര്‍ ധനശേഖരണം നടത്തി. പിരിവിനു ഉപ്പാന്റെ വീടിന്റെ കാര്യം പ്രചാരണത്തിന് ഉപയോഗിക്കുകയും സംസ്ഥാന നേതാക്കള്‍ അടക്കം കത്തിയ വീട് കാണാന്‍ വരികയും ചെയ്തെങ്കിലും ഒടുവില്‍ പൈസയൊന്നും കൊടുത്തില്ല. തലശ്ശേരിയില്‍ അല്ല ആ വീട് എന്നൊരു കാരണവും. (അന്ന് അഴിയൂര്‍ പഞ്ചായത്ത് മണ്ഡലത്തില്‍ ലീഗിന്റെ ഒരു ഭാരവാഹി കൂടിയായിരുന്ന ഉപ്പ ധനശേഖരണത്തിലെ അഴിമതിയെക്കുറിച്ചും തന്നോട് ചെയ്ത ചതിയെക്കുറിച്ചും മാതൃഭൂമിയില്‍ ആക്ഷേപങ്ങള്‍ കോളത്തില്‍ പേരും സ്ഥാനവും വച്ചുതന്നെ എഴുതിയിരുന്നു). ആര്‍ എസ് എസ് രണ്ടുതവണ അദ്ദേഹത്തെ അഴിമതി ആരോപണത്തില്‍ ചതിക്കാന്‍ ശ്രമിച്ചെങ്കിലും അടിസ്ഥാനരഹിതമെന്നു കണ്ടു വിജിലന്‍സ് കോടതി കേസുകള്‍ തള്ളി. സംഭവബഹുലമായിരുന്ന രാഷ്ട്രീയജീവിതം തുടര്‍ച്ചയായി കിഡ്നികള്‍ക്കും ഹൃദയസംബന്ധിയുമായ ശാസ്ത്രക്രിയകള്‍ക്കു വിധേയനാവേണ്ടിവന്നതിനാല്‍ കുറേക്കാലം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതനായി. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടായിരത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ വീണ്ടും സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി.

ഉപ്പ രോഗാവസ്ഥകള്‍ അതിജീവിക്കുന്നത് പോലും ജീവിതത്തോടുള്ള പൊരുതല്‍ എന്ന നിലയില്‍ രാഷ്ട്രീയപ്രവര്‍ത്തനമായി തോന്നിയിട്ടുണ്ട്. മദനിയെക്കുറിച്ച് മുന്‍പൊരിക്കല്‍ എഴുതിയ ഒരു കുറിപ്പില്‍ ഞാന്‍ അതെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.  (link)

2006 മാര്‍ച്ച്‌ 9നു രാവിലെ എനിക്ക് ജ്യേഷ്ഠന്റെ ഫോണ്‍ വന്നു. ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ ഉപ്പ സ്ട്രോക്ക് വന്നു കുഴഞ്ഞു വീണെന്നും ഉടനെ അടുത്തുള്ള മാഹി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്നും അവിടെ നിന്നും കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുന്ന വഴിയിലാണെന്നും പറഞ്ഞു. ആംബുലന്‍സില്‍ വച്ച് ഉപ്പയോട്‌ ഞാന്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ ഉപ്പ പറഞ്ഞത് – എനിക്കൊന്നുമില്ലെടാ, പേടിക്കേണ്ട എന്നായിരുന്നു. കുറച്ചു കഴിഞ്ഞു ഞാന്‍ വീണ്ടും വിളിച്ചപ്പോള്‍ ജ്യേഷ്ഠന്‍ ഫോണ്‍ ഡോക്ടര്‍ക്ക് കൊടുത്തു. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചിരിക്കുന്നു എന്ന് ഡോക്ടര്‍. “ഇനി നമ്മള്‍ എന്താണ് ചെയ്യുക” എന്ന എന്റെ വ്യഗ്രതപൂണ്ട ചോദ്യത്തിന് ഡോക്ടറുടെ തണുത്ത മറുപടി – ഒന്നും ചെയ്യാനില്ല. കടലുകള്‍ക്കിപ്പുറം നിസ്സഹായനായി ഞാന്‍ ഇരുന്നുപോയി. വിശ്വസിക്കാനാവാതെ.

അടുത്ത ദിവസം ഉപ്പാക്ക് അന്ത്യചുംബനം നല്‍കാന്‍ ഞാന്‍ നാട്ടിലെത്തി. അഴിയൂരില്‍ എത്തിയപ്പോള്‍ ഹര്‍ത്താല്‍ ആചരിക്കുന്ന അങ്ങാടി കണ്ടതുമുതല്‍ നാട്ടില്‍ തങ്ങിയ ഒരാഴ്ചക്കാലം ഒരിക്കലും മറക്കാന്‍ ആവാത്തതാണ്. രാഷ്ട്രീയ, മത, ജാതി വ്യത്യാസങ്ങള്‍ ഇല്ലാതെ സംഘടനാപ്രവര്‍ത്തകരും നാട്ടുകാരും വീട്ടില്‍ വന്നുകൊണ്ടേയിരുന്നു. എല്ലാവരും എന്നെ കെട്ടിപ്പിടിച്ചു. കണ്ണീരില്ലാതെ മിക്കവര്‍ക്കും സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നെ അത്ഭുതപ്പെടുത്തിയത്, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എന്താണ്ട് എല്ലാവരും സംസാരിച്ചതില്‍ മൂന്നു കാര്യങ്ങള്‍ പൊതുവായി കാണാമായിരുന്നു – ഞങ്ങള്‍ കുട്ടിക്കാലം മുതലുള്ള ചങ്ങാതിമാരാണ്, രണ്ടു മൂന്ന് ദിവസം മുന്‍പ് വരെയും കണ്ടിരുന്നു, പതിവുപോലെ കുറേനേരം നിന്ന് സംസാരിച്ചു. ഉപ്പ മരിച്ചത് 72 മത്തെ വയസ്സിലാണ്. എനിക്കന്നു 35 വയസ്സാവുന്നെ ഉള്ളൂ. ആ പ്രായമായപ്പോഴേക്കും തന്നെ എനിക്ക് ബാല്യകാലസുഹൃത്തുക്കള്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ഉപ്പയല്ലാതെ.

പുസ്തകങ്ങളും രാഷ്ട്രീയവും ആയിരുന്നു ഞങ്ങളുടെ രാവിലെയും വൈകീട്ടുമുള്ള ഒരുമിച്ചുള്ള നടത്തത്തിലെ പ്രധാന സംസാര വിഷയങ്ങളില്‍ ചിലത്. ഉപ്പാക്ക് പുസ്തകങ്ങളുടെയും പേപ്പര്‍ കട്ടിങ്ങുകളുടെയും സുഹൃത്തുക്കള്‍ക്കെഴുതിയ ദീര്‍ഘമായ കത്തുകളുടെ കോപ്പികളുടെയും കിട്ടിയ മറുപടികളുടെയും ഒക്കെ വന്‍ശേഖരം തന്നെയുണ്ടായിരുന്നു. കൂടാതെ സ്വന്തമായ എഴുത്തുകളുടെയും. എപ്പോള്‍ ഞാന്‍ ബുക്ക്‌ഷോപ്പുകളില്‍ പോകുമ്പോഴും ഉപ്പ കൂടെവരുമായിരുന്നു. ഞാന്‍ ഒമാനില്‍ ഉള്ള സമയം അയക്കുന്ന ദീര്‍ഘമായ കത്തുകളില്‍ മിക്കപ്പോഴും അദ്ദേഹം ആയിടെ വായിച്ച പുസ്തകങ്ങളെക്കുറിച്ചായിരുന്നു.

വിസ്മയമുണ്ടാക്കുന്ന കുടുംബജീവിതമായിരുന്നു അദ്ദേഹത്തിന്റേതു. ഇത്രയും തിരക്കേറിയ രാഷ്ട്രീയ, കച്ചവട ജീവിതത്തിനു ഇടയിലും ഞങ്ങള്‍ക്ക് ഒരിക്കലും അദ്ദേഹത്തിന്റെ സാന്നിധ്യം നഷ്ടപ്പെട്ടിരുന്നില്ല. എന്നും ഞങ്ങളുടെ കൂടെ കളിക്കാന്‍ വരെ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. തേങ്ങ കൊപ്രയക്കുന്നതു വീട്ടില്‍ തന്നെയുള്ള കൊപ്രക്കളത്തിലും മറ്റു സജ്ജീകരണങ്ങളും കൊണ്ടായതിനാല്‍ ജോലിക്കരോടൊപ്പം വീട്ടിലെ എല്ലാരും ആ പ്രക്രിയയില്‍ പങ്കെടുക്കുമായിരുന്നു. ജോലിക്കാര്‍ക്ക് കൊടുക്കുന്ന അതേ കൂലി ഉപ്പ ഞങ്ങള്‍ക്കും തരുമായിരുന്നു. ഈ പണം കൂട്ടിവെക്കുന്ന എന്റെ പെങ്ങളുടെ അടുത്തു നിന്നും ചിലപ്പോള്‍ അദ്ദേഹം കടം വാങ്ങുന്നതും അത് കൃത്യമായി ഓര്‍മ്മിച്ചു പെങ്ങള്‍ തിരികെ വാങ്ങുന്നതും കണ്ടിട്ടുണ്ട്.

ഒരിക്കലും ഞങ്ങളോട് ‘ആജ്ഞാപിച്ചിരുന്നില്ല ഉപ്പ. എന്ത് ചെയ്യണം ചെയ്യേണ്ട എന്നൊന്നും പറഞ്ഞ ഓര്‍മ്മയേ ഇല്ല. പകരം ഞങ്ങളുടെ ഓരോ ആഗ്രഹത്തിലും ഉദ്യമത്തിലും കൂടെയുണ്ടായിരുന്നു. ഒരിക്കല്‍ ഒഴികെ. അതിലദ്ദേഹം അതീവദുഖിതനുമായിരുന്നു. ഞാന്‍ ഡിഗ്രിക്ക് പഠിച്ചു തുടങ്ങിയ കാലം. അത് കഴിഞ്ഞാല്‍ എഞ്ചിനീയറിംഗിന് പോവണമെന്നാണു എന്റെ ആഗ്രഹമെന്നും ഉപ്പാക്കറിയാം. തുടര്‍ച്ചയായ ഓപ്പറേഷനുകള്‍ കാരണം ഉപ്പ കടം കയറി നില്‍ക്കുന്ന സമയമായിരുന്നു. ഒരു രാത്രി, അടുത്തുള്ള മര്‍ക്കറ്റില്‍ നിന്നും വീട്ടിലേക്കുള്ള ഞങ്ങളുടെ പതിവ് നടത്ത സമയം. എന്റെ തോളില്‍ കൈവച്ചു നടക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ സാമ്പത്തികനിലയെക്കുറിച്ചും പഠനം തുടരുക എന്നത് എത്ര ദുഷ്കരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്ന് ഉപ്പ ടോര്‍ച്ച് ലൈറ്റ് ഓഫ്‌ ചെയ്തു. ഇരുട്ടില്‍ ആരും കാണാതെ ഞാന്‍ കണ്ണീരൊപ്പി. ഉപ്പയും കരയുകയായിരുന്നു എന്നെനിക്കറിയാമായിരുന്നു.
umma1ഉമ്മയെക്കുറിച്ചു പറയാതെ ഈ ഓര്‍മ്മക്കുറിപ്പ്‌ പൂര്‍ണ്ണമാവില്ല. ആഴമേറിയ പ്രേമത്തിന്റെ പറഞ്ഞാല്‍ തീരാത്ത കഥകളുണ്ട് അവരെക്കുറിച്ച്. കണ്ടുമോഹിച്ചു ഉപ്പതന്നെ വിവാഹാലോചനയുമായി ഉമ്മാന്റെ വീട്ടുകാരെ സമീപിച്ചതാണ്. വിവാഹം നടന്നു. ഉമ്മാന്റെ പതിമൂന്നാമത്തെ വയസ്സില്‍. ആജാനുബാഹുവായ ഉപ്പാനെ കണ്ടപ്പോള്‍ ഉയരം അല്പം കുറഞ്ഞ, മെലിഞ്ഞ ഉമ്മ ഓടിപ്പോയി മുറിയില്‍ കേറി വാതിലടച്ചു “$%^&$ ന്റെ മോനെ ഞാന്‍ എന്റെ മുറീല്‍ കേറ്റൂലാ..” എന്നും പറഞ്ഞു! അവള്‍ക്കിഷ്ടമുള്ളപ്പോള്‍ ഒന്നിച്ചു കഴിയാം എന്ന് പറഞ്ഞു ഒരു വര്‍ഷത്തോളം ഉപ്പ കാത്തിരിക്കുകയും ചെയ്തു. ആ ജീവിതത്തില്‍ അവര്‍ ഒരിക്കല്‍ മാത്രമേ പിരിഞ്ഞിരുന്നിട്ടുള്ളൂ. ഉപ്പ ഒരിക്കല്‍ ഗള്‍ഫില്‍ ജോലിക്ക് ശ്രമിക്കാന്‍ വേണ്ടി പോയപ്പോള്‍. ചെന്ന് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു ഉപ്പ അയച്ച കത്ത് വായിച്ചു കണ്ണീരില്‍ കുതിരുന്ന ഉമ്മയെക്കണ്ട് ഉപ്പാന്റെ അനിയന്‍ ഒരു കുറിപ്പെഴുതി ഉപ്പാക്കയച്ചു. അതുകിട്ടി അടുത്ത ദിവസം ഉപ്പ തിരികേപ്പോന്നു.
‌‌
ഉപ്പാന്റെ മരണശേഷം ഈ ഒന്‍പതു വര്‍ഷങ്ങള്‍ ഊര്‍ജ്ജസ്വലതയുള്ള, ആത്മബലത്തോടെയുള്ള ജീവിതമായിരുന്നു ഉമ്മ ജീവിച്ചത്. ഇപ്പോള്‍ ഈയിടെ ചെറിയ സ്ട്രോക്ക് വന്നു ഉമ്മയും വീണുപോയെങ്കിലും ആ ആത്മവീര്യം കുറയാതെ തന്നെ നില്‍ക്കുന്നുണ്ട്.  മുസ്ലീം സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള മുന്‍ധാരണകള്‍ നിറഞ്ഞ മതേതര ആശങ്കകളും അതേസമയം അവരുടെ ജീവിതത്തെ വിശ്വാസകേന്ദ്രീകൃതമെന്നും അതുവഴിമാത്രം അഭിമാനിതമെന്നും വിധിക്കുന്ന മുസ്ലീം സ്വത്വ പരികല്‍പനകളും ചര്‍ച്ചയാവുമ്പോള്‍ രണ്ടുകൂട്ടരോടും എനിക്ക് തര്‍ക്കിക്കേണ്ടി വരുന്നത്  ഉമ്മയുടെയും പെങ്ങളുടെയും ഒക്കെ ജീവിതം മനസ്സില്‍ ഉള്ളതുകൊണ്ടാണ്. ഉമ്മ ജീവിതത്തില്‍ പര്‍ദ്ദ ധരിച്ചിട്ടില്ല. സാരിയാണ് മുഖ്യമായും ധരിക്കുന്നത്. മതകീയമായ ചടങ്ങുകളില്‍ നില്‍ക്കുമ്പോളും അപൂര്‍വ്വം സന്ദര്‍ഭങ്ങളിലും മാത്രമേ സാരിത്തലപ്പ് തട്ടമാക്കി മാറ്റുന്നത് കണ്ടിട്ടുള്ളൂ. അതേസമയം മുസ്ലീമിന്റെ സാംസ്കാരികമായ കാര്യങ്ങള്‍ പലതും ഉമ്മാന്റെ ഐഡന്റിറ്റിയുടെ ഭാഗമായിരുന്നു. ഏറ്റവും പ്രകടമാവുന്നത് അലിക്കത്തുകളാണ്. രണ്ടുകാതിലും നിറയെയുള്ള അലിക്കത്തുകള്‍ ഉപേക്ഷിക്കാന്‍ ഉമ്മ ഇപ്പോഴും തയ്യാറല്ല. പെരുന്നാളും പുതുവസ്ത്രങ്ങളും മൈലാഞ്ചിയും ബിരിയാണിയും ബറാത്തിന്റെ കറിയും മൌലൂദും ഒക്കെ ആ ജീവിതത്തിന്റെ ഭാഗമായിരുന്നു. തങ്ങളുടെ മതജീവിത രീതികളെപ്പറ്റി ഉപ്പയും ഉമ്മയും ഒരിക്കലും തര്‍ക്കിക്കുന്നത്‌ പോയിട്ട് സംസാരിക്കുന്നത് പോലും കണ്ടിട്ടില്ല. ഞങ്ങള്‍ കുട്ടികളോടും ഒരു മാതാചാരവും അവര്‍ രണ്ടുപേരും നിഷ്കര്‍ഷിച്ചിരുന്നുമില്ല. വിശ്വാസികളാണോ അല്ലയോ എന്ന് മറ്റുള്ളവര്‍ക്ക് വിധികല്‍പ്പിക്കാന്‍ സാധിക്കാത്ത വിധം അവര്‍ നേടിയ ജീവിതവിജയം പരസ്പര പ്രേമത്തിന്റെയും അംഗീകാരത്തിന്റെയും ആയിരുന്നു.
ഉപ്പാന്റെ മരണത്തിനു ശേഷമുള്ള ഒരു ദിവസം ഉപ്പാന്റെ ഓഫീസ് മുറിയില്‍ ഒറ്റക്ക് ഇരിക്കുന്ന ഉമ്മാനെക്കണ്ട് ഞാന്‍ ചെന്നപ്പോള്‍ ഉമ്മ പറഞ്ഞ വാക്കുകളോടെ ഈ കുറിപ്പ് നിര്‍ത്തട്ടെ: “നിന്റെ ഉപ്പാന്റെ ശ്വാസം ഉണ്ടിവിടെ. എനിക്കത് അറിയാന്‍ സാധിക്കുന്നുണ്ട്. നിനക്കറിയോ, നാല്‍പ്പതു വര്‍ഷക്കാലത്തെ ഒരുമിച്ചുള്ള ജീവിതത്തിനിടയില്‍ ഞങ്ങള്‍ തമ്മില്‍ ഒരു വഴക്കുണ്ടായിട്ടില്ല. വി കെ എന്നോട് ഒരിക്കലും കയര്‍ത്തു സംസാരിച്ചിട്ടില്ല. ഒരിക്കലും എന്നെ ചോദ്യം ചെയ്തിട്ടില്ല. ഈ പ്രായത്തിലും ഒരുമിച്ചു നടക്കുമ്പോള്‍ ആളുകള്‍ ‘ഇണക്കുരുവികള്‍’ എന്നാണ് ഞങ്ങളെ വിളിച്ചിട്ടുള്ളത്.”
‌ ‌
[ഉപ്പാന്റെ അഞ്ചാം ചരമവാര്‍ഷികത്തിന് ഫേസ്‌ബുക്കില്‍ എഴുതിയ “Father and I” (link) എന്ന കുറിപ്പ്  അദ്ദേഹത്തിന്റെ ഒന്‍പതാം ചരമവാര്‍ഷികദിനത്തില്‍ വിപുലപ്പെടുത്തിയത്]

5 thoughts on “ഉപ്പയും ഞാനും

 1. Rekha Raj, 11 March 10:20 am

  . മുസ്ലീം സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള മുന്‍ധാരണകള്‍ നിറഞ്ഞ മതേതര ആശങ്കകളും അതേസമയം അവരുടെ ജീവിതത്തെ വിശ്വാസകേന്ദ്രീകൃതമെന്നും അതുവഴിമാത്രം അഭിമാനിതമെന്നും വിധിക്കുന്ന മുസ്ലീം സ്വത്വ പരികല്‍പനകളും ചര്‍ച്ചയാവുമ്പോള്‍ രണ്ടുകൂട്ടരോടും എനിക്ക് തര്‍ക്കിക്കേണ്ടി വരുന്നത് ഉമ്മയുടെയും പെങ്ങളുടെയും ഒക്കെ ജീവിതം മനസ്സില്‍ ഉള്ളതുകൊണ്ടാണ്. ഉമ്മ ജീവിതത്തില്‍ പര്‍ദ്ദ ധരിച്ചിട്ടില്ല. സാരിയാണ് മുഖ്യമായും ധരിക്കുന്നത്. മതകീയമായ ചടങ്ങുകളില്‍ നില്‍ക്കുമ്പോളും അപൂര്‍വ്വം സന്ദര്‍ഭങ്ങളിലും മാത്രമേ സാരിത്തലപ്പ് തട്ടമാക്കി മാറ്റുന്നത് കണ്ടിട്ടുള്ളൂ. അതേസമയം മുസ്ലീമിന്റെ സാംസ്കാരികമായ കാര്യങ്ങള്‍ പലതും ഉമ്മാന്റെ ഐഡന്റിറ്റിയുടെ ഭാഗമായിരുന്നു. ഏറ്റവും പ്രകടമാവുന്നത് അലിക്കത്തുകളാണ്. രണ്ടുകാതിലും നിറയെയുള്ള അലിക്കത്തുകള്‍ ഉപേക്ഷിക്കാന്‍ ഉമ്മ ഇപ്പോഴും തയ്യാറല്ല. പെരുന്നാളും പുതുവസ്ത്രങ്ങളും മൈലാഞ്ചിയും ബിരിയാണിയും ബറാത്തിന്റെ കറിയും മൌലൂദും ഒക്കെ ആ ജീവിതത്തിന്റെ ഭാഗമായിരുന്നു loved this…really touching note ..

  1. Abdul Kareem, 11 March 10:58 am

   സ്നേഹം, രേഖ 🙂

 2. Anonymous, 25 March 12:24 pm

  ബന്ധങ്ങൾ അതിർവരമ്പുകളില്ലാത്തതാകുമ്പോൾ ഊഷ്മളമാകുന്നു.

 3. Nazeema Nazeer, 25 March 12:26 pm

  ബന്ധങ്ങൾ അതിർവരമ്പുകളില്ലാത്തതാകുമ്പോൾ ഊഷ്മളമാകുന്നു.

  1. Abdul Kareem, 29 March 9:29 am

   നന്ദി, നസീമ.

Leave a Reply