ഒന്നിച്ചിരിക്കുമ്പോള്‍!

farook-dinu1ഒന്നിച്ചിരുന്നതിന്റെ പേരില്‍ ഫറൂഖ് കോളേജ് അധികൃതര്‍ ഒന്‍പത് പേരെ പുറത്താക്കുകയും മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവന്നു മാപ്പ് എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെടുകയും അതിനു തയ്യാറാവാതിരുന്ന ദിനു എന്ന വിദ്യാര്‍ത്ഥിയെ സസ്പെന്റ് ചെയ്യുകയും ചെയ്ത വിവാദം ഇപ്പോഴും തുടരുകയാണ്. ദിനുവിനു ഒരു മാസത്തേക്ക് സസ്പെന്‍ഷന്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവ് ലഭിച്ചെങ്കിലും കോളേജ് മാനേജ്മെന്റും അവരെ പിന്തുണയ്ക്കുന്ന ചില മുസ്ലീം സംഘടനകളും ദിനുവിനു നേരെ ശത്രുതാ മനോഭാവം വച്ചുപുലര്‍ത്തുകയും സസ്പെന്റ് ചെയ്ത നടപടിയെ ഇപ്പോഴും ന്യായീകരിച്ചുകൊണ്ടിരിക്കുകയുമാണ്. എം എസ് എഫ് ഭാരവാഹികള്‍ അടക്കം ദിനുവിനു നേരെ പരസ്യമായ ഭീഷണി മുഴക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളും എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ക്കെതിരെ മാനേജ്‌മന്റ്‌ നടപടിയെ ന്യായീകരിച്ചുകൊണ്ട് പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇസ്ലാമിസ്റ്റ്, ഇസ്ലാമിസ്റ്റ് അനുകൂല നിലപാടുകാര്‍ ദിനു അടക്കമുള്ളവരുടെ അവകാശസമരത്തെ ലിബറല്‍/സെകുലര്‍ മുസ്ലീംവിരുദ്ധ പ്രചാരണമെന്നു ചിത്രീകരിക്കുന്നു. ചുംബനസമരത്തില്‍ പങ്കെടുത്ത രാഹുലിന്റെയും രശ്മിയുടെയും അറസ്റ്റ് സംഭവം പോലും മുതലെടുത്ത്‌ ചിലര്‍ ഫറൂഖ് ‘സംസ്കാരം’ കൊട്ടിഘോഷിക്കുന്നു.

ആണും പെണ്ണും ഒരുമിച്ചിരിക്കണമെന്നു എന്താണ് നിര്‍ബന്ധം?
‘മുട്ടിയുരുമ്മി’യിരുന്നാലേ ലിംഗസമത്വം കൈവരികയുള്ളൂ? കോളേജ് മാനേജ്മെന്റിനെ അനുകൂലിക്കുന്നവരുടെ പ്രധാനചോദ്യമാണ്. ഫറൂഖ് കോളേജിലെ ആ മലയാളം ക്ലാസ് മുറിയില്‍ സംഭവിച്ചത്, വൈകിവന്നതും സ്ഥലപരിമിതിയും കാരണം രണ്ടു ബഞ്ചുകളിലായി ഒരുമിച്ചിരുന്നവരില്‍ നിന്നും പെണ്‍കുട്ടികളോട് മാറിയിരിക്കാന്‍ അദ്ധ്യാപകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെയാണ് ചില വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തത്. അധ്യാപകന്‍, ഇത് സംസ്കാരത്തിന്റെ ഭാഗമാണെന്നു പറയുകയും മറ്റൊരധ്യാപകന്‍ കഴിഞ്ഞദിവസം തന്റെ പ്രായപൂര്‍ത്തിയായ ആണ്‍-പെണ്‍ മക്കളെ വെവ്വേറെ കിടപ്പുമുറികളിലാണ് കിടത്താറെന്ന് പറഞ്ഞത് ഉദാഹരിക്കുകയും ചെയ്തു. ഇതിനോട് യോജിക്കാന്‍ പറ്റാത്തവര്‍ക്ക് ഇറങ്ങിപ്പോവാമെന്ന് പറഞ്ഞപ്പോളാണ് ഈ വിദ്യാര്‍ത്ഥികള്‍ ഇറങ്ങിപ്പോവുന്നത്. തുടര്‍ന്നു എച് ഒ ഡിക്കും പ്രിന്‍സിപ്പാളിനും പരാതി കൊടുത്ത ഈ വിദ്യാര്‍ത്ഥികള്‍ക്കാണ് മേല്‍പ്പറഞ്ഞ അനുഭവം ഉണ്ടായിരിക്കുന്നത്. കൂടാതെ പത്രമാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി മാനേജ്മെന്റ് ദിനുവിനെ അപമാനിക്കുകയും അപവാദപ്രചാരണം നടത്തുകയും, മാപ്പെഴുതി നല്കാന്‍ ഒടുവില്‍ തയ്യാറായ വിദ്യാര്‍ത്ഥിനികളെ അവരുടെ മാതാപിതാക്കളുടെ മുന്നില്‍ വച്ചു സദാചാര വിചാരണ നടത്തി അപമാനിക്കുകയും ചെയ്തു.

ഫറൂഖ് കോളേജില്‍ കാമ്പസിലും കാന്റീനിലും ലൈബ്രറിയിലും ഹോസ്റ്റലുകളിലും ഒക്കെ നിലവിലുള്ള ലിംഗവിവേചനങ്ങളും, അറിയിപ്പില്ലാതെ വച്ചിരിക്കുന്ന ഒളിക്യാമറകളും, നാടകത്തില്‍ ഒരുമിച്ചഭിനയിക്കുന്നതിനുള്ള വിലക്കുമൊക്കെ നേരത്തേതന്നെ വാര്‍ത്തയായിരുന്നതും മുസ്ലീം വിദ്യാര്‍ത്ഥിസംഘടനകള്‍ അടക്കം പരസ്യമായ എതിര്‍പ്പ് ഉന്നയിച്ചിട്ടുള്ളതുമാണ്. ക്ലാസ്സ്‌ മുറിയിലെ സംഭവം ശിക്ഷണ നടപടികളിലേക്ക് പോവുന്നതോടുകൂടിയാണ് വിവാദമാവുന്നത്. അതുവരെ നിരീക്ഷണങ്ങള്‍ കൊണ്ടും സെക്യൂരിറ്റിയെ ഉപയോഗിച്ചും ബോര്‍ഡുകള്‍ വച്ചും നടപ്പിലാക്കി വന്ന ലിംഗവിവേചനം സ്വാഭാവികമായ ഒരു ഒരുമിച്ചിരിക്കലില്‍, അത് തടഞ്ഞതിനോടുള്ള നേരിട്ടുള്ള ചോദ്യം ചെയ്യലില്‍ വിറച്ചു എന്നതാണ് ശിക്ഷണനടപടി സൂചിപ്പിക്കുന്നത്. അത് തന്നെയാണ് ഒരുമിച്ചിരിക്കാനുള്ള അവകാശത്തിന്റെ പ്രസക്തിയും.

അവകാശനിഷേധങ്ങളേയും അനീതിയേയും എതിര്‍ത്തതിനെ ‘മുട്ടിയുരുമ്മി’ ഇരിക്കാന്‍ വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ എന്ന് മാനേജ്മെന്റും അനുകൂലികളും പ്രചരിപ്പിക്കുന്നതും മറ്റൊന്നും കൊണ്ടല്ല. ആണും പെണ്ണും മുട്ടിയുരുമ്മുന്നതിനെക്കുറിച്ചൊക്കെ സദാചാര ആശങ്ക പേറുന്ന സമൂഹത്തിലും കുടുംബങ്ങളിലും വിദ്യാര്‍ത്ഥികളെ അപമാനിച്ചു പിന്തിരിപ്പിക്കാനുള്ള ഹീനമായ ശ്രമം. അത് ആ ഒരുമിച്ചിരിക്കല്‍ എത്ര കൃത്യമായി അവരുടെ വിവേചനങ്ങളെ ചോദ്യം ചെയ്തു എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്.

സംസ്കാരവും പാരമ്പര്യവും
farook-strikeഒരുമിച്ചിരിക്കാനുള്ള പൗരാവകാശം അനുവദിക്കില്ല എന്ന നിലപാടിനു കോളേജ് അധികൃതരാണ് ഉത്തരം പറയേണ്ടത്. ഇടയ്ക്കു കേരളത്തിന്റേതെന്നും ചിലപ്പോള്‍ ഫറൂഖിന്റേതെന്നും ചേര്‍ത്തു പാരമ്പര്യം, സംസ്കാരം എന്നൊക്കെയുള്ള വാക്കുകള്‍ അല്ലാതെ ഒരു തരത്തിലുമുള്ള ന്യായീകരണങ്ങളും ഈ കാര്യത്തില്‍ അവരില്‍ നിന്നും കേട്ടിട്ടില്ല. കേരളത്തിനെ സംബന്ധിച്ച് അതിന്റെ പാരമ്പര്യവും സംസ്കാരവും വിവേചനങ്ങള്‍ നിറഞ്ഞതും സ്ത്രീവിരുദ്ധവുമാണ്. അവയുയര്‍ത്തിയുള്ള വാദങ്ങള്‍ എപ്പോഴും പുരുഷാധിപത്യത്തിന്റെ സൗകര്യത്തിനു വേണ്ടിയുള്ളതാണ്. ഇതൊക്കെ പ്രശ്നവല്‍ക്കരിക്കാനും ചര്‍ച്ചചെയ്യുവാനുമുള്ള ഇടമാവേണ്ട ക്ലാസ്സ്‌മുറികളിലും, കാമ്പസുകളിലും നേരെ വിപരീതമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടു ഇത് ഞങ്ങളുടെ പാരമ്പര്യമാണ് എന്നും അതില്‍ അഭിമാനിക്കുന്നു എന്നും പറയുന്നത് ഏറ്റവും കുറഞ്ഞത്‌ പരിഹാസ്യമാണ്. ഈ പരിഹാസ്യതയെ അപ്പടി സ്വീകരിച്ച് അനുസരിക്കേണ്ട കാര്യം വിദ്യാര്‍ത്ഥികള്‍ക്കില്ല.

ഫറൂഖിന്റെ സംസ്കാരമെന്നും ലക്ഷ്യമെന്നും ഒക്കെ പറയുന്നവര്‍ മുസ്ലീം വികാരത്തെ കൂടെ തോണ്ടിക്കളിക്കുകയാണ്. മാനേജ്മെന്റിനെ അനുകൂലിച്ചുള്ള നിരവധി മുസ്ലീം വിദ്യാര്‍ത്ഥികളുടെ പ്രതികരണങ്ങളില്‍ ഇസ്ലാമിലെ ആണ്‍ പെണ്‍ വേര്‍തിരിവുകള്‍ക്കുള്ള ന്യായവാദങ്ങള്‍ കാണാം. പ്രിന്‍സിപ്പാള്‍ തന്നെ, കോളേജിലെ നിയന്ത്രണങ്ങള്‍ ഒരു മദ്രസയെന്നു തോന്നിപ്പിക്കാം എന്നും അതില്‍ അഭിമാനമേ ഉള്ളു എന്നും പറയുന്നു. ഫറൂഖ് കോളേജ് സ്ഥാപിച്ചത് തന്നെ ചില താല്പര്യങ്ങള്‍ വച്ചായിരുന്നു എന്ന് ചില അധ്യാപകര്‍ ചാനലുകളില്‍ വാദിക്കുന്നു. ചിലരുടെയെങ്കിലും വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ ആയിരിക്കാം. ഇവയെ എല്ലാം ചേര്‍ത്ത് ഒരു മുസ്ലീം ഫണ്ടമെന്റലിസ്റ്റ് സ്ഥാപനമായി ഫറൂഖ് കോളേജിനെ കാണേണ്ടതില്ല. എന്നാല്‍ ഈ മുസ്ലീം വികാരങ്ങളെ, താല്‍പര്യങ്ങളെ, അഭിമുഖീകരിക്കാതെ അവിടത്തെ ലിംഗവിവേചനം അവസാനിപ്പിക്കാനും സാധിക്കില്ല. പ്രത്യേകിച്ച് മാനേജ്മെന്റും പ്രതിനിധികളും അത്തരം താല്പര്യങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍.

ഫറൂഖ് കോളേജ് എന്ന മുസ്ലീം വിദ്യാഭ്യാസ സ്ഥാപനം
ഏറെ വിമര്‍ശനങ്ങള്‍ ഉള്ളപ്പോഴും ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാധ്യതകളില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തിയ ഘടകങ്ങളില്‍ ഒന്നാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. മറ്റു പല പിന്നോക്ക വിഭാഗങ്ങള്‍ക്കുമെന്നതുപോലെ മുസ്ലീം സമുദായത്തിനും വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും അവകാശങ്ങളും അവസരങ്ങളും നിഷേധിക്കപ്പെട്ടിരുന്നതിനു പരിഹാരമാവാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. കച്ചവടത്തിലൂടേയും പ്രവാസത്തിലൂടേയും ഉണ്ടാക്കിയ സമ്പത്ത് ജീവിത സൌകര്യങ്ങളില്‍ നിക്ഷേപിക്കുന്നതിനോടൊപ്പം പ്രാഥമികമായി സമുദായാംഗങ്ങളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വേണ്ടി നിക്ഷേപിച്ചത് ഫലവത്തായിരുന്നു എന്ന്, ഇന്ന് ഉപരിപഠനത്തിനായി തങ്ങളുടെ ജില്ലക്കും കേരളത്തിനും ഇന്ത്യക്കും പുറത്തേക്ക് പോവുന്ന മുസ്ലീം വിദ്യാര്‍ത്ഥികളുടെ, അതില്‍ തന്നെ സ്ത്രീകളുടെ എണ്ണത്തില്‍ വന്ന ഗണ്യമായ വര്‍ദ്ധനവും വിദ്യാഭ്യാസ നിലവാരത്തിലുണ്ടായ ഉയര്‍ച്ചയും നിരീക്ഷിക്കുന്നവര്‍ക്ക് കാണാം. അകാഡമിക് മികവു പുലര്‍ത്തുന്ന ഫറൂഖ് കോളേജും ഈ കാര്യത്തില്‍ വഹിക്കുന്ന പങ്കില്‍ സംശയമൊന്നുമില്ല.

എന്നാല്‍ ഒരു വിദ്യാര്‍ത്ഥിയുടേയും വിദ്യാഭ്യാസജീവിതം എയ്ഡഡ് സ്ഥാപനങ്ങളില്‍ തുടങ്ങി എയ്ഡഡ് സ്ഥാപനങ്ങളില്‍ അവസാനിക്കുന്ന ഒന്നല്ല. വിദ്യാഭ്യാസത്തിനു, അതിന്റെ തുടര്‍ച്ചയ്ക്ക്, സൗകര്യം ചെയ്യുക എന്നതാണ് ഈ സ്ഥാപനങ്ങളുടെ കടമ. അത് പഠിതാക്കള്‍ക്കുള്ള എല്ലാ അവകാശങ്ങളും അനുവദിച്ചുകൊണ്ടുതന്നെ ആയിരിക്കണം. ഫറൂഖ് കോളേജിന്റേയോ വേറെ ഏതു കോളേജിന്റേയും പ്രത്യേകം ‘സംസ്കാര’വും ലക്ഷ്യവും ഒന്നും അവിടെ വന്നു പഠിച്ചു പോവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബാധ്യതയാവേണ്ട കാര്യമില്ല. അതേസമയം അധ്യാപനം സംബന്ധിച്ചും പഠിതാക്കളുടെ അവകാശങ്ങള്‍ സംബന്ധിച്ചും നിലവിലുള്ള ചട്ടങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും പാലിക്കാന്‍ ഈ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരുമാണ്.

കേരളത്തില്‍ നിരവധി കാമ്പസുകളിലും ഹോസ്റ്റലുകളിലും ലിംഗവിവേചനങ്ങള്‍ക്കും ജാതി വിവേചനങ്ങള്‍ക്കും പഠിതാക്കള്‍ പൊതുവേ അനുഭവിക്കുന്ന അനീതികള്‍ക്കും എതിരെ സമരങ്ങള്‍ നടക്കുന്നുണ്ട്. അതിലൊക്കെയും മതകീയവും ജാതീയവും രാഷ്ട്രീയ അധികാരത്തിന്റെയും ഒക്കെയായ ഘടകങ്ങള്‍ കാണാം. ആ ഘടകങ്ങളെ പ്രത്യേകം പ്രത്യേകമായി തന്നെ പ്രശ്നവല്ക്കരിക്കേണ്ടതുണ്ട്. അല്ലാതെ എല്ലായിടത്തും ഉള്ളത് ഇവിടെയും എന്ന ന്യായം സ്വന്തം പ്രതിലോമതകളെ മറയ്ക്കാന്‍ മറ്റൊരു വിഭാഗത്തിന്റെ പ്രതിലോമത ഉപയോഗിക്കലാണ്. രണ്ടിനേയും പ്രോല്‍സാഹിപ്പിക്കലാണ്. ഫറൂഖ് കോളേജിലെ പ്രശ്നങ്ങളില്‍ ‘ഇസ്ലാമികത’യെക്കുറിച്ച് സംസാരിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. അത് അന്യമതസ്ഥര്‍ കൂടെ പഠിക്കുന്ന കോളേജ് ആണ് എന്നുള്ളതുകൊണ്ടല്ല. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളുടെ പേരിലാണ്. അതുകൊണ്ടുതന്നെ മുസ്ലീം സംഘടനകള്‍ സ്വന്തം നിലപാടുകള്‍ പുനഃപ്പരിശോധിക്കണം.

ഫറൂഖ് കോളേജിലെ മുസ്ലീം വിദ്യാര്‍ത്ഥി സംഘടനാ നിലപാടുകള്‍
ഫറൂഖ് കോളേജിലെ ഏറ്റവും വലിയ സംഘടനയായ എം എസ് എഫും പിന്നെ എസ് ഐ ഒ യും അവിടെയുള്ള ലിംഗ വിവേചനത്തെ എതിര്‍ക്കുകയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തവരാണ്. ഇപ്പോള്‍ നടന്ന സംഭവത്തില്‍ ഈ പ്രസ്ഥാനങ്ങള്‍ മാനേജ്മെന്റ്പക്ഷത്ത്   നിന്നതിനു കാരണമായി പറയുന്നത് പുറത്താക്കപ്പെട്ടവര്‍ പൊതു സമൂഹത്തോടും മാധ്യമങ്ങളോടും ഫറൂഖ് കോളേജിനു അപകീര്‍ത്തികരമായ പ്രസ്താവനകളും അസത്യപ്രചാരണവും നടത്തി എന്നതും ‘താലിബാന്‍’ ‘മദ്രസ’ തുടങ്ങിയ പ്രയോഗങ്ങള്‍ ഫറൂഖ് കോളേജിനു നേരെ ചിലര്‍ ഉന്നയിക്കാന്‍ കാരണമാക്കി എന്നതുമാണ്‌.

ലിംഗവിവേചനം ഫറൂഖില്‍ ഒരു യാഥാര്‍ത്ഥ്യമാണ് എന്നിരിക്കെ അതും കൂടെ ഉള്‍പ്പെട്ടതാണ് ഈ പറയുന്ന ഫറൂഖിയന്‍ ‘സംസ്കാരം’. അത് പുറത്തറിയുന്നതാണ് അപകീര്‍ത്തികരമെങ്കില്‍ അതിന്റെ കാരണങ്ങളെ വേണം അഭിമുഖീകരിക്കാന്‍. സര്‍ക്കാരിന്റെയായാലും മാനേജ്മെന്റിന്റെ ആയാലും കോളേജിന്റെ ‘സല്‍പ്പേര് ‘ നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്താണ് ബാധ്യത? ഇസ്ലാമിനെ അപമാനിക്കാന്‍ ചിലര്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു എന്നാണെങ്കില്‍ വിമര്‍ശനങ്ങളെ ഇസ്ലാമോഫോബിയ എന്ന് പറഞ്ഞു നേരിടുന്നവരോട്‌ എന്നും പറഞ്ഞിട്ടുള്ള കാര്യമേ പറയാനുള്ളൂ. ഇസ്ലാമായാലും മറ്റേതു സമൂഹമായാലും അവരവരുടെ സംസ്കാരത്തെ, മൂല്യങ്ങളെ നശിപ്പിക്കാനോ വളര്‍ത്താനോ പുറത്തുനിന്നും ഒരാള്‍ക്കും സാധിക്കില്ല. ‘നശിപ്പിക്കാന്‍ ശ്രമിക്കേണ്ട’ തുടങ്ങിയ മുദ്രാവാക്യങ്ങളൊക്കെ അതുകൊണ്ടുതന്നെ അര്‍ത്ഥമില്ലാത്തതാണ്. ലിംഗ വിവേചനത്തെക്കുറിച്ചുള്ള ചര്‍ച്ച മുസ്ലീം സമുദായത്തിനുള്ളില്‍ തന്നെ സംഭവിക്കുന്ന കാലമാണ്. മുസ്ലീം വിദ്യാര്‍ത്ഥി/യുവജന സംഘടനകള്‍ ഈ കാര്യത്തില്‍ ഇനിയും നിലപടെടുക്കാതെ ‘പിതൃ’സംഘടനകളുടെ നിഷേധസ്വഭാവം പിന്തുടരുന്നത് പരിതാപകരമാണ്.

harita-posterമാധ്യമ, സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഈ വിവാദം ചൂടുപിടിച്ചപ്പോള്‍ ലിംഗ വിവേചനത്തിനെതിരെ സ്വയമേ എടുത്തിരുന്ന പ്രതിഷേധങ്ങളില്‍ നിന്ന് പോലും മുസ്ലീം സംഘടനകള്‍ പിന്തിരിയുന്ന കാഴ്ചയാണ് കണ്ടത്. മാധ്യമചര്‍ച്ചകളില്‍ പങ്കെടുത്ത സംഘടനാപ്രതിനിധികള്‍ വിവേചനം ഇല്ലെന്നു സ്ഥാപിക്കാനല്ല, മറിച്ചു ചൂണ്ടിക്കാണിക്കപ്പെട്ട വിവേചനങ്ങളെ എന്തുകൊണ്ട് അവ വേണ്ടി വരുന്നു എന്നൊക്കെ ന്യായീകരിക്കുന്നതാണ് കണ്ടത്. സംരക്ഷണത്തിന്റെയും സംസ്കാരത്തിന്റെയും ഒക്കെ കാരണം പറഞ്ഞുതന്നെയാണ് ലിംഗ വിവേചനം നടപ്പിലാക്കിയിട്ടുള്ളത് എന്ന് ഇവരൊന്നും പഠിച്ചിട്ടില്ലേ? കൂടാതെ, പുറത്തുള്ള പ്രചാരണങ്ങള്‍ എന്തായാലും തങ്ങളില്‍ ചിലരെ പുറത്താക്കിയതിലോ രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞ അവകാശനിഷേധത്തിലോ ദിനുവിനെ സസ്പെന്റ് ചെയ്തതിലോ ഒരു മുസ്ലീം സംഘടനയും ഒരു സമരപരിപാടിയും സംഘടിപ്പിച്ചില്ല. വിമര്‍ശനം കൊണ്ടുള്ള സമ്മര്‍ദ്ദത്തില്‍ എസ് ഐ ഒ രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാനുള്ള ആജ്ഞയെക്കുറിച്ച് ഒന്നോ രണ്ടോ ഫേസ്ബുക്ക്‌ പോസ്റ്റുകള്‍ ഇട്ടു എന്ന് മാത്രം. പക്ഷെ അപ്പോഴേക്കും ദിനുവിനെ സസ്പെന്റ് ചെയ്തിരുന്നു. കണ്ണിന്‍ മുന്നിലുള്ള അനീതിക്കെതിരെ പ്രതികരിക്കാതെ മാനേജ്മെന്റിന് വേണ്ടി സമരം നടത്തി അതിന്റെ ഫോട്ടോകള്‍ ഇടകലരുന്നതിനു പോലുമുള്ള തെളിവാക്കി പ്രചരിപ്പിക്കയെന്ന അപഹാസ്യതയാണ് മുസ്ലീം വിദ്യാര്‍ത്ഥിസംഘടനകള്‍ ചെയ്തത്. വിദ്യാര്‍ത്ഥി സമര ചരിത്രങ്ങളില്‍ അപൂര്‍വ്വമായെങ്കിലും നടന്നിട്ടുള്ള വിദ്യാര്‍ത്ഥിവിരുദ്ധ സമരങ്ങളുടെ കൂട്ടത്തിലായിരിക്കും ഈ സമരത്തിന്റേയും സ്ഥാനം.

കേരളത്തിലെ മുസ്ലീം വിദ്യാര്‍ത്ഥിനി സംഘടനകള്‍ പലപ്പോഴും നിലപാടുകള്‍ കൊണ്ട് ആണ്‍ സംഘടനകളില്‍ നിന്നും വേറിട്ട സ്വരമാവുന്നതു കണ്ടിട്ടുണ്ട്. അതിനൊക്കെ ആണ്‍സംഘടനകളില്‍ നിന്നും വിമര്‍ശനങ്ങളും ആക്ഷേപങ്ങളും നേരിട്ടിട്ടുമുണ്ട്. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹത്തിനു 18 എന്ന പ്രായപരിധി എടുത്തുകളയണം എന്നും നിലവിലെ നിയമം മാതാപിതാക്കളേയും വിവാഹത്തിന് കാര്‍മികത്വം വഹിച്ചവരെയും നടത്തിക്കൊടുത്ത സ്ഥാപനങ്ങളെയും ശിക്ഷിക്കുന്ന സാഹചര്യം ഉണ്ടാക്കുന്നു എന്നമുള്ള പരാതിയുമായി മുസ്ലീം സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങിയപ്പോള്‍ ചാനലുകളില്‍ ഇതിനെ കൃത്യമായി ചോദ്യം ചെയ്തത് എം എസ് എഫ് വനിതാ വിഭാഗമായ ഹരിതയുടെ അന്നത്തെ ജനറല്‍സെക്രട്ടറി ഫാത്തിമ തഹ്‌ലീയയായിരുന്നു. അന്ന് അവരെ “മൈലാഞ്ചിയിട്ട് ഒപ്പന കളിച്ച് തങ്ങളുടെ വിദ്യാഭ്യാസ പുരോഗതി പ്രകടിപ്പിക്കുന്ന മൊഞ്ചത്തി” എന്നൊക്കെ അധിക്ഷേപിച്ചുകൊണ്ടു എസ് ഐ ഒ അനുഭാവികളുടെ എഫ് ബി പോസ്റ്റുകള്‍ കണ്ടിരുന്നു. ജി ഐ ഒ മലാലയ്ക്ക് വേണ്ടി പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചപ്പോള്‍ എസ് ഐ ഒ അവരെ വിമര്‍ശിച്ചത് അവര്‍ക്ക് രാഷ്രീയ വിദ്യാഭ്യാസം പോരെന്നായിരുന്നു. അതിനു ജി ഐ ഒ കൃത്യമായി മറുപടി പറഞ്ഞിരുന്നു. ഏറെ പ്രതീക്ഷയുണര്‍ത്തിയ ഈ സ്ത്രീ പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും പക്ഷേ അധികം വൈകാതെ തങ്ങളുടെ ആണ്‍ പ്രതിരൂപ സംഘടനകളുടെ നിലപാടുകളിലേക്ക്‌ മാറുന്നത് അമ്പരപ്പോടെയാണ് കാണേണ്ടിവന്നത്.

ഈയടുത്ത്, കേരളത്തിലെ കാമ്പസുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ച് പഠിച്ച കമ്മിറ്റിയില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു ഫാത്തിമ തഹ്‌ലീയ. ഫറൂഖ് കോളേജ് വിഷയത്തില്‍ മനോരമ ന്യൂസ് ചാനലില്‍ മാനേജ്മെന്റിനെ അവര്‍ തലങ്ങും വെലങ്ങും ന്യായീകരിച്ചപ്പോള്‍ ആധികാരികതയുടെ സ്വരത്തില്‍ പറഞ്ഞ ഒരു വാദം കമ്മിറ്റിയുടെ ‘സമാഗതി’ റിപ്പോര്‍ട്ടില്‍ ഫറൂഖ് കോളേജിനെക്കുറിച്ച് ഒന്നും പ്രതിപാദിക്കുന്നില്ല എന്നായിരുന്നു. വാസ്തവത്തില്‍ സമാഗതി റിപ്പോര്‍ട്ടില്‍ വിവേചന പ്രശ്നങ്ങള്‍ വിശദീകരിച്ചിട്ടുള്ളത് കോളേജുകളുടെ പേരുപറയാതെയായിരുന്നു.

കേരളത്തിലെ കലാലയങ്ങളിലെ പഠനാനുഭവം ലിംഗപരമായുള്ള സാമ്പ്രദായിക വാര്‍പ്പുമാതൃകകളില്‍ അധിഷ്ഠിതമാണെന്നും സ്വയം അനുഭവിക്കുന്ന ലിംഗവിവേചനത്തെ തിരിച്ചറിയാനോ പുരുഷാധിപത്യത്തെ ചെറുക്കാനോ കെല്‍പ്പുള്ളതല്ലെന്നും സമാഗതി റിപ്പോര്‍ട്ടിന്റെ ഒരുഭാഗത്ത് പറയുന്നു. സ്വന്തം ജീവിതത്തിനും പുറത്തുമുള്ള അധികാര ബന്ധങ്ങളെ ചോദ്യം ചെയ്യാനാവാത്ത ആണുങ്ങളും പെണ്ണുങ്ങളുമായി മാറാനേ നിലവിലെ പഠനാനുഭവം ഉതകുകയുള്ളൂ എന്നും. ഇതൊരു ആശങ്കയായിരിക്കുമ്പോഴും കാമ്പസുകള്‍ അകാഡമിക് അനുഭവങ്ങള്‍ക്ക് അപ്പുറം പോയി സാമ്പ്രദായികതയോട്, സ്ഥാപിത താല്പര്യങ്ങളോട്, സാമൂഹിക അനീതികളോട് കലഹിച്ചിരുന്നില്ലേ? വിദ്യാര്‍ത്ഥിരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തന്നെ വ്യവസ്ഥിതിയെ പിന്താങ്ങുമ്പോള്‍, കാമ്പസുകളിലെ ഇത്തരം ചെറുത്തുനില്‍പ്പുകള്‍ അതുകൊണ്ടുതന്നെ അങ്ങേയറ്റം പ്രസക്തമാണ്. മറ്റേതു സംവിധാനത്തേക്കാളും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഉറപ്പിക്കുന്നത് ഇത്തരം ചെറുത്തുനില്‍പ്പുകള്‍ ആയിരിക്കും.

ഒന്നിച്ചിരിപ്പ് സമരമാവുമ്പോള്‍
ഇതെഴുതുമ്പോള്‍ കേരളത്തിലെ പല കാമ്പസുകളിലും ആണും പെണ്ണും ഇടകലര്‍ന്നിരുന്നു ദിനുവിനും വിവേചനത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സമരങ്ങളുടെ പോസ്റ്റുകള്‍ കാണുന്നുണ്ട്. ലിംഗവിവേചനത്തിനപ്പുറം എല്ലാ മേഖലയിലും കേരളത്തില്‍ അനുഭവിക്കേണ്ടിവരുന്ന സദാചാര മേല്‍നോട്ടങ്ങള്‍ക്കും നേര്‍ക്കുള്ള മറ്റൊരു സമരമായി ഈ പ്രതിഷേധത്തെ കാണേണ്ടതുണ്ട്. ഒന്നിച്ചിരിപ്പ് പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ ഇടവരുത്തും എന്ന വാദത്തിനു പെണ്‍കുട്ടികള്‍ മറുപടി പറഞ്ഞു കഴിഞ്ഞതാണ്. ചൂഷണം ചെയ്യാന്‍ വരുന്നവരെ തിരിച്ചറിയാനുള്ള വിവേകം തങ്ങള്‍ക്കുണ്ടെന്ന്. മുസ്ലീം സ്ത്രീകള്‍ ഹിജാബ് തെരഞ്ഞെടുക്കുന്നതില്‍ അവരുടെ കര്‍തൃത്വത്തെക്കുറിച്ച് വാചാലരാവുന്നവര്‍ക്ക് ഇതംഗീകരിക്കാന്‍ എന്താണ് പ്രശ്നം?

പിന്നെ, ആണും പെണ്ണും ഒരുമിച്ചിരിക്കുമ്പോള്‍ ആകര്‍ഷണം ഉണ്ടാവുന്നതാണോ ആശങ്ക? ആകര്‍ഷണവും ആഹ്ളാദവുമൊക്കെ ഉണ്ടാവും. ഉണ്ടാവണമല്ലോ. മനുഷ്യരല്ലേ. അത് കാണുന്നതാണോ കുഴപ്പം?

Leave a Reply