ഫർഹാദിന്റെ ഐക്യദാർഢ്യവും ഐക്യദാർഢ്യങ്ങളുടെ രാഷ്ട്രീയവും.

“പീഡോഫീലിയ ഏറ്റവും ന്യൂനപക്ഷമായ സെക്ഷ്വൽ മൈനോരിറ്റിയാണെന്ന് ഞാന്‍ കരുതുന്നു. ഒരു പിഡോഫൈലിനെ കയ്യില്‍കിട്ടിയാൽ എന്തുചെയ്യണമെന്ന് ചർച്ചചെയ്യുന്ന ഒരു ഇടത്തുചെന്ന് യെസ്, എെ ആം പീഡോഫീലിക്ക് എന്നുപറയുന്ന ഫർഹാദ് അയാളുടെ പ്രവർത്തികൊണ്ട് പീഡോഫീലിക്ക് അല്ല”
ഫർഹാദിന്റെ വാക്കുകളാണ്. (തന്റെ കമന്റ് വിവാദമായ സാഹചര്യത്തിൽ അവനെഴുതിയ നോട്ടിൽ നിന്ന്).

നിർഭയ മുതൽ ജിഷ വരെ, രോഹിത് വെമുല മുതൽ നജീബ് വരെ, കൽബുർഗി മുതൽ ചാര്‍ലി എബ്ദോ വരെ വിവിധ വിഷയങ്ങളിൽ വിവിധ സാമൂഹിക വിഭാഗങ്ങൾക്കു വേണ്ടി ഐക്യദാർഢ്യങ്ങൾ നിരന്നിട്ടുണ്ട്. “ഞാൻ നിർഭയയാണ്” എന്നും “ഞാൻ ചാര്‍ലിയാണ്” എന്നൊക്കെ എഴുതിയ പ്ലക്കാർഡുകളോടെ.

നമ്മളൊന്നും ജിഷയോ നജീബോ ചാർലിയോ അല്ലെന്നും ആ അനുഭവങ്ങൾ അനുഭവിച്ചിട്ടില്ലെന്നും ഒരുപക്ഷേ ഒരിക്കലും അനുഭവിക്കില്ലെന്നും അറിഞ്ഞുതന്നെയാണ് ഐക്യദാർഢ്യങ്ങൾ നടത്തിയിട്ടുള്ളത്.

ഐക്യദാർഢ്യങ്ങൾക്ക് രാഷ്ട്രീയമുണ്ട്.

ഒരു ഐക്യദാർഢ്യവും അതിൽ പങ്കെടുത്തവരുടെ നൈതീകതയിൽ നിന്നും ഉണ്ടായതല്ല. ഓരോ സാമൂഹിക വിഭാഗങ്ങളും കാലങ്ങളായി തങ്ങളുടെ പ്രശ്നങ്ങൾ നിരന്തരമായി ഉന്നയിച്ചും അതിലെ ഘടകങ്ങൾ പ്രശ്നവൽക്കരിച്ചും ഉണ്ടാക്കിയെടുത്ത സാമൂഹിക അവബോധത്തിൽ നിന്നാണ്.

എന്നാൽ ഐക്യദാർഢ്യങ്ങൾ നിലനിൽക്കുന്ന സാമൂഹിക-ജാതീയ അധികാര വ്യവസ്ഥയ്ക്കകത്തു മാത്രമേ പ്രവർത്തിക്കാറുള്ളൂ. രോഹിത് വെമുലയ്ക്കും നജീബിനും പൊതുസമൂഹത്തിൽ നിന്നും കിട്ടിയതുപോലുള്ള ഐക്യദാർഢ്യങ്ങളുടെ സ്ഥിരതയും ഫലസമാപ്തിയും കണ്ടതാണല്ലോ. ആത്യന്തികമായി ആ സമരങ്ങൾ അതത് സാമൂഹിക വിഭാഗങ്ങളുടെ മാത്രം വിഷയമായി അവസാനിക്കും. സവർണ്ണ ബ്രാഹ്മണിക മതേതരത്വത്തിന്റെ നിബന്ധനകളാണ്  ഐക്യദാർഢ്യങ്ങളുടെ സ്ഥിരതയുടെ മാനദണ്ഡം.

ഐക്യദാർഢ്യങ്ങളുടെ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ കാര്യം ചില സാമൂഹിക വിഭാഗങ്ങൾക്ക്, അവരുടെ സമരങ്ങൾക്ക് പൊതു സമൂഹം ഒരു ഐക്യദാർഢ്യവും നൽകുകയേ ഇല്ല എന്നതാണ്. അതൊരു വ്യവസ്ഥിതികൊണ്ടു മാത്രം സംഭവിക്കുന്നതല്ല. നിലപാട് തന്നെയാണ്. ആദിവാസികൾ മുത്തങ്ങ കയ്യേറി ആത്മഹത്യാ സമരം നടത്തിയാലും ഈ പൊതുസമൂഹം തന്നെ തെരെഞ്ഞെടുക്കുന്ന സർക്കാരുകളാൽ പലവട്ടം വഞ്ചിക്കപ്പെട്ട് ഒടുവിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ ആഴ്ചകളോളം നിൽപ്പ് സമരം നടത്തിയാലും “ഞാൻ ആദിവാസിയാണ്” എന്ന പ്ലക്കാർഡുകൾ ഉയരില്ല.

ഫർഹാദ് പറയുന്നത് ഐക്യദാർഢ്യങ്ങളുടെ ലോകത്തിന്റെ മറുവശത്ത് നിൽക്കുന്നവരെക്കുറിച്ചാണ്. കുറ്റവാളികൾ, തടവുകാർ, മനോരോഗികൾ, മദ്യപാനികൾ, പിഡോഫൈലുകൾ…
സമൂഹം അപകടകാരികൾ എന്നും നിയമപരമായി കൈകാര്യം ചെയ്യേണ്ടവർ എന്നും അകറ്റിനിർത്തപ്പെടേണ്ടവർ എന്നും വിധിച്ചിട്ടുള്ളവർ മാത്രമല്ലിവർ. പലപ്പോഴും, അല്ലെങ്കിൽ എപ്പോഴും പൊതുസമൂഹത്തിന്റെ ഐക്യദാർഢ്യം ആർജ്ജിച്ചിട്ടുള്ള സമരങ്ങളുടെ, പ്രതിഷേധങ്ങളുടെ, മുന്നേറ്റങ്ങളുടെ പ്രതിസ്ഥാനത്ത് നിർത്തപ്പെട്ടവരാണ്.

അതുകൊണ്ടുതന്നെയാവണം പിഡോഫൈലുകളെക്കുറിച്ചും മദ്യപാനികളെക്കുറിച്ചുമൊക്കെ പറയുമ്പോൾ അവർക്കെതിരെ വിശാലമായ ഒരയ്ക്യദാർഢ്യം തനിയേ രൂപപ്പെട്ടു വരുന്നത്‌. അതിൽ അണിനിരക്കുന്ന പ്രസ്ഥാനങ്ങൾക്ക്, അവർ അവരുടെ സമരങ്ങളിൽ ആവശ്യപ്പെട്ടിരുന്ന നീതി, തുല്യത, അവകാശം എന്നിവയൊന്നും വിഷയമാവാത്തതും, അവയൊക്കെയും നിഷേധിക്കപ്പെട്ട വിഭാഗങ്ങൾ എന്ന സാധുതയിൽ അവയൊന്നും ‘പ്രതിവിഭാഗം’ അർഹിക്കുന്നില്ല, അനുവദിക്കില്ല എന്ന നിലപാടിലെത്തുന്നതും. ഐക്യദാർഢ്യങ്ങളുടെ രാഷ്ട്രീയം പ്രതിലോമരൂപമാർജ്ജിക്കുന്ന വിരോധാഭാസപരമായ കാഴ്ച. നീതിയോ തുല്യതയോ അവകാശങ്ങളോ ബാധകമല്ലാത്ത ആള്‍ക്കൂട്ട യുക്തിയുടേയും ആൾക്കൂട്ട നീതിയുടേയും ഇടം.

കൊട്ടിയൂരിൽ  ഒരു പ്ലസ് വൺ വിദ്യാർത്ഥിനി വൈദികനാല്‍ പീഢിപ്പിക്കപ്പെട്ട സംഭവത്തിൽ ഫേസ്ബുക്കിൽ നടന്ന ചർച്ചകളാണ് ഫർഹാദിനെ ദുരിതത്തിലാക്കിയത്. പീഢനത്തിന്റെ കാരണം പിഡോഫീലിയയെ പിന്തുണക്കുന്നവർ നമ്മുടെ പരിസരത്തുതന്നെഉള്ളതുകൊണ്ടാണ് എന്ന ചർച്ചകൾ ഉണ്ടാവുകയും അവയ്ക്ക് വ്യാപക പ്രചാരം കിട്ടുകയും ചെയ്തപ്പോൾ അത്  മേൽപ്പറഞ്ഞ തരത്തിലുള്ള വിശാലമായ ഐക്യദാർഢ്യത്തിലും പിഡോഫൈലുകളെ കുറിച്ചുള്ള ഏകപക്ഷീയമായ ആൾക്കൂട്ട വിചാരണയിലും എത്തി.

സഭയോ അതിനെ സംരക്ഷിക്കുന്ന അധികാര / ഭരണ സംവിധാനമോ ഇന്നേവരെ ഈ സംഭവത്തിനെതിരെ ഒരു പ്രക്ഷോഭത്തിനും തയ്യാറാവാത്ത സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ഒന്നും തന്നെ ഈ ഐക്യദാർഢ്യത്തിന് ചർച്ച ആവശ്യമുള്ള വിഷയങ്ങൾ ആയതുമില്ല.

അവിടേക്കാണ്‌ “ഞാന്‍ പിഡോഫീലിക്കാണ് ” എന്ന പ്ലക്കാര്‍ഡുമായി ഫര്‍ഹാദ് വരുന്നത്. ഫർഹാദിന്റെ വിവാദമായ കമന്റ് പലരീതിയിലും പിഡോഫൈലുകളെക്കുറിച്ചുള്ള മലയാളിയുടെ ക്ലീഷേകളെ പ്രശ്നവൽക്കരിക്കുന്നതായിരുന്നു. മിഠായി കൊടുത്തു കുട്ടികളെ വശത്താക്കി ലൈംഗീക പീഢനത്തിന് ഉപയോഗിക്കുന്ന, കാൽപനികതകളിലെ പിഡോഫൈലിന്റെ സ്ഥാനത്ത് ഒരു അഞ്ചാം ക്ലാസുകാരിയോട് കാമവും അതിയായ സ്നേഹവും തോന്നാറുള്ള, അവൾക്കു ചോക്ലേറ്റ് വാങ്ങിച്ചു കൊടുക്കുന്ന അതിലെ അവളുടെ സന്തോഷത്തെ പ്രേമമായി മനസ്സിലാക്കുന്ന ഒരാളായി സ്വയം സങ്കല്പിച്ച്  അവതരിപ്പിക്കുകയാണ് ഫർഹാദ് ചെയ്തത്. അപ്പോഴും ആ കുട്ടിയെ ഏതെങ്കിലും രീതിയിൽ ലൈംഗീകമായി ഉപയോഗിക്കുന്ന ഒരു പരാമർശവും കമന്റിൽ ഉണ്ടായിരുന്നില്ല. ചോക്ലേറ്റ് വാങ്ങിച്ചു കൊടുക്കുന്നത് വശീകരിക്കാൻ വേണ്ടിയാണ് എന്നൊന്നും പറഞ്ഞിട്ടുമില്ല. പക്ഷേ അങ്ങനെയൊരു കുട്ടിയെ ഫർഹാദ് സ്ഥിരമായി ചോക്ലേറ്റ് വാങ്ങിച്ചു കൊടുത്തു വശീകരിച്ചു പീഢിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന രീതിയിൽ മാത്രമേ മലയാളി സമൂഹത്തിനു സങ്കല്പിക്കാനായുള്ളൂ. അതോടെ ഈ ആൾക്കൂട്ടം ഒന്നടങ്കം ഫർഹാദിനെതിരെ തിരിഞ്ഞു.

ആരെയും ബാലപീഢകരായി മുദ്രകുത്താൻ സാധിക്കുന്ന എത്രമാത്രം ബാലിശമായ സങ്കൽപ്പങ്ങളിലാണ് മലയാളി പിഡോഫൈലുകളുടെ രൂപം ഉണ്ടാക്കിയെടുത്തിട്ടുള്ളത് എന്നതാണ് ഫർഹാദിന്റെ കമന്റുകളോടുള്ള പ്രതികരണങ്ങൾ തെളിയിച്ചത്.

സമീപകാലത്ത് കണ്ട ഏറ്റവും വലിയ വിച്ച് ഹണ്ട് ആണ് പിന്നെ നടന്നത്. ഫർഹാദിന്റെ പോസ്‌റ്റുകൾക്ക്‌ താഴെ അവനേയും കുടുംബത്തേയും ലൈംഗീകമായി അധിക്ഷേപിക്കുന്ന കമന്റുകളും ഭീഷണികളും നിറഞ്ഞു. സഖാക്കളും സംഘികളും അവന്റെ ഫോട്ടോ വെച്ച് പരസ്യമായി ഇവന്റെ വീടറിയുമോ, അഡ്രസ് കണ്ടുപിടിക്കാമോ, പാഠം പഠിപ്പിക്കാം എന്നൊക്കെ പോസ്റ്റുകളിടുകയും  പാർട്ടി ഓഫീസുകളും ശാഖകളും വഴി അന്വേഷണങ്ങൾ ആരംഭിക്കുകയും ചെയ്തു. പാർട്ടി, സംഘി ഗ്രൂപ്പുകളിൽ കൊലവിളികളുയർന്നു. കേസെടുക്കാൻ വകുപ്പുണ്ടെങ്കിൽ പരാതി കൊടുക്കാൻ നൂറുകണക്കിനാളുകളെ കൊണ്ടുവരാം എന്നിവർ പരസ്യമായി പ്രഖ്യാപിച്ചു. ഓൺലൈൻ പോർട്ടലുകൾ ഫർഹാദിന്റെ ഫോട്ടോ വെച്ചു ബാലപീഢകനായി അവതരിപ്പിച്ചു വാർത്തകൾ ഉണ്ടാക്കി.

സാമൂഹിക/നവ മാധ്യമങ്ങളിലെ എഴുത്തുകാർ, പ്രത്യേകിച്ചും ഇടതുപക്ഷ എഴുത്തുകാർ ഈ ആക്രമണത്തെ കണ്ടില്ലെന്ന് നടിച്ചും അങ്ങേയറ്റം ഒറ്റവാക്കിൽ അപലപിച്ചും ഫർഹാദ് എന്ന അപകടത്തെപ്പറ്റി, അവന്റെ ചിന്ത എന്ന അപകടത്തെപ്പറ്റി മാത്രമെഴുതി.

ഈ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച, ഫർഹാദിനെ നേരിട്ടറിയുന്നവരേയും ആശയപരമായ ചർച്ചയ്ക്ക് ശ്രമിച്ചവരേയും  കൂട്ടംചേർന്ന് ആക്രമിച്ച് ബാലപീഢകരാക്കി മുദ്രകുത്തി.

ഇതെഴുതുമ്പോൾ ഫർഹാദ് വേട്ടയുടെ നാലാം ദിവസമാണ്. ഇതിനകം പറഞ്ഞതുപോലെ സഖാക്കളും സംഘപരിവാറും നൂറുകണക്കിന് അനുയായികളെക്കൊണ്ട് ഒപ്പിടുവിച്ച പരാതികൾ വിവിധ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് നൽകിയതായിപറയപ്പെടുന്നു. അറിയപ്പെടുന്ന സിപിഎം ജനപ്രതിനിധികളും സിനിമാ സംവിധായകരുമൊക്കെ സമാനമായ പരാതികൾ നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാവരും അവകാശപ്പെടുന്നത് അവരുടെ സാമൂഹിക ബാധ്യതയാണ് അവർ നിറവേറ്റിയത് എന്നാണ്. എല്ലാവർക്കും കയ്യിലുണ്ടായിരുന്ന ആകെയുള്ള തെളിവ് ഫർഹാദിന്റെ ആ നാലുവരി കമന്റ് മാത്രമായിരുന്നു.

ഇതേസമയം ചാനലുകളിൽ കൊട്ടിയൂരിലെ പീഢനം മറച്ചുവെക്കാനുള്ള സഭയുടെ ശ്രമങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ സഭാധ്യക്ഷന്മാർ അടക്കമുള്ളവർ വന്നിരുന്ന് ഒറ്റപ്പെട്ട ഈ സംഭവത്തിന്റെ പേരിൽ ഒരു വിഭാഗത്തെ മുഴുവൻ കുറ്റപ്പെടുത്തരുത് എന്ന് വാദിക്കുന്നുണ്ട്. എന്തെളുപ്പത്തിലാണ് സഭയുടേയും സഭാസ്ഥാപനങ്ങളുടേയും പിന്തുണയോടെ ഒരു വിദ്യാർത്ഥിനിയെ പീഢിപ്പിക്കുകയും അത് മാസങ്ങളോളം മറച്ചുവെക്കുകയും കുറ്റം കുട്ടിയുടെ അച്ഛനിൽ തന്നെ കെട്ടിവെക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തിട്ടും അവ ചെയ്തവർക്ക് തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കാൻ ‘ജനാധിപത്യപരമായ’ ഇടങ്ങൾ കിട്ടുന്നത്.

അതേസമയം അക്രമിക്കപ്പെടുന്ന ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ വൾനറബിലിറ്റി കാണിക്കാൻ ഒരു സങ്കൽപം അവതരിപ്പിക്കുക മാത്രം ചെയ്ത  ഫർഹാദിന് അവനു പറയാനുള്ളത് പറയാൻ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട്‌ പോലും ഉപയോഗിക്കാന്‍ സാധിക്കാത്തവിധം സമൂഹത്തിന്റെ ജാഗ്രതയ്ക്കും ഭീഷണിക്കും കീഴിലാണ്.

സാമൂഹിക പ്രശ്നങ്ങളിൽ ഉണ്ടാവുന്ന സമരങ്ങളും അവയോടുണ്ടാവുന്ന ഐക്യദാർഢ്യങ്ങളും പ്രതിലോമകരമാണ് എന്നല്ല പറഞ്ഞുവരുന്നത്.

വിവിധ ധാരയിലുള്ള ഫെമിനിസം അടക്കമുള്ള സാമൂഹിക പ്രസ്ഥാനങ്ങളും അവയോടനുബന്ധിച്ചുണ്ടാവുന്ന ഐക്യദാർഢ്യ പ്രസ്ഥാനങ്ങളും പുനർചിന്തനം നടത്തേണ്ട കാര്യങ്ങളുണ്ട്.

അവകാശങ്ങളിൽ നിന്നും നീതിയിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന വിഭാഗങ്ങളെ നിങ്ങൾ തിരിച്ചറിയുന്നതിന്റെ മാനദണ്ഡങ്ങൾ എന്താണ്?

നീതിയും അവകാശങ്ങളും നിയമത്തിന്റെ ഔദാര്യങ്ങളിലൂടെ ലഭിക്കേണ്ടതാണോ അതോ നിയമങ്ങൾ നീതിക്കും അവകാശങ്ങൾക്കും വേണ്ടി നിർവ്വചിക്കപ്പെടേണ്ടതും പുനർ നിർവ്വചിക്കപ്പെടേണ്ടതുമാണോ?

തുല്യത എന്നത് എല്ലാവരുടേയും അവകാശമാണ്. എല്ലാവരും എന്നിടത്ത് നിങ്ങൾ പ്രതിസ്ഥാനത്ത് നിർത്തുന്നവരും ഉൾപ്പെടുന്നു എന്ന സമീപനത്തോടെ നിങ്ങളുടെ സമരാവശ്യങ്ങളെ നിർണ്ണയിക്കേണ്ടതില്ലേ?

ഫർഹാദിന്റെ വാക്കുകൾ തന്നെ ഉദ്ദരിച്ചുകൊണ്ടു അവസാനിപ്പിക്കട്ടെ:
“അധികാരരഹിതനായ വ്യക്തിയെപറ്റിയാണ്, ആ സ്വത്തത്തോടുള്ള എന്റെ സ്റ്റാന്റാണ് ഞാന്‍ പറയുന്നത്. ഇത് പറയുന്ന ഞാന്‍ സാമൂഹിക യുക്തിയിൽ തീർച്ചയായും പ്രിവിലേജ്ഡ് ആണ്. എന്നാല്‍ എന്റെ ബോധത്തിൽ ഞാനും നിങ്ങളാൽ പിടിക്കപ്പെട്ട കുറ്റവാളിയും ഗഡികളാണെന്ന് സാരം”.

 

Leave a Reply