ഡിജിറ്റല്‍ ഇന്ത്യയുടെ ഉദാത്ത ബാന്ധവങ്ങള്‍

modizuckerberg1നിരീശ്വരവാദിയെന്ന് സ്വയം അവകാശപ്പെടുന്ന മാര്‍ക്ക് സുക്കര്‍ബര്‍ഗ്  ടൌണ്‍ഹാള്‍ ചോദ്യോത്തര പരിപാടിയില്‍    [Video link] മോഡിയെ സ്വാഗതം ചെയ്ത് പറഞ്ഞത് ഫേസ്ബുക്ക്‌ കമ്പനി പച്ചപിടിച്ചിട്ടില്ലാത്ത ഒരു കാലത്ത് തന്റെ മാര്‍ഗ്ഗദര്‍ശിയും ആപ്പിള്‍ സ്ഥാപകരില്‍ ഒരാളുമായ സ്റ്റീവ് ജോബ്സിന്റെ ഉപദേശപ്രകാരം ഇന്ത്യയിലെ ഒരു അമ്പലം സന്ദര്‍ശിക്കുകയും അതോടെ ഇത്തരം കാര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെട്ടു എന്നും അങ്ങനെ ഇന്ത്യ തന്റെ കമ്പനിയുടെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നാവുന്നു എന്നുമാണ്.

തന്റെ സിഗ്നച്ചര്‍ ഡ്രസ്സ്‌ ആയ ജീന്‍സും ഗ്രേ ടീ ഷര്‍ട്ടും / ഹൂഡിക്കും പകരം കറുത്ത സൂട്ട് ധരിച്ചാണ് സുക്കര്‍ബര്‍ഗ് വേദിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഔദ്യോഗിക പരിപാടികളില്‍ ടീ ഷര്‍ട്ട് ധരിച്ചെത്തുന്ന രീതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ വിശ്വാസമില്ലെന്നും തന്റെ ഫോക്കസ് മറ്റു ക്രിയാത്മകമായ കാര്യങ്ങളില്‍ ആണെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.

സ്വന്തം ഡ്രസ്സ്‌ മാത്രമല്ല സുക്കര്‍ബര്‍ഗ് മാറ്റിയത്. ടൌണ്‍ഹാള്‍ പരിപാടിക്ക് വരുന്ന ഫേസ്ബുക്ക്‌ ജീവനക്കാരോട് ‘മാന്യമായ’ വസ്ത്രം ധരിക്കാന്‍, പ്രത്യേകിച്ചും സ്ത്രീകളോട് ഷോര്‍ട്ട്സോ സ്ലീവ്‌‌ലെസ്സോ ധരിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു, നേരത്തേ പരാമര്‍ശിച്ച ചോദ്യത്തിന് തന്റെ ജീവനക്കാര്‍ക്കും ഡ്രസ്സ്‌ കോഡ് ഇല്ലെന്നു പറയുകയും ഇത്തരം സില്ലിയായ കാര്യങ്ങള്‍ക്ക് ഊര്‍ജ്ജം ചിലവഴിക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്ത അതേ സുക്കര്‍ബര്‍ഗ്.

കൃത്രിമ പ്രതിച്ഛായ ഉണ്ടാക്കുന്നതിലും പോളിസികള്‍ അടിച്ചേല്‍പ്പിക്കുന്നതിലും കള്ളങ്ങളും കള്ള വാഗ്ദാനങ്ങളും നല്‍കുന്നതിലും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിലും ഒക്കെ മോഡിക്ക് സുക്കര്‍ബര്‍ഗിനേക്കാള്‍ നല്ലൊരു കൂട്ടാളിയെ വേറെ കിട്ടില്ല.  ഭരണകൂടങ്ങളെ, അവയുടെ വിമര്‍ശകരെ ഒതുക്കാനും നിശ്ശബ്ദരാക്കാനും ഫേസ്ബുക്ക്‌ എങ്ങനെ സഹായിക്കുന്നു എന്ന് കൂടുതല്‍ തെളിഞ്ഞു വരുന്ന സമയമാണ്. ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന തട്ടിപ്പ് ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതിയുടെ മറവിലൂടെ ഒളിച്ചുകടത്തുന്നതിനേക്കാള്‍ അപകടം ഫേസ്ബുക്ക്‌ – മോഡി ബാന്ധവത്തില്‍ കാണേണ്ടതുണ്ട്. “മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ”ക്ക് സിലിക്കണ്‍ വാലിയിലെ ഗൂഗിളും മൈക്രോസോഫ്റ്റുമൊക്കെ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്.

താഴ്ന്നവരുമാനക്കാര്‍ക്കും ഇന്റര്‍നെറ്റ്‌ പ്രാപ്യമാക്കുക, അതുവഴി ഇതുവരെ ഇല്ലാത്ത സാദ്ധ്യതകള്‍ അവര്‍ക്ക് ലഭ്യമാക്കുക എന്ന സങ്കല്‍പം സ്റ്റേറ്റ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ / സേവനങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാക്കുകയും സുതാര്യത ഉണ്ടാക്കുകയും ചെയ്യും എന്ന വ്യാജ വാഗ്ദാനത്തോടൊപ്പം ചേര്‍ത്താണ് വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ എന്നത് വാസ്തവത്തില്‍ ഒരു പുതിയ സങ്കല്പമാണോ? മറ്റുരാജ്യങ്ങളില്‍ ഇപ്പോള്‍ ഇന്ത്യ വിഭാവനം ചെയ്തിരിക്കുന്നതിനേക്കാള്‍ ഫലപ്രദമായ ഇ-ഗവര്‍ണന്‍സ് മാതൃകകള്‍ നിലവിലുണ്ട്. ഡിജിറ്റല്‍ ഇന്ത്യ എന്ന ഒരു ലക്ഷത്തി പതിമൂന്നായിരം കോടി രൂപ ചെലവു കണക്കാക്കപ്പെടുന്ന പദ്ധതി കണ്ണില്‍ പൊടിയിടുന്ന, ഭാവനാരഹിതമായ ഒന്നാണ് എന്ന് അതിന്റെ ഉദ്ദേശലക്ഷ്യങ്ങളായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നോക്കിയാല്‍ അറിയാം. കാലത്തിനനുസരിച്ച് സ്വാഭാവികമായും വരുത്തേണ്ട മാറ്റങ്ങള്‍ പോലും സര്‍ക്കാര്‍ തലത്തില്‍ ഡിജിറ്റലൈസേഷന്റെ കാര്യത്തിലോ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതിലോ ഇന്ത്യയില്‍ നടപ്പിലാക്കിയിട്ടില്ല. ഉള്ളവയില്‍ മിക്കവയും കാര്യക്ഷമവുമല്ല. അതുകൊണ്ടുതന്നെ താങ്ങാവുന്ന ചെലവില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്‌ ലഭിക്കുന്ന മെട്രോ സിറ്റികളില്‍ പോലും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ല. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഇതിനുള്ള അടിസ്ഥാനപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുപോലുമില്ല. സിലിക്കണ്‍ വാലി കമ്പനികള്‍ക്ക് ഇന്ത്യയുടെ നിലവിലെ ഈ പരിമിതികളും ഡിജിറ്റല്‍ ഇന്ത്യ പദ്ദതിയുടെ ഭാവനാശൂന്യതയും മനസ്സിലായിട്ടില്ല എന്ന് ധരിക്കാന്‍ ഒരു വഴിയുമില്ല. എന്നിട്ടും ഇത്തരം ഒരു പദ്ദതിയെ വാഴ്ത്തുവാനും അതിലുപരി മോഡിയെ വാഴ്ത്തുവാനും പദ്ദതിയുടെ ഭാഗമാകാനും അതിനെ സപ്പോര്‍ട്ട് ചെയ്യാമെന്നും പറഞ്ഞു ഇവരൊക്കെ ക്യൂ നില്‍ക്കുന്നതിന്റെ ഉദ്ദേശമെന്താണ്?

ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ്‌.ഓര്‍ഗ് എന്ന പദ്ധതിയിലെ തട്ടിപ്പ് ഇതിനകം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ‘നെറ്റ് ന്യൂട്രാലിറ്റി’ ലംഘിക്കുന്നു എന്നതിനപ്പുറം ചര്‍ച്ചചെയ്യപ്പെട്ടിട്ടുമില്ല. അതുകൊണ്ട് ഫേസ്ബുക്കിനു പകരം ഗൂഗിളോ മൈക്രോസോഫ്റ്റോ വാഗ്ദാനം ചെയ്ത പദ്ദതികള്‍ സ്വീകരിക്കാം എന്ന അഭിപ്രായം ഇന്റര്‍നെറ്റ്‌.ഓര്‍ഗ് എന്ന പദ്ദതിയെ എതിര്‍ക്കുന്നവര്‍ക്കുപോലുമുണ്ട്. ഒരുകാലത്ത് മടിയില്‍ കനമുള്ളവന് മാത്രം കിട്ടിയിരുന്ന ഇന്റര്‍നെറ്റും മൊബൈല്‍ഫോണും മിഡില്‍ക്ലാസ്സിനും കൂടെ താങ്ങാവുന്നതാക്കിയപ്പോള്‍ ലാഭം വാരിക്കൂട്ടിയ കോര്‍പറേറ്റുകള്‍ ബാക്കിയുള്ള പാവപ്പെട്ടവന്റെ ചട്ടിയില്‍ ഉള്ളതുകൂടെ കയ്യിട്ടു വാരാന്‍ നടത്തുന്ന ഉദ്യമമാണ് ഈ വാഗ്ദാനങ്ങള്‍ക്കെല്ലാം പിറകില്‍. പണക്കാര്‍ക്കും മിഡില്‍ക്ലാസ്സിനും ലഭിച്ച സൌകര്യങ്ങള്‍ ഇനി നിങ്ങള്‍ക്കും എന്ന വ്യാജ വാഗ്ദാനം.

പണക്കാര്‍ക്കും മിഡില്‍ക്ലാസ്സുകാര്‍ക്കും ഇപ്പോളുള്ള ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ ഉപകാരപ്പെടുന്നത് അവരുടെ കയ്യില്‍ പണമുള്ളത് കൊണ്ടാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. മിക്കവാറും ഓണ്‍ലൈന്‍ പര്‍ച്ചേസ്, ബാങ്ക് ഇടപാടുകള്‍, ടിക്കറ്റ്‌ ബുക്കിംഗ് തുടങ്ങി ചുരുക്കം കാര്യങ്ങളില്‍ ആണ് അവരുടെ പോലും ജീവിതവുമായി ബന്ധപ്പെടുന്ന ഇന്റര്‍നെറ്റ്‌ വഴിയുള്ള വിനിമയങ്ങള്‍ ഒതുങ്ങുന്നത്. ഇവയില്‍ ഒട്ടുമുക്കാലും സര്‍ക്കാര്‍ സേവനങ്ങളുമല്ല. ഈ സേവനങ്ങള്‍ വിജയിക്കുന്നത് അതുപയോഗിക്കുന്നവരുടെ താല്പര്യങ്ങളേയും അഭിരുചികളേയും, കൂടെ സാമ്പത്തിക പ്രാപ്തിയേയും കുറിച്ച് അവരറിയാതെ നടത്തുന്ന ഡാറ്റ ശേഖരണവും, അവയുടെ അപഗ്രഥനത്തിലൂടെ കൂടുതല്‍ ഫലപ്രദമായ വിപണനം സാധ്യമാക്കുന്ന ലോജിക്കുകള്‍ ഇവയോടൊപ്പം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. പാവപ്പെട്ടവരിലേക്കും ഇന്റര്‍നെറ്റ്‌ എത്തുമ്പോള്‍ അവരുടെ ഓണ്‍ലൈന്‍ സാമ്പത്തിക വിനിമയങ്ങളോ പര്‍ച്ചേസുകളോ പരിമിതമായിരിക്കുമെങ്കിലും ഡാറ്റ ശേഖരണം കൃത്യമായി നടക്കും.

ഉപഭോക്താവിന്റെ താല്പര്യങ്ങള്‍ തിരിച്ചറിയാന്‍ അതിനനുസരിച്ച് സേവനം മെച്ചപ്പെടുത്താന്‍ ഈ ഡാറ്റ ശേഖരിക്കേണ്ടത് ഏതു ഓണ്‍ലൈന്‍ സേവനത്തിന്റെയും ആവശ്യമാണ്‌. എന്നാല്‍ ആര്, എന്ത് ഡാറ്റയാണ് ശേഖരിക്കുന്നത് എന്നും എന്തിനാണ് ഉപയോഗിക്കന്നതെന്നും നിരീക്ഷിക്കാനുള്ള സംവിധാനമോ അതിനെക്കുറിച്ചുള്ള  നിയമങ്ങളോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ പോലും ഇന്ത്യയില്‍ ഇല്ല. ആളുകളുടെ ഐഡന്റിറ്റി അടക്കമുള്ള വിവരങ്ങള്‍ ഇങ്ങനെ ശേഖരിക്കപ്പെടുകയും വില്‍ക്കപ്പെടുകയും ചെയ്യുന്നുണ്ട്. പല റെഗുലേറ്ററി സംവിധാനങ്ങള്‍ ഉള്ള അമേരിക്കയില്‍ പോലും ഏഴു ശതമാനം ആളുകളുടെ കട്ടെടുത്ത ഐഡന്റിറ്റി ഉപയോഗിക്കപ്പെടുന്നുണ്ട്. ഫേസ്ബുക്കും ഗൂഗിളും മൈക്രോസോഫ്റ്റുമൊക്കെ ഇത്തരം ഡാറ്റകളുടെ ഭീമന്‍ ശേഖരങ്ങളും അപഗ്രഥന സംവിധാനങ്ങളും ഉള്ളവരാണ്. തങ്ങള്‍ നല്‍കുന്ന സൌജന്യ സേവനങ്ങള്‍ വഴി ഇതുവരെ ലഭ്യമല്ലാത്ത ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങളെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കും. അതിനു ഉപഭോക്താവ് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഇന്റെര്‍നെറ്റിലേക്ക് കേറിയാല്‍ മാത്രം മതി. ബാക്കിയൊക്കെ ബ്രൌസറും ആപ്പുകളും നെറ്റ്‌വര്‍ക്കുകളും ചെയ്തോളും.

വികസിത രാജ്യങ്ങളിലും ഇത്തരം ഡാറ്റ ശേഖരണം നടക്കുന്നുണ്ടെങ്കിലും അവിടെയൊക്കെ ജീവിതം മെച്ചപ്പെടുത്തുന്ന സേവനങ്ങളും അതില്‍ തന്നെ മത്സരമുള്ള മാര്‍ക്കറ്റും ഉണ്ടെന്നുള്ളതാണ് വ്യത്യാസം. ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുമുണ്ട്. ജനങ്ങള്‍ ഈ സംവിധാനങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ഏറെക്കുറെ ബോധമുള്ളവരാണ്. പാവപ്പെട്ടവന്റെ കാര്യങ്ങള്‍ അന്വേഷിക്കാനോ ജീവിതം മെച്ചപ്പെടുത്താനോ യാതൊരു പദ്ധതികളും ഉദ്ദേശങ്ങളും ഇപ്പോള്‍ തന്നെ ഇല്ലാത്ത ഇന്ത്യയില്‍ നിന്നും ശേഖരിക്കുന്ന ഡാറ്റ ഏകപക്ഷീയമായി കോര്‍പ്പറേറ്റുകള്‍ നൈതീകതയും ഉത്തരവാദിത്തവും ഇല്ലാതെ ഉപയോഗിക്കുന്ന സ്ഥിതിയായിരിക്കും ഉണ്ടാവുക. അവകാശങ്ങളെക്കുറിച്ച് ബോധമില്ലാതെ എറിഞ്ഞു കിട്ടുന്ന സൌകര്യങ്ങളില്‍ അഭിരമിക്കുന്ന നമ്മുടെ സൈബര്‍ സംസ്കാരം കൂടുതല്‍ മുതലെടുക്കുക എന്നതാണ് ഉദ്ദേശം.

തിരികെ ഒന്നും കിട്ടുന്നില്ല എന്ന് പറഞ്ഞുകൂട. നമുക്കല്ല. മോഡിക്ക്. ഡിജിറ്റല്‍ ഇന്ത്യ എന്ന ‘സംരഭ’ത്തിലൂടെ പുതുതായി എന്തോ മോഡി കൊണ്ടുവരുന്നു എന്ന കള്ളത്തിനു സുക്കര്‍ബര്‍ഗ് കൊടുക്കുന്ന പിന്തുണ നോക്കാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിലെ മോഡിയുടെ സാന്നിധ്യം മറ്റു ലോക നേതാക്കള്‍ക്ക് പാഠമാകേണ്ടതുണ്ട് എന്നാണ് സുക്കര്‍ബര്‍ഗ് പറഞ്ഞത്. വാസ്തവത്തില്‍ ലോകത്തിലെ പ്രമുഖ നേതാക്കള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ മോഡിയേക്കാള്‍ സജീവമാണ്. മോഡിയെപ്പോലെ സെല്ഫികള്‍ പ്രദര്‍ശിപ്പിക്കാനല്ല, രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ തന്നെ. മോഡിയുടെ ഫോളോവേര്‍സ് ലിസ്റ്റ് വ്യാജ പ്രൊഫൈലുകള്‍ നിറഞ്ഞതാണ്‌ എന്നത് കണക്കുകള്‍ തെളിയിച്ചിട്ടുമുണ്ട്. സ്വന്തം പ്രൊഫൈലിലൂടെ എന്ത് ഇടപെടലാണ് മോഡി നടത്തിയിട്ടുള്ളത്? ചോദ്യോത്തര വേളയില്‍ നിലവിലുള്ള സംവിധാനങ്ങളുടെ ക്രെഡിറ്റ്‌ കൂടെ എടുത്തുകൊണ്ടാണ് മോഡി അവകാശവാദങ്ങള്‍ നടത്തുന്നത്. ഇതൊന്നും അറിയാത്ത ആളല്ല സുക്കര്‍ബര്‍ഗ്. പക്ഷേ മോഡിയുടെ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിതിക്ക് കൂടുനില്‍ക്കുകയാണ്.

ഫേസ്ബുക്ക്‌ പോലുള്ള കമ്പനികളും ഇതുപോലുള്ള വ്യാജ പ്രതിച്ഛായകള്‍ ഉണ്ടാക്കിയാണ് നിലനില്‍ക്കുന്നത്. സോഷ്യലൈസിംഗ് ടൂള്‍ എന്ന നിലയില്‍ അതിന്റെ യൂസേര്‍സ് ആണ് ഫേസ്ബുക്ക്‌ എന്ന ‘അത്ഭുത’ത്തിന്റെ കാരണക്കാര്‍. നിലവിലെ സോഷ്യലൈസിംഗ് ടൂളുകളില്‍ നിന്നും മാതൃകയുള്‍ക്കൊണ്ട് തന്നെയാണ് ഫേസ്ബുക്കും രൂപവല്‍ക്കരിക്കപ്പെടുന്നത്‌. ഫേസ്ബുക്ക്‌ കൊണ്ടുവരുന്ന സേവനങ്ങളുടെ പിറകില്‍ ലക്ഷക്കണക്കിന്‌ സ്വതന്ത്ര ഐ ടി വിദഗ്ദരുടെയും ഗവേഷകരുടെയും പ്രയത്നത്തിന്റെ ചരിത്രമുണ്ട്. ഉദാഹരണത്തിന് ഇന്ത്യന്‍ ഭാഷകളില്‍ സേവനം ലഭ്യമാക്കുന്നതിന്റെ ക്രെഡിറ്റും മറ്റും ഫേസ്ബുക്ക്‌ ഉള്‍പ്പടെയുള്ള കമ്പനികള്‍ ഏറ്റെടുക്കുന്നത് ഇവരുടെ പ്രയത്നങ്ങളെ അദൃശ്യമാക്കിയാണ്.

തന്റെ ഫാസിസ്റ്റ് ഭരണരീതിയും അതിനു പിന്നിലെ ഹിന്ദുത്വ ഐഡിയോളജിയും ചോരക്കറ പുരണ്ട ചരിത്രവും ലോകത്തെകൊണ്ട് സ്വീകരിപ്പിക്കുക എന്ന നേട്ടങ്ങളും ഈ ബാന്ധവം കൊണ്ട് മോഡി നേടുന്നുണ്ട്. തന്നെ ലോകം അംഗീകരിച്ചു കഴിഞ്ഞതായും അപ്പോള്‍ പിന്നെ വേറെ എന്ത് പറഞ്ഞാലും ആ അംഗീകാരം മാത്രം മതിയെന്നും ചോദ്യോത്തര പരിപാടിയില്‍ ചോദിക്കാതെതന്നെ മോഡി ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. സുക്കര്‍ബര്‍ഗ് ആണെകില്‍ ഇന്ത്യയുടെ മഹത്വം അമ്പലങ്ങളിലേക്ക് ചുരുക്കി, അവയുടെ പ്രാധന്യത്തെ സാക്ഷ്യപ്പെടുത്തി പ്രഖ്യാപിക്കുന്നു. ഹിന്ദുത്വ സദാചാരങ്ങളെ സ്വയം സ്വീകരിക്കുകയും തന്റെ ജീവനക്കരെക്കൊണ്ട് സ്വീകരിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയെന്നാല്‍ ഇതൊക്കെ ആണെന്ന് സമ്മതിച്ചുകൊടുക്കുന്നു. ഒരാവശ്യവുമില്ലാതെ ‘കുടുംബ’ സംവിധാനത്തെക്കുറിച്ച് പരാമര്‍ശിച്ചു അമ്മയെ സ്നേഹിക്കുന്ന, കുടുംബസ്നേഹിയായ, സ്ത്രീകളെ ബഹുമാനിക്കുന്ന, അങ്ങനെ മാനുഷിക മുഖമുള്ള ഒരാളായി തന്നെ സ്വയം പ്രഖ്യാപിക്കാന്‍ മോഡിക്ക് അവസരം കൊടുക്കുന്നു.

ഭരണകൂട പോളിസികള്‍ ഫേസ്ബുക്ക്‌ സ്വന്തം പോളിസികള്‍ പോലെ നടപ്പിലാക്കുന്നതു അടുത്ത കാലത്ത് ചര്‍ച്ചയായിട്ടുള്ളതാണ്. ഇപ്പോള്‍ തന്നെ ഭരണകൂടങ്ങള്‍ക്ക് സോഷ്യല്‍നെറ്റ്‌വര്‍ക്കുകളും സേവനദാതാക്കളും ഐടി കമ്പനികളും ചെയ്തുകൊടുക്കുന്ന ഒത്താശകള്‍ ചെറുതല്ല. ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ കമ്പനികള്‍ സര്‍ക്കാരിനു നല്‍കുന്നതിനെക്കുറിച്ചുള്ള സ്നോഡന്റെ വെളിപ്പെടുത്തലുകള്‍ കാരണമുണ്ടായ പ്രതിഷേധങ്ങള്‍ ‘ഗവര്‍ണ്‍‌മെന്റ് റിക്വസ്റ്റുകള്‍’ എന്ന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കാന്‍ പല കമ്പനികളെയും നിര്‍ബന്ധിതരാക്കിയപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും ജുഗുപ്സാവഹമായ, ഒരുപകാരവുമില്ലാത്ത റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു കണ്ണില്‍ പൊടിയിടുകയാണ് ഫേസ്ബുക്ക്‌ ചെയ്തത്. സ്റ്റേറ്റിനെയും ഐഡിയോളജികളെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ബാന്‍ ചെയ്യാനും യൂസര്‍നേമും പാസ്സ്‌വേര്‍ഡും ഭരണകൂടങ്ങള്‍ക്ക് കൈമാറാനും ഫേസ്ബുക്ക്‌ അടക്കം തയ്യാറായിട്ടുണ്ട്. തന്നെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഇട്ടവരെ മോഡി നേരിട്ടത് എങ്ങനെയാണ് എന്ന് നമുക്കറിയാം. പുതിയ ബാന്ധവം കൂടുതല്‍ പേരെ ഐഡന്റിഫൈ ചെയ്യാനും കൂടുതല്‍ കൃത്യമായി വിമര്‍ശനങ്ങളെ ഒതുക്കാനും മോഡിയെ സഹായിക്കും എന്നതില്‍ സംശയമില്ല.

അഭിപ്രായ സ്വാതന്ത്യ്രത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന ഈ നാട്യത്തിലും ഫേസ്ബുക്ക് മോഡി ഭരണത്തോട് കൈകോര്‍ത്താണ് നില്കുന്നത്.  ആളുകള്‍ക്ക് കൂടുതല്‍ കണക്ട് ചെയ്യാന്‍ അവസരം കൊടുക്കുന്നു എന്ന് പറയുന്ന മോഡിയുടെ നാട്ടില്‍ തന്നെ കഴിഞ്ഞ മാസം ഇന്റര്‍നെറ്റ്‌ രണ്ടു തവണ നിരോധിച്ചു. കാശ്മീരില്‍ ഈദ് ദിവസം ഇന്റര്‍നെറ്റ്‌ നിരോധിച്ചു. പോണ്‍ നിരോധനം പരീക്ഷിച്ചു. സംഘപരിവാര്‍ സര്‍ക്കാരുകള്‍ സെഡിഷന്‍ നിയമങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനോടൊപ്പം കൂടെയാണ് സ്റ്റേറ്റ് പോളിസികള്‍ തങ്ങളുടെ പോളിസികള്‍ പോലെ നടപ്പിലാക്കുന്ന ഫേസ്ബുക്കുമായുള്ള ബാന്ധവത്തെ കാണേണ്ടത്. കൂടുതല്‍ പേര്‍ കണക്ടഡാവുമ്പോള്‍ കൂടുതല്‍ ആശ്രിതരായ സമൂഹത്തേയും കൂടുതല്‍ നിയന്ത്രണമുള്ള സംവിധാനവും ഈ ബാന്ധവങ്ങളിലൂടെ ഭരണകൂടത്തിനു ലഭിക്കും. എപ്പോള്‍ വേണമെങ്കിലും ഊരിയെടുക്കാവുന്ന, ആളുകളെ ഒറ്റക്കോ കൂട്ടായോ നിര്‍ജ്ജീവരാക്കാവുന്ന ഒരു പ്ലഗ്ഗ്.  ബാനുകളിലൂടെ ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചും ഫാസിസത്തിന് ഭൂരിപക്ഷത്തിന്റെ സമ്മതം നേടിയും, എതിര്‍പ്പുകളെ നിശബ്ധമാക്കിയുംയും കൊന്നുതന്നെ ഇല്ലാതാക്കുകയും ചെയ്തു സൃഷ്ടിച്ച, വിമര്‍ശിക്കാത്ത, സദാചാരം പാലിക്കുന്ന ഒരു പ്ലാറ്റ്ഫോം പ്രതിഫലമായി സ്റ്റേറ്റ് ഈ കോര്‍പറേറ്റുകള്‍ക്ക് ഒരുക്കികൊടുക്കുകയും ചെയ്യുന്നു.