വധശിക്ഷയും ലോ കമ്മീഷന്‍ റിപ്പോര്‍ട്ടും

വധശിക്ഷ നിര്‍ത്തലാക്കുന്ന വിഷയത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് ലോ കമ്മീഷന്‍ റിപ്പോര്‍ട്ട്‌. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ വര്‍ഷം മെയ്‌ മാസത്തില്‍ പൊതു ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും അഭിപ്രായം ആരാഞ്ഞു കൊണ്ട്, വധശിക്ഷ ഇന്ത്യയില്‍ തുടരേണ്ടതുണ്ടോ എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്‌ അടുത്ത ദിവസങ്ങളില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഡ്രാഫ്റ്റ്‌ റിപ്പോര്‍ട്ടില്‍ വധശിക്ഷ നിര്‍ത്തലാക്കാന്‍ തന്നെയാണ് ലോ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നതെങ്കിലും ‘ടെറര്‍’ കേസുകളില്‍ വധശിക്ഷ നിലനിര്‍ത്തണമെന്നും പറയുന്നു.

വിവിധ കേസുകളില്‍ വധശിക്ഷ സംബന്ധിച്ച തീരുമാനം എടുക്കേണ്ടി വന്നപ്പോള്‍ സുപ്രീംകോടതി തന്നെ നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ കാരണമാണ് ലോ കമ്മീഷനോട് വീണ്ടും ഈ വിഷയത്തില്‍ പഠനം നടത്താന്‍ കോടതി ആവശ്യപ്പെടുന്നത്. ഈ പ്രതിസന്ധികള്‍ വധശിക്ഷയ്ക്കെതിരെ സംസാരിക്കുന്ന നിരവധി സംഘടനകള്‍ കാലങ്ങളായി ഉന്നയിക്കുന്ന വാദങ്ങളെ ശരിവെക്കുന്നതുമായിരുന്നു.

വധശിക്ഷ ആളുകളെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു ഇല്ല എന്ന ഉത്തരത്തില്‍ തന്നെയാണ് ലോ കമ്മീഷന്‍ എത്തിച്ചേരുന്നത്. നിലവിലുള്ള മറ്റു ശിക്ഷകള്‍ നല്‍കുന്ന ഫലങ്ങളില്‍ നിന്നും എന്തെങ്കിലും മെച്ചം വധശിക്ഷ നല്‍കുന്നില്ല എന്ന് ഡ്രാഫ്റ്റ്‌ റിപ്പോര്‍ട്ട്‌ പറയുന്നു. വധശിക്ഷ നല്‍കുന്നതിനു കോടതികള്‍ പാലിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ള ‘അതീവ വിരളമായ കേസുകളില്‍’ എന്ന തത്വവും വധശിക്ഷ ഇളവു ചെയ്യുന്നതിനെ സംബന്ധിച്ച് സര്‍ക്കാരുകള്‍ എടുക്കുന്ന താല്പര്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വധശിക്ഷ ആളുകളെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനാണോ ഉപയോഗപ്പെടുത്തുന്നത് എന്ന് പഠിക്കാന്‍ ലോ കമ്മീഷനോട് ആവശ്യപ്പെടുന്നത്. ഇല്ല എന്ന കമ്മീഷന്റെ കണ്ടെത്തല്‍ വധശിക്ഷ സ്റ്റേറ്റ് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന, സമീപകാല വധശിക്ഷകള്‍ ഉണ്ടാക്കിയ ചോദ്യങ്ങളെ കൂടുതല്‍ പ്രസക്തമാക്കുകയാണ്.

അതുപോലെ, ന്യൂനപക്ഷങ്ങളും സമൂഹത്തില്‍ താഴെക്കിടയില്‍ ജീവിക്കുന്നവരുമാണ് വധശിക്ഷയുടെ ഇരകളില്‍ കൂടുതലും എന്ന പ്രശ്നവും കമ്മീഷന്റെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത് വിവിധ കേസുകളില്‍ ഈ കാര്യം കോടതികള്‍ തന്നെ ശ്രദ്ധിച്ചതുകൊണ്ടും വിവിധ സംഘടനകളും മാധ്യമങ്ങളും ഈ കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളതുകൊണ്ടുമാണ്. ജസ്റ്റിസ് ഭഗ്‌വതിയും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും ഒക്കെ വിവിധ വിധിന്യായങ്ങളില്‍ ഈ പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. ഈ ആശങ്കകള്‍ ശരിവെച്ചുകൊണ്ട്‌ ലോ കമ്മീഷന്റെ ഡ്രാഫ്റ്റ്‌ റിപ്പോര്‍ട്ട്‌ പറയുന്നത്  “വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും സാമൂഹികവും സാമ്പത്തികവുമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് എന്നതും സമാനമായ കേസുകളില്‍ തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ മാത്രം വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആനുപാതികത ഇല്ലായ്മയും സമൂഹത്തിലെ വ്യവസ്ഥാപിതമായ വിവേചനത്തെയും അവര്‍ ഘടനാപരമായി അനുഭവിക്കുന്ന പ്രതികൂലതയെയുമാണ്‌ സൂചിപ്പിക്കുന്നത്” എന്നാണ്. തുല്യനീതി എന്ന ഭരണഘടന നല്‍കുന്ന അവകാശം പ്രത്യക്ഷത്തില്‍ തന്നെ നിഷേധിക്കുന്നതാണ് നിലവിലെ വധശിക്ഷാ മാനദണ്ഡങ്ങള്‍ – അല്ലെങ്കില്‍ മാനദണ്ഡങ്ങളില്ലായ്മ.

സമൂഹത്തിന്റെ പൊതു മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ ഇയാള്‍ വധിക്കപ്പെടണം (‘the collective conscience of the society will only be satisfied if capital punishment is awarded to the offender’) എന്ന, അഫ്സല്‍ ഗുരുവിനെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ടുള്ള കുപ്രസിദ്ധമായ സുപ്രീംകോടതിവിധിപോലുള്ള സാഹചര്യങ്ങളും ലോ കമ്മീഷന്റെ പരിഗണനയില്‍ വന്നിരുന്നു. ഇത്തവണ വധശിക്ഷയെക്കുറിച്ച് അഭിപ്രായമാരഞ്ഞു ലോ കമ്മിഷന്‍ ഇറക്കിയ ‘കണ്‍സല്‍ട്ടേഷന്‍ പേപ്പറി’ല്‍ (link to the document) തന്നെ പൊതു മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വധശിക്ഷ വിധിച്ച നിരവധി കീഴ്ക്കോടതി വിധികളെ വിമര്‍ശിക്കുന്ന സുപ്രീംകോടതി വിധികള്‍ ഉദാഹരിക്കുന്നുണ്ട്. കുറ്റകൃത്യത്തിന്റെ ഭീകരത, അവ സമൂഹ മനസ്സാക്ഷിയില്‍ ഉണ്ടാക്കുന്ന ഭയചിന്ത, അല്ലെങ്കില്‍ ഭൂരിപക്ഷ അഭിപ്രായങ്ങള്‍ എന്നിവ വധശിക്ഷ നല്‍കുന്നതിനെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ ആവരുതെന്നു ഈ കേസുകളില്‍ സുപ്രീംകോടതി തന്നെ അഭിപ്രായപ്പെടുന്നുണ്ട്.  ശിക്ഷ കൊണ്ടുദ്ദേശിക്കുന്നതായി നിയമവ്യവസ്ഥ അവകാശപ്പെടുന്ന ഫലത്തിനപ്പുറം സമൂഹത്തിന്റെ പൊതു ആവശ്യമെന്ന നിലയില്‍ വധശിക്ഷ നല്‍കാനാവില്ല എന്ന് വിവിധ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സാമൂഹത്തിന്റെ പൊതു അഭിപ്രായം രൂപപ്പെടുന്നതില്‍ കുറ്റകൃത്യങ്ങളിലെ ഭീകരത മാത്രമായിരിക്കില്ല ഘടകങ്ങളെന്നും മറ്റു ഘടകങ്ങള്‍ കോടതികളുടെ പരിഗണനയില്‍ വരുന്നില്ലെന്നുമുള്ളതുമാണ് ഇങ്ങനെ ഒരു നിലപാടിന് കാരണമെന്നും കൃത്യമായിതന്നെ ഇവര്‍ പറയുന്നുണ്ട്. സ്റ്റേറ്റ് അതിന്റെ ജനങ്ങളില്‍ സൃഷ്ടിക്കുന്ന ദേശീയത, ശത്രുരാജ്യം തുടങ്ങിയ വികാരങ്ങളും, മുസ്ലീങ്ങളെ ശത്രുരാജ്യത്തോട്‌ കൂറുള്ളവരായി ചിത്രീകരിക്കുന്ന സാമൂഹിക ഘടകങ്ങളുമൊക്കെ വധശിക്ഷയ്ക്കു വേണ്ടി മുറവിളികൂട്ടുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ വഹിക്കുന്ന പങ്കു അത്തരം കേസുകളില്‍ കോടതി വ്യവഹാരങ്ങളില്‍ കണക്കിലെടുക്കപ്പെടാറില്ല.

കുറ്റം ചാര്‍ത്താന്‍ ഉണ്ടാക്കുന്ന കൃത്രിമത്വങ്ങള്‍, കുറ്റം കണ്ടുപിടിക്കുന്നതില്‍ വരാവുന്ന തെറ്റുകള്‍ എന്നിവകൊണ്ട് അന്യായമായ വധശിക്ഷകള്‍ നടപ്പിലാക്കപ്പെട്ട സന്ദര്‍ഭങ്ങളും വധശിക്ഷയുടെ കാര്യത്തില്‍ പുതിയ പഠനത്തിനു കാരണമായി സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ മാത്രം ഭീകരത കണക്കിലെടുക്കുന്നതും കുറ്റവാളിയുടെ സാഹചര്യങ്ങള്‍ വിചാരണകളില്‍ പോലും വിഷയമാവാത്തതും കാരണം വധശിക്ഷയടക്കമുള്ള കഠിന ശിക്ഷകള്‍ അന്യായമായി നല്‍കപ്പെട്ടിട്ടുണ്ട്. അതിലേറെ, ഇന്ത്യയില്‍ വധശിക്ഷ നടപ്പിലാക്കുന്ന പ്രക്രിയ തന്നെയും പ്രശ്നഭരിതമാണ് എന്ന കണ്ടെത്തലുകളും സുപ്രീംകോടതി മുന്നോട്ടു വച്ചിരുന്നു. പ്രധാനമായും ദയാഹര്‍ജി പ്രക്രിയ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍. പല തവണ കോടതികള്‍ അസംതൃപ്തി പ്രകടിപ്പിച്ച വിഷയത്തില്‍ ഏറ്റവും ഒടുവിലായി രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചുകൊണ്ട് പ്രസ്താവിച്ച വിധിയില്‍ ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ പ്രസിഡണ്ടും സ്റ്റേറ്റും കാണിക്കുന്ന അലംഭാവങ്ങളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ജീവിക്കാനുള്ള അവകാശം ഇന്ത്യയില്‍ ജീവിക്കുന്ന ഓരോരുത്തര്‍ക്കും ഭരണഘടന ഉറപ്പു തരുന്നതാണ്. ദയാഹര്‍ജ്ജി എന്ന പ്രക്രിയ ഈ അവകാശം ഉറപ്പു വരുത്തുവാന്‍ വിധശിക്ഷാ വിധിയോടു വിയോജിക്കുവാനുള്ള സ്റ്റേറ്റിനുള്ള മാര്‍ഗ്ഗമായാണ് കാണേണ്ടത്. എന്നാല്‍ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ ബാധ്യതയുള്ള സ്റ്റേറ്റ് ആ അവകാശം നിരാകരിക്കുകയും ര്ഷ്ട്രീയമായ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ ഈ പ്രക്രിയയെ ഉപയോഗപ്പെടുത്തുകയുമാണ് ചെയ്തുപോരുന്നത്. സമീപകാലത്ത് നടപ്പിലാക്കിയ വധശിക്ഷകളില്‍ ദയാഹര്‍ജ്ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന പ്രക്രിയകളില്‍ തിരിമറികള്‍ നടത്തിയാണ് സ്റ്റേറ്റ് അതിന്റെ താല്പര്യങ്ങള്‍ നടപ്പിലാക്കിയത്.

വധശിക്ഷ സംബന്ധിച്ച പിന്നെയും പ്രശ്നങ്ങള്‍ ലോ കമ്മീഷന്റെ ‘കണ്‍സല്‍ട്ടേഷന്‍ പേപ്പര്‍’ മുന്നോട്ടു വച്ചിരുന്നു. വധശിക്ഷയ്ക്കെതിരെയുള്ള വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളടക്കമുള്ള ഈ പേപ്പര്‍ അവതരിപ്പിച്ചു നടത്തിയ അഭിപ്രായ സര്‍വേ ആധാരമാക്കിയുള്ള റിപ്പോര്‍ട്ടാണ് വരും ദിവസങ്ങളില്‍ ഗവണ്മെന്റിന് സമര്‍പ്പിക്കുന്നത്. വധശിക്ഷ നിര്‍ത്തലാക്കുക എന്ന നിര്‍ദ്ദേശത്തോടൊപ്പം ‘ടെറര്‍’ കേസുകളില്‍ അത് നിലനിര്‍ത്താനും മറ്റൊരു റിവ്യൂ വരെ ടെറര്‍ കേസുകളിലെ വധശിക്ഷകള്‍ നടപ്പിലാക്കുന്നതില്‍ മോറൊട്ടോറിയം പ്രഖ്യാപിക്കാനുമാണ് ലോ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്.

എന്താണ് ‘ടെറര്‍’ എന്ന് ലോ കമ്മിഷന്‍ നിര്‍വ്വചിക്കുന്നില്ല. അടുത്തു നടപ്പിലാക്കിയ അഫ്സല്‍ ഗുരു, അജ്മല്‍ കസബ്, യാക്കൂബ് മേമന്‍ എന്നിവരുടെ വധശിക്ഷകള്‍ ‘ടെറര്‍’ എന്ന കാരണം പറഞ്ഞുതന്നെയായിരുന്നു. സുപ്രീംകോടതിയും ലോ കമ്മീഷനും ചൂണ്ടിക്കാണിച്ചിട്ടുള്ള, മുകളില്‍ പറഞ്ഞ പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടവ മുഴുവന്‍ ബാധകമായ കേസുകളാണ് ഇവ മൂന്നും. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍, സമൂഹത്തിന്റെ ആവശ്യം എന്ന നിലയില്‍ വധശിക്ഷ നല്‍കപ്പെട്ടവര്‍, കുറ്റം തെളിയിക്കപ്പെടാതെ ശിക്ഷിക്കപ്പെട്ടവര്‍, നിയമപരമായ പരിരക്ഷകള്‍ മുഴുവനായി ലഭിക്കാതെ വധശിക്ഷയെ നേരിടേണ്ടി വന്നവര്‍ എന്നിങ്ങനെ എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ലോ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ടോ, ആ കാരണങ്ങള്‍ എല്ലാം തന്നെ ബാധകമായിട്ടുള്ള കേസുകള്‍ ആണിവ. ടെറര്‍ എന്ന ഒരൊറ്റ കാരണം പറഞ്ഞു ഈ പറഞ്ഞ പ്രശ്നങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് വധശിക്ഷ നിലനിര്‍ത്താനും സ്റ്റേറ്റിന് അതിന്റെ താല്പര്യങ്ങള്‍ പ്രയാസങ്ങള്‍ ഇല്ലാതെ കൊണ്ടുനടക്കാനും ഉതകുന്നതാണ് ഇപ്പോളത്തെ നിര്‍ദ്ദേശങ്ങള്‍. അതിനുപരിയായി ലോ കമ്മീഷനും സുപ്രീംകോടതിയും വധശിക്ഷ ടെറര്‍ ഇല്ലാതാക്കും എന്ന് വിശ്വസിക്കുന്നുമില്ല. തങ്ങളുടെ തന്നെ പഠനത്തിലൂടെ നടത്തിയ കണ്ടെത്തലുകളെ നിഷേധിക്കുന്ന ശുപാര്‍ശയാണ് ലോ കമ്മീഷന്‍ നടത്തിയിരിക്കുന്നത്.

ഭരണകൂടത്തിനെ വിമര്‍ശിക്കാനുള്ള അവകാശവും നിരോധിത സംഘടനകളുടെ വരെ ആശയങ്ങള്‍ വിശ്വസിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനുമുളള അവകാശവും സമീപകാല വിധികളില്‍ സുപ്രീംകോടതി തന്നെ ഉറപ്പു നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ ഭരണകൂടം ഇത്തരം സംഘടനകളെയും പ്രവര്‍ത്തകരെയും വിമര്‍ശനങ്ങളേയും ഇല്ലായ്മ ചെയ്യാന്‍ അതിന്റെ എല്ലാ ഉപകരണങ്ങളെയും ഉപയോഗിക്കുന്നുണ്ട്. നിയമത്തിന്റെ ഇടപെടല്‍ പോലുമില്ലാതെ അധികാരം ഉപയോഗിച്ച് കൊന്നുകളയുന്നുണ്ട്. ബാക്കി വരുന്ന, സ്റ്റേറ്റിന് തങ്ങളുടെ അധികാരമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാന്‍ സാധിക്കാതെ പോവുന്ന വിമര്‍ശനങ്ങളേയും നിയമപരമായി തന്നെ ഇല്ലാതാക്കാനാണ് ഇപ്പോളത്തെ നിര്‍ദ്ദേശങ്ങള്‍ ഉപയോഗപ്പെടുക.

തങ്ങളുടെ എല്ലാ താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ സാധാരണ മനുഷ്യ പ്രവര്‍ത്തികള്‍ പോലും കുറ്റകൃത്യങ്ങളായും ഭീകരപ്രവര്‍ത്തനങ്ങളായും നിര്‍വ്വചിക്കുന്ന കരിനിയമങ്ങള്‍ പടച്ചുവിടുന്ന ഭരണകൂടങ്ങള്‍ക്ക് ടെറര്‍ എന്നതിന്റെ നിര്‍വ്വചനം എവിടെവരെയും വലിച്ചു നീട്ടാന്‍ പ്രയാസമൊന്നുമില്ല. വര്‍ഷങ്ങള്‍ തുടര്‍ച്ചയായി വധശിക്ഷകള്‍ നടപ്പിലാക്കാതെ കഴിഞ്ഞ അപ്രഖ്യാപിത മോറൊട്ടോറിയം തകര്‍ത്തുകൊണ്ടാണ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും മൂന്നു വധശിക്ഷകള്‍ നടപ്പിലാക്കിയത്. ലോകമറിയാതെ, നടപടിക്രമങ്ങള്‍ പാലിക്കാതെ രഹസ്യമായി നടത്തിയ രണ്ടു വധശിക്ഷകള്‍ അടക്കം. അതുകൊണ്ടുതന്നെ ലോ കമ്മീഷന്‍ ശുപാര്‍ശചെയ്യുന്ന മോറൊട്ടോറിയം ഇന്ത്യയെ വധശിക്ഷാ മുക്തമായ രാജ്യമാക്കുമെന്നു ഒരുറപ്പും തരുന്നില്ല. അഴിമതിയും ജനങ്ങള്‍ക്കിടയില്‍ വിഘടനം സൃഷ്ടിക്കുന്ന രാഷ്ട്രീയവും കൊണ്ടുനടക്കുന്ന ഭരണകൂടങ്ങളോടുള്ള വിമര്‍ശനങ്ങളെ നേരിടുവാനാണ് വധശിക്ഷയെ സ്റ്റേറ്റ് ഉപയോഗിക്കുക എന്നതുകൊണ്ടുതന്നെ സ്റ്റേറ്റിന്റെ താല്‍പര്യങ്ങളുമായി നേരിട്ടിടപെടാത്ത കുറ്റകൃത്യങ്ങള്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടുന്നു എന്നത് മാത്രം ഒരാശ്വാസമാവുന്നുമില്ല.

സുപ്രീംകോടതിയുടെയും ലോ കമ്മീഷന്റെയും നിരീക്ഷണങ്ങള്‍ കൃത്യമായിരിക്കുമ്പോള്‍ തന്നെ വധശിക്ഷയുടെ കാര്യത്തില്‍ തങ്ങളുടെ തന്നെ ഭാഗത്ത് വരുത്താവുന്ന തിരുത്തുകളെക്കുറിച്ചും ഈ സ്ഥാപനങ്ങള്‍ ചിന്തിക്കേണ്ടതില്ലേ? പൊതു മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വധശിക്ഷ വിധിച്ചിട്ടുള്ളത് കീഴ്ക്കോടതികള്‍ മാത്രമല്ല. ആത്യന്തികമായി എല്ലാ വധശിക്ഷകളും സുപ്രീംകോടതിയുടെ റിവ്യൂവില്‍ വരും എന്നുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ സുപ്രീംകോടതി തയ്യാറാവേണ്ടതുണ്ട്. ജഡ്ജുമാരുടെ നിയമനങ്ങളില്‍ പോലും രാഷ്ട്രീയം ഇടപെടുന്ന കാവിക്കാലത്ത് കൂടുതല്‍ ജാഗ്രത ആവശ്യമുണ്ട്. തങ്ങളുടെ കണ്ടെത്തലുകള്‍ സമീപകാല വധശിക്ഷകളില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് ലോ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ കാണിക്കുന്നില്ല എന്നാണു മനസ്സിലാവുന്നത്. വധശിക്ഷയെക്കുറിച്ച് സമീപകാലത്ത് നടന്ന എല്ലാ പ്രധാന ചര്‍ച്ചകളും തങ്ങളുടെ പഠനത്തിനായി ലോ കമ്മീഷന്‍ ഉപയോഗപ്പെടുത്തിയതായും തോന്നുന്നില്ല. രാജ്യത്തിനകത്തും പുറത്തും വധശിക്ഷയെക്കുറിച്ചും ശിക്ഷകളെക്കുറിച്ച് പൊതുവെയും നടക്കുന്ന സൈദ്ധാന്തിക ചര്‍ച്ചകളും പഠനങ്ങളും, സാമൂഹികപ്രതിബദ്ധതയുള്ള നിയമ വിദഗ്ധരുടെയും, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങളുമൊക്കെ ഈ കാര്യത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. കൂടുതല്‍ ആത്മാര്‍ഥമായ പഠനത്തിനു നിര്‍ബന്ധിക്കുന്ന, വധശിക്ഷ പൂര്‍ണ്ണമായും നിരോധിക്കുന്ന നിലപാടിനു നിര്‍ബന്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതുകൊണ്ടുതന്നെ ഇനിയും തുടരേണ്ടതുണ്ട്.

Leave a Reply